Loading ...

Home cinema

പൃഥ്വിരാജ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വിര്‍ച്വല്‍ സിനിമയില്‍ നായകന്‍

ചിങ്ങം ഒന്നിന് ഗംഭീര പ്രഖ്യാപനവുമായി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയില്‍ ഒരു സിനിമ ഒരുങ്ങുന്നു. സിനിമയുടെ മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രയിംസും ചേര്‍ന്നാണ് നിര്‍മ്മാണം.