Loading ...

Home Business

ആത്മനിര്‍ഭര്‍ പാക്കേജ്: എം.എസ്.എം.ഇ വായ്‌പ ഒരുലക്ഷം കോടി കടന്നു

ന്യൂഡല്‍ഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ എം.എസ്.എം.ഇകള്‍ക്കായി പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ പാക്കേജിലുള്‍പ്പെടുത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പ്രത്യേക വായ്‌പയുടെ വിതരണം ഒരുലക്ഷം കോടി രൂപ കടന്നു. 23.4 ലക്ഷം സംരംഭകര്‍ക്കായി പൊതു-സ്വകാര്യ ബാങ്കുകള്‍ ചേര്‍ന്ന് 1.02 ലക്ഷം കോടി രൂപയാണ് ഇതിനകം വിതരണം ചെയ്‌തതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

56,483 കോടി രൂപ പൊതുമേഖലാ ബാങ്കുകളും 45,762 കോടി രൂപ സ്വകാര്യ ബാങ്കുകളാണ് വിതരണം ചെയ്‌തത്. 17,095 കോടി രൂപയുടെ വായ്‌പ നല്‍കി എസ്.ബി.ഐയാണ് മുന്നിലുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 7,197 കോടി രൂപയും കനറാ ബാങ്ക് 6,556 കോടി രൂപയും വായ്‌പ നല്‍കി യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എസ്.ബി.ഐ 2.99 ലക്ഷം പേര്‍ക്കും പഞ്ചാബ് നാഷണല്‍ ബാങ്ക് 1.73 ലക്ഷം പേര്‍ക്കും കനറാ ബാങ്ക് 3.84 ലക്ഷം പേര്‍ക്കുമാണ് വായ്പ നല്‍കിയത്.

മുന്നില്‍ മഹാരാഷ്‌ട്ര

1.66 ലക്ഷം സംരംഭകര്‍ മൊത്തം 6,007 കോടി രൂപ വായ്‌പ നേടിയ മഹാരാഷ്‌ട്രയാണ് ആത്മനിര്‍ഭര്‍ വായ്‌പാ പദ്ധതിയില്‍ മുന്നിലുള്ളത്. തമിഴ്നാട്ടിലെ 2.26 ലക്ഷം പേര്‍ ചേര്‍ന്ന് 5,694 കോടി രൂപയും ഉത്തര്‍പ്രദേശിലെ 2.28 ലക്ഷം പേര്‍ ചേര്‍ന്ന് 5,554 കോടി രൂപയും നേടി.

ആശ്വാസ വായ്പ

നാഷണല്‍ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്ബനിയാണ് (എന്‍.സി.ജി.ടി.സി) ബാങ്കുകള്‍, എന്‍.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി" സ്‌കീം (ഇ.സി.എല്‍.ജി.എസ്) എന്ന പ്രത്യേക എം.എസ്.എം.ഇ വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നിലവില്‍ ഒരു ബാങ്കിലോ വിവിധ ധനകാര്യ സ്ഥാപനങ്ങളിലോ ആയി 2020 ഫെബ്രുവരി 29നകം പരമാവധി 25 കോടി രൂപയുടെ വായ്‌പാത്തിരിച്ചടവ് ബാക്കിയുള്ളവരും 2019-20 പ്രകാരം 100 കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ളവരുമാണ് യോഗ്യര്‍. വ്യക്തിഗത വായ്പ ഇതിന് പരിഗണിക്കില്ല. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക.

ഇവര്‍ക്ക് നേടാം

പ്രൊപ്രൈറ്റര്‍ഷിപ്പ്, പാര്‍ട്‌ണര്‍ഷിപ്പ്, രജിസ്‌റ്റര്‍ ചെയ്‌ത കമ്ബനികള്‍, ട്രസ്‌റ്റുകള്‍, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌ണര്‍ഷിപ്പുകള്‍ (എല്‍.എല്‍.പി) എന്നിവയ്ക്ക് വായ്‌പ നേടാം. വായ്‌പ തേടുന്ന സംരംഭം ജി.എസ്.ടിയില്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കണം. അല്ലെങ്കില്‍, ജി.എസ്.ടി ബാധകമല്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാകണം. 60 ദിവസത്തിനുമേല്‍ വായ്‌പാ കുടിശികയുള്ളവര്‍ക്ക് പദ്ധതി പ്രകാരം വായ്പ കിട്ടില്ല.

തിരിച്ചടവിന് 4 വര്‍ഷം

നിലവിലെ വായ്പാ ബാദ്ധ്യതയുടെ 20 ശതമാനം തുകയാണ് ഇ.സി.എല്‍.ജി.എസ് വഴി സംരംഭകന് ലഭിക്കുക. നിലവില്‍ ഒരു കോടി രൂപയുടെ വായ്‌പാ ബാദ്ധ്യതയുണ്ടെങ്കില്‍ 20 ലക്ഷം രൂപ കിട്ടും. നാലുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. മുതല്‍ തിരിച്ചടയ്ക്കാന്‍ ആദ്യ ഒരുവര്‍ഷം മോറട്ടോറിയം ലഭിക്കുമെങ്കിലും ഇക്കാലയളവിലെ പലിശ ഈടാക്കും. ഈവര്‍ഷം ഒക്‌ടോബര്‍ 31വരെയാണ് വായ്‌പാ വിതരണം.

9.25%

ഈടുരഹിത വായ്‌പയിന്മേല്‍ ബാങ്കുകള്‍ക്ക് ഈടാക്കാവുന്നത് പരമാവധി 9.25 ശതമാനം പലിശയാണ്. എന്‍.ബി.എഫ്.സികള്‍ക്ക് 14 ശതമാനം.

Related News