Loading ...

Home peace

മനുഷ്യനില്‍ അപ്രത്യക്ഷമായ ദൈവികതയുടെ മഹത്വം by ഫാ. പോള്‍ തേലക്കാട്ട്

ഭരതമുനി നാട്യശാസ്ത്രത്തില്‍ നാട്യവേദം എന്ന അഞ്ചാം വേദത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ജീവിതനാടകത്തെ വ്യാഖ്യാനിക്കുന്ന നാടകകലാരൂപമാണ് ഇവിടെ സൂചിതം. യേശുക്രിസ്തുവിന്‍െറ ജന്മത്തെ സ്വിസ് ദൈവശാസ്ത്രജ്ഞനായ ബല്‍ത്താസര്‍ ‘ദൈവനടനം’ (Theodrama) എന്നു വിശേഷിപ്പിച്ചു. ദൈവികത ഭൂമിയില്‍ നാടകമായി സംഭവിച്ചതാണ് ക്രിസ്തുവിന്‍െറ ജന്മം എന്നാണ് അദ്ദേഹം അര്‍ഥമാക്കിയത്. എന്നാല്‍, ഡിസംബര്‍ 25 ക്രിസ്തുവിന്‍െറ ജന്മദിനമായി പ്രഖ്യാപിച്ചത് ഒരു രാഷ്ട്രീയ നടപടിയായിരുന്നു. റോമ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്‍ൈറന്‍ ക്രിസ്തുമതം സ്വീകരിക്കുകയും സാമ്രാജ്യത്തിന്‍െറ ഒൗദ്യോഗിക മതമാക്കുകയും ചെയ്തപ്പോള്‍ സാമ്രാജ്യത്തിന്‍െറ ദൈവമായിരുന്ന സൂര്യദേവന്‍െറ പിറന്നാള്‍ദിനത്തെ ക്രിസ്തുവിന്‍െറ ജന്മദിനമാക്കി.

യേശുവിന്‍െറ ജന്മംകൊണ്ട് അര്‍ഥമാക്കിയതിന്‍െറ നിഷേധമായി ഈ സൂര്യദേവ പ്രതിഷ്ഠയെ കാണുന്നവരുമുണ്ട്. കാരണം, സൂര്യദേവന്‍െറ കത്തിജ്ജ്വലിക്കുന്ന ആധിപത്യപ്രഭയുടെ വഴിയായിരുന്നില്ല യേശുവിന്‍േറത്. അവിടെയാണ് യേശുവില്‍ സംഭവിച്ച ദൈവനടനത്തിന്‍െറ തനിമയുടെ സവിശേഷത ബല്‍ത്താസര്‍ ചൂണ്ടിക്കാണിക്കുന്നത്.ക്രിസ്തുവിന്‍െറ ജന്മത്തിലെ ദൈവസംഭവം, ദൈവികത മാംസത്തില്‍ അപ്രത്യക്ഷമാകുന്നതും മനുഷ്യനെ ദൈവികതയിലേക്ക് ഉയര്‍ത്തുന്നതുമായിരുന്നു. സെന്‍റ് പോള്‍ യേശു സംഭവത്തെ വ്യാഖ്യാനിച്ചെഴുതിയത് ശ്രദ്ധിക്കുക: ‘‘അവന്‍ ദൈവത്തിന്‍െറ രൂപത്തിലായിരുന്നിട്ടും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നത്തന്നെ ശൂന്യനാക്കി ദാസന്‍െറ രൂപം സ്വീകരിച്ചു മനുഷ്യന്‍െറ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു.

ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണത്തോളം അതേ കുരിശുമരണത്തോളം അനുസരണമുള്ളവനായി തന്നത്തന്നെ താഴ്ത്തി’’ (ഫിലിപ്പി 2:6-8).
ഈ ശൂന്യമാക്കല്‍, ദൈവികത അഴിച്ചുമാറ്റി ദൈവം ഇല്ലാത്തവനെപ്പോലെ മനുഷ്യജീവിതത്തിന്‍െറ ഏറ്റവും ദുരിതപൂര്‍ണവും താഴ്ന്നതും അവഹേളനത്തിന്‍േറതുമായ അവസ്ഥ സ്വയം എടുത്തണിഞ്ഞ ദൈവനടനം ആര്‍ക്കും പ്രതീക്ഷിക്കാന്‍പോലും സാധ്യമല്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ മതത്തിന്‍െറ ദൈവാവകാശികള്‍ അവനെ തിരിച്ചറിഞ്ഞില്ല. അവരുടെ കണ്ണുകള്‍ അവര്‍ സങ്കല്‍പിച്ച ദൈവികതയില്‍ അന്ധമായിപ്പോയി. ഈ കാര്യമാണ് യേശുവിന്‍െറ സുവിശേഷമെഴുതിയവര്‍ പലവിധത്തില്‍ നമ്മോടു പറയുന്നത്.

