Loading ...

Home National

ഡല്‍ഹിയില്‍നിന്ന് ലണ്ടനിലേക്ക് ബസ് സര്‍വീസ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടിലേക്ക് ബസ് സര്‍വീസ് പ്രഖ്യാപിച്ച്‌ ഗുര്‍ഗ്രാമില്‍നിന്നുള്ള സ്വകാര്യ ടൂര്‍ ഓപ്പറേറ്റിങ് കമ്ബനി. രാജ്യതലസ്ഥനങ്ങളായ ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്. 20000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ലണ്ടന്‍ ബസ് സര്‍വീസ് 18 രാജ്യങ്ങളിലൂടെ കടന്നുപോകും. 70 ദിവസത്തോളം നീളുന്ന യാത്രയാണിത്.

ഓഗസ്റ്റ് 15 ന് അഡ്വഞ്ചേഴ്സ് ഓവര്‍ലാന്റ് എന്ന സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്സാണ് ഡല്‍ഹിക്കും ലണ്ടനും ഇടയില്‍ ആദ്യമായി ഹോപ്-ഓണ്‍ / ഹോപ്പ്-ഓഫ് ബസ് സര്‍വീസ്" പ്രഖ്യാപിച്ചത്. "ബസ് ടു ലണ്ടന്‍" എന്ന പേരിലാണ് സര്‍വീസ്. മ്യാന്‍മര്‍, തായ്ലന്‍ഡ്, ലാവോസ്, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, റഷ്യ, ലാറ്റ്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, നെതര്‍ലാന്റ്സ്, ബെല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഈ ബസ് സര്‍വീസ് കടന്നുപോകുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളാണ് യാത്രക്കാര്‍ക്കായി സജ്ജമാക്കുക. 20 യാത്രക്കാര്‍ക്ക് പുറമെ ഡ്രൈവര്‍, അസിസ്റ്റന്റ് ഡ്രൈവര്‍, ഗൈഡ്, സഹായി എന്നിവരുമുണ്ടാകും. യാത്രയ്ക്കിടെ കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്കായി ഗൈഡ് പങ്കുവെയ്ക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവേശിപ്പിക്കുമ്ബോഴുള്ള യാത്രക്കാരുടെ വിസ സംബന്ധിച്ച കാര്യങ്ങള്‍ ടൂര്‍ ഓപ്പറേറ്റിങ് കമ്ബനി കൈകാര്യം ചെയ്യും. യാത്രയെ നാല് വിഭാഗങ്ങളായി തിരിക്കും, യാത്രക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ച്‌ വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയും.

അതേസമയം ഈ യാത്രയ്ക്കായി പ്രത്യേക പാക്കേജ് അനുസരിച്ച്‌ പണം നല്‍കേണ്ടിവരും. ഡല്‍ഹിയില്‍നിന്ന് ലണ്ടന്‍ വരെയുള്ള യാത്രയ്ക്ക് 15 ലക്ഷം രൂപയായിരിക്കും ഒരു യാത്രക്കാരന് ചെലവാകുക. അഡ്വഞ്ചേഴ്സ് ഓവര്‍ലാന്റ് എന്ന സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്സ് ഉടകളും യാത്രാപ്രേമികളുമായ തുഷാര്‍ അഗര്‍വാളും സഞ്ജയ് മദനും 2017, 2018, 2019 വര്‍ഷങ്ങളില്‍ ലണ്ടനിലേക്ക് റോഡ് യാത്ര നടത്തിയിരുന്നു. അതിനുപിന്നാലെയാണ് ഡല്‍ഹി-ലണ്ടന്‍ ബസ് യാത്ര എന്ന ആശയവുമായി ഇവര്‍ രംഗത്തെത്തിയത്. 'യാത്രയില്‍‌ താല്‍‌പ്പര്യമുള്ള ധാരാളം ആളുകള്‍‌ ലണ്ടനിലേക്കുള്ള റോഡ് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചതിന് ശേഷമാണ് ഞങ്ങള്‍ ഈ യാത്ര ആസൂത്രണം ചെയ്തത്. ഓഗസ്റ്റ് 15 നാണ് ഇത് പ്രഖ്യാപിച്ചത്, ഇന്ത്യയില്‍നിന്നു ലണ്ടനിലേക്കുള്ള ആദ്യത്തെ ബസ് ആയിരിക്കും ഇത് എന്ന് ഞങ്ങള്‍‌ പ്രതീക്ഷിക്കുന്നു. കൊറോണ വൈറസ് വ്യാപനം കാരണം ഞങ്ങള്‍ രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളിലെയും കൊറോണ വൈറസ് സ്റ്റാറ്റസ് എടുത്ത ശേഷമായിരിക്കും രജിസ്ട്രേഷന്‍ ആരംഭിക്കുക.

70 ദിവസത്തെ യാത്രയില്‍ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 4 സ്റ്റാര്‍ അല്ലെങ്കില്‍ 5 സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും യാത്രക്കാര്‍ക്ക് എല്ലാ രാജ്യങ്ങളിലും ഇന്ത്യന്‍ ഭക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related News