Loading ...

Home Kerala

പട്ടയഭൂമിയില്‍ കൃഷിയും വീടും മാത്രം ഇടുക്കി പ്രക്ഷോഭത്തിലേക്ക്

തൊടുപുഴ: സര്‍വകക്ഷി തീരുമാനം അട്ടിമറിച്ച​ സര്‍ക്കാര്‍ നടപടി ഭൂപ്രശ്​നങ്ങളില്‍ ഉഴലുന്ന ഇടുക്കിക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമായി. വാണിജ്യ ആവശ്യങ്ങള്‍ക്കുകൂടി പട്ടയഭൂമി ഉപയോഗിക്കാന്‍ കഴിയുംവിധം 1964ലെ കേരള ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നത്​ സര്‍ക്കാര്‍ മരവിപ്പിച്ചതാണ്​ പുതിയ പ്രതിസന്ധി.ഭൂമി പതിച്ചുനല്‍കിയത്​ എന്ത്​ ആവശ്യത്തിലേക്കെന്ന്​ വ്യക്തമായി രേഖപ്പെടുത്തി മാത്രമേ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്​ അനുവദിക്കാവൂവെന്ന നിലവിലെ ഉത്തരവ്​ കര്‍ശനമായി പാലിക്കണമെന്ന്​​ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കലക്​ടര്‍മാരോട്​ നിര്‍ദേശിച്ചതാണ്​ കര്‍ഷകന്​ ഇരുട്ടടിയായത്​. നിയമം ഭേദഗതി ചെയ്യുന്നില്ലെന്ന്​ മാത്രമല്ല, നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുകയാണ്​ സര്‍ക്കാര്‍.

1964ലെ ഭൂപതിവ്ചട്ട പ്രകാരം വീടിനും കൃഷിക്കും മാത്രമേ പതിച്ചുകിട്ടിയ ഭൂമി ഉപയോഗിക്കാവൂ. ഈ നിയമം​ കര്‍ശനമായി പാലിക്കണമെന്ന്​ നിര്‍ദേശിച്ച്‌​ ഇറക്കിയ 2019 ആഗസ്​റ്റ്​ 22ലെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വീടും കൃഷിയും ഒഴികെ നിര്‍മിതികള്‍ മുഴുവന്‍ മുള്‍മുനയിലാകുകയായിരുന്നു.പട്ടയ വ്യവസ്ഥകളുടെ ലംഘനമില്ലെന്ന്​ ഉറപ്പാക്കി റവന്യൂ വകുപ്പില്‍നിന്ന്​ നിരാക്ഷേപ പത്രം ലഭ്യമാക്കി മാത്രമേ ഇപ്പോള്‍ കൈവശഭൂമി ഉപയോഗം സാധ്യമാകൂ. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിനെത്തുടര്‍ന്ന്​ ഇടുക്കിയില്‍ മാസങ്ങളായി തുടരുന്ന നിര്‍മാണ സ്​തംഭനം കണക്കിലെടുത്ത്​ സര്‍വകക്ഷി ആവശ്യം പരിഗണിച്ചായിരുന്നു മുഖ്യമന്ത്രി ഇടപെട്ട്​ ചട്ടഭേദഗതി നീക്കം.

കഴിഞ്ഞ ഡിസംബര്‍ 18ന്​ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ്​ ഭേദഗതിക്ക്​ ധാരണ. ഇതിന്​ പിന്നാലെയാണ്​ ഇടുക്കിക്ക്​ മാത്രം ബാധകമാക്കിയ നിര്‍മാണ നിയന്ത്രണം സംസ്ഥാനത്താകെ നടപ്പാക്കണമെന്ന്​ ജൂലൈ 29ന്​ ഹൈകോടതി ഉത്തരവിട്ടത്​.കോടതിവിധിയോടെ ഭേദഗതി അടിയന്തരമായി കൊണ്ടുവരേണ്ട സാഹചര്യം സംജാതമാക്കി. രാഷ്​ട്രീയ തിരിച്ചടി ഭയന്ന്​ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമെടുത്ത നിലപാടില്‍നിന്ന്​ പിന്നാക്കം പോകലാണ്​ കലക്​ടര്‍മാര്‍ കഴിഞ്ഞ 12ന്​ പുറപ്പെടുവിച്ച സര്‍ക്കുലര്‍.


Related News