Loading ...

Home Kerala

തിരുവനന്തപുരം വിമാനത്താവളം;കേരളം നിയമയുദ്ധത്തിലേക്ക്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പിച്ച തീരുമാനത്തിനെതിരെ പൊരുതാനുറച്ചാണ് സംസ്ഥാന സര്‍ക്കാര്‍. കോടതിയില്‍ ചോദ്യം ചെയ്യും. കേസ് നിലനില്‍ക്കെ അദാനിയ്ക്ക് അനുകൂലമായി തീരുമാനമെടുത്തത് നിയമവിരുദ്ധമാണെന്ന വാദം കോടതിയില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തളളിയെങ്കിലും കേസ് തുടരാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. കൊവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്. ടെന്‍ഡറിന് അനുസരിച്ചുളള നടപടികള്‍ നിയമപരമായി കൈക്കൊളളുകയായിരുന്നുവെന്ന് കേന്ദ്രം വാദിക്കുമ്ബോള്‍ തീരുമാനം നിയമവിരുദ്ധമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ അദാനിക്കും കേന്ദ്രത്തിനുമെതിരായ പോരാട്ടം ഇനിയും എത്രത്തോളം കടുപ്പത്തില്‍ തുടരാനാകുമെന്ന ചോദ്യം നിലനില്‍ക്കുകയാണ്. പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഏകെ ആന്‍റണിയും മുല്ലപ്പളളി രാമചന്ദ്രനും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ പദ്ധതിയെ എതിര്‍ത്ത് രംഗത്ത് വന്നെങ്കിലും സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്ന നിലപാടാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്‍റേത്. വിമാനത്താവള സ്വകാര്യവല്‍ക്കരണ തര്‍ക്കങ്ങള്‍ ഇനിയും തുടരുമ്ബോള്‍ പദ്ധതിയെ കേന്ദ്രത്തിനെതിരായ രാഷ്ട്രീയവിഷയമാക്കി ഉയര്‍ത്തിക്കാട്ടാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

Related News