മാത്യുവിന്‍െറ സുവിശേഷപ്രകാരം യേശു അബ്രാഹത്തിന്‍െറ വംശപരമ്പരയില്‍ ജനിച്ച യഹൂദനായിരുന്നു. യഹൂദരുടെ വേദം പ്രവചിച്ചതും യഹൂദജനം നൂറ്റാണ്ടു കാത്തുകഴിഞ്ഞതുമായ അവരുടെ രക്ഷകന്‍ അഥവാ മിശിഹ ജനിച്ചപ്പോള്‍ ആ വേദം വായിച്ചവര്‍ക്ക് അതു തിരിച്ചറിയാനാവാത്തവിധം ദൈവനിരാസത്തിന്‍േറതായിരുന്നു. പക്ഷേ, വാനം വായിച്ച് കിഴക്കുനിന്നു വന്ന ‘വിജ്ഞാനികള്‍’ അവനെ തിരിച്ചറിയുന്നു. എന്തുകൊണ്ട്? മാത്യുവിന്‍െറ തന്നെ സുവിശേഷത്തില്‍ പറയുന്ന യേശുവിന്‍െറ മലയിലെ പ്രസംഗത്തില്‍ യേശു പറഞ്ഞത് ഓര്‍മിക്കുക: ‘‘ഹൃദയവിശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും’’ (5:8). ദര്‍ശനമുണ്ടായവര്‍ ആ വിവരം ഹേറോദേശ് രാജാവിനോടു പറഞ്ഞിട്ടുപോലും അദ്ദേഹമോ അദ്ദേഹത്തിന്‍െറ വേദപണ്ഡിതരോ ആ വിജ്ഞാനം സ്വീകരിക്കാന്‍ കണ്ണുതുറന്നില്ല. മാത്രമല്ല ആ യഹൂദരാജാവ് പിറന്നവനെ തന്‍െറ അധികാരത്തിനു ഭീഷണിയായി കാണുകയും അവനെ വേട്ടയാടുകയും ചെയ്തു.

യഹൂദരുടെ രക്ഷകനായി പിറന്നവന്‍ യഹൂദരുടെ നാട്ടില്‍നിന്ന് ഒളിച്ചോടേണ്ടിവന്നു.ലൂക്കാ സുവിശേഷകന്‍ യേശുവിനെ ഒരു വംശത്തിന്‍െറ രക്ഷകനായല്ല, മാനവവംശത്തിന്‍െറ മുഴുവന്‍ രക്ഷകനായാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് യേശുവിന്‍െറ വംശാവലി ലൂക്കായില്‍ ആദത്തില്‍ ആരംഭിക്കുന്നു. മാത്രമല്ല, യഹൂദ സമൂഹത്തില്‍ ജനിക്കാന്‍പോലും ഒരിടം അവനു കിട്ടിയില്ല എന്നു എടുത്തുപറയുന്നു. സത്രത്തില്‍ സ്ഥലംകിട്ടാതെ അവന്‍ പിറന്നത് ഇടയന്മാരുടെ മൃഗങ്ങള്‍ക്കൊപ്പമായിരുന്നു. ‘പിള്ളക്കച്ചകളില്‍ പൊതിഞ്ഞ് അവനെ പുല്‍ക്കൂട്ടില്‍ കിടത്തി’ എന്ന് സുവിശേഷകന്‍ എഴുതി. ലൂക്കായുടെ സുവിശേഷത്തില്‍ അവനെ തിരിച്ചറിഞ്ഞതു മതമണ്ഡലത്തിലെയോ ആത്മീയ വേദിയിലെയോ ആരുമായിരുന്നില്ളെന്നും ആട്ടിടയന്മാരായിരുന്നുവെന്നും സാക്ഷിക്കുന്നു.

പരിഷ്കൃത ലോകത്തിന്‍െറ മാന്യവേദികള്‍ക്കപ്പുറത്ത് അന്തസ്സിന്‍െറയും ആഭിജാത്യത്തിന്‍െറ വേലിപ്പുറമുള്ളവരാണ് അവനെ തിരിച്ചറിഞ്ഞത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഇടയില്‍ എളിയവനായി അവന്‍ ദൈവത്തിന്‍െറ നടനമാരംഭിച്ചു. മാലാഖമാരുടെ കീര്‍ത്തനാലാപം ആട്ടിടയര്‍ക്കാണ് ലഭിച്ചത്. à´† കീര്‍ത്തനത്തില്‍ അത്യുന്നതന്‍െറ മഹത്ത്വകീര്‍ത്തനം മനുഷ്യന്‍െറ സമാധാനമായി സന്ധിച്ച് ഒന്നാകുന്നു. അഥവാ സമാധാന സ്ഥാപനമാണ് ദൈവകീര്‍ത്തനം എന്നു സാരം.ലൂക്കാ സുവിശേഷകന്‍, അസാധ്യമായതു സാധ്യമാക്കുന്ന ദൈവിക ഇടപെടലിലൂടെ രണ്ടു ശിശുക്കള്‍ക്കു ജന്മം നല്‍കുന്ന വിവരണമാണ്  നല്‍കുന്നത്. കന്യകയും വന്ധ്യയും ഗര്‍ഭം ധരിക്കുന്നത്. അങ്ങനെയാണ് യേശുവിന്‍െറ അമ്മയെയും സ്നാപകയോഹന്നാന്‍െറ അമ്മയെയും ലൂക്കാ അവതരിപ്പിക്കുന്നത്.


സ്ത്രീക്കു മാത്രം സഹജമായ മാതൃത്വത്തിന്‍െറ ഉന്മാദത്തില്‍ രണ്ടുപേരും ദൈവത്തിനു കീര്‍ത്തനമാലപിക്കുന്നു. ജന്മത്തിന്‍െറ മുറിവ് വഹിക്കുന്ന അമ്മമാര്‍ അവരുടെ നിശ്ശബ്ദതയില്‍ മാംസത്തിലെ മക്കളെ മാത്രമല്ല ലോകത്തിനു നല്‍കിയത്. അവര്‍ പ്രസവിച്ചത് അര്‍ഥപ്രസക്തികളുടെ മൂല്യമൂര്‍ത്തികളെയാണ്. അതിഭൗതികത സ്ത്രീയില്‍ അന്തര്യാമിയായി മാംസമെടുക്കുന്നു. മനുഷ്യസംസ്കാരത്തിന്‍െറ വേലിപ്പുറത്തു പിറന്നവനെ തിരിച്ചറിയുന്നതു നീതിബോധത്തിന്‍െറ ശുദ്ധഹൃദയവാഹികളായ ശിമയോനും അന്നയും എന്നീ വൃദ്ധരാണ്. അവര്‍ അവനെ ഇടര്‍ച്ചയുടെ അടയാളമായും അവന്‍െറ അമ്മയുടെ ജീവിതം വിലാപത്തിന്‍െറയും ഭീകരാനുഭവങ്ങളുടേതുമായും പ്രവചിക്കുന്നു. അവനു വഴിയൊരുക്കാന്‍ വന്ന സ്നാപകന്‍െറ ജന്മത്തില്‍ അയല്‍ക്കാര്‍ക്ക് ഭയമുണ്ടായി എന്നും സുവിശേഷകന്‍ പറയുന്നു. അവന്‍െറമേല്‍ ദൈവകരം ഉണ്ടായതാണ് ഭയത്തിനു കാരണം.

ദൈവത്തിന്‍െറ വിജയപ്രതാപങ്ങളുടെ എന്നതിനെക്കാള്‍ ഭീകരതയുടെയും ഭയത്തിന്‍േറതുമായി മാറുന്നു. സ്നാപകന് ദൈവപ്രസാദം തലപോകാന്‍ ഇടയാക്കിയല്ളോ!
യോഹന്നാന്‍ എഴുതിയ യേശുവിന്‍െറ ദൈവനടനത്തില്‍ യേശുവിന്‍െറ ജന്മം തീര്‍ത്തും അമൂര്‍ത്തമായ വിധത്തിലാണ് നല്‍കുന്നത്. ‘ആദിയില്‍ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടുകൂടിയായിരുന്നു... വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു. അവന്‍െറ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു’. ഇതിനര്‍ഥം യേശുവാണ് ദൈവത്തിന്‍െറ ഭാഷണം - ഭാഷ എന്നത്രേ.

ദൈവത്തിന്‍െറ വെളിപാട് യേശുവില്‍ മാംസം ധരിച്ചു. ദൈവം മനുഷ്യന്‍െറ മജ്ജയിലും മാംസത്തിലും ആഴ്ന്നിറങ്ങി അപ്രത്യക്ഷമായി. ദൈവത്തിന്‍െറ മഹത്ത്വം അവന്‍െറ മാംസത്തില്‍, അവന്‍െറ ജീവിതത്തില്‍ വെളിവായി. അവന്‍െറ മാംസത്തില്‍-അവന്‍െറ ശരീരത്തിലും അതിന്‍െറ നടപടികളിലും ദൈവത്തിന്‍െറ വചനം വായിച്ചെടുക്കാം. അവനാണ് ദൈവത്തിന്‍െറ പുസ്തകം, ആ പുസ്തകത്തിന്‍െറ കഥനം വായിക്കുന്നവന്‍ ദൈവികത ഉത്തരവാദിത്തമായി വായിച്ചെടുക്കുന്നു.യേശുവിന്‍െറ ജന്മം മനുഷ്യമഹത്ത്വത്തിന്‍െറ അവതാരമാണ്. ഏറ്റവും താഴ്ന്നതും പീഡിതവും അപമാനിതവുമായ മനുഷ്യത്വവും ദൈവത്തിന്‍െറ നടനമഹത്ത്വത്തിന്‍േറതായി മാറി. യേശുവില്‍ നടന്നതു ലോകത്തിലെ ഒരു വിജയവുമല്ല, സ്നേഹത്തിന്‍െറ വിജയം മാത്രമാണ് -അതാണ് ദൈവികതയുടെ നടനരഹസ്യം. പേടിപ്പെടുത്തുന്ന ശബ്ദതാണ്ഡവത്തിലല്ല അതു വെളിപ്പെട്ടത്, ശാന്തവും സുന്ദരവുമായ മൃദുഭാഷണ

ത്തിലാണ്. അത് അക്രമത്തിന്‍െറ മൃഗീയമായ സൂര്യതാപത്തിന്‍െറയല്ല, പ്രതിരോധമില്ലാത്ത സ്നേഹത്തിലും വേദനിപ്പിക്കുന്ന അനുസരണത്തിലുമായിരുന്നു. അധികാരത്തിന്‍െറ, ആധിപത്യത്തിന്‍െറ ഇടിച്ചുനിരത്തുന്ന ശക്തിപ്രതാപങ്ങളിലല്ല അത് ആവിഷ്കൃതമായത്. സകല ശക്തിപ്രതാപങ്ങളും അഴിച്ചുമാറ്റി അന്തര്യാമിയായി ശിക്ഷപേറി നടക്കുന്ന പീഡനവഴിയിലാണ് ദൈവികത അവതരിച്ചത്. ദൈവത്തിന്‍െറ നടനവഴി യേശുവിന്‍െറ ദു$ഖവെള്ളിയിലൂടെ കടന്നുപോകുന്നു. അതാണ് മനുഷ്യമാംസത്തിന് ദൈവികത നല്‍കിയത്.ശിശുവാകാതെ ദൈവത്തെ കാണാനും അതില്‍ അതിശയിക്കാനും കഴിയില്ല. മനുഷ്യന്‍െറ മഹത്ത്വവഴി അവന്‍ കാണിക്കുന്നു. സഹന അപമാനങ്ങളെയും താഴ്ന്നവന്‍െറ അവശതകളെയും ഏറ്റവും എളിയ ജീവിതത്തിന്‍െറയും സൗന്ദര്യമായി അതു ചരിത്രത്തില്‍ പ്രകാശിതമായി. ഒരു ഇന്ദ്രജാല പ്രകടനവുമില്ലാത്ത ഐശ്വര്യത്തിന്‍െറ മാനവികത ദൈവത്തിന്‍െറ വഴിയായി മാറി. എളിയ വഴിയില്‍ വിനീതന്‍െറ ലളിതജീവിതത്തില്‍ മഹത്ത്വം കാണാന്‍ മനുഷ്യന്‍ കണ്ണുതുറക്കണം.(‘സത്യദീപം’ മുഖ്യപത്രാധിപരാണ് ലേഖകന്‍)

Related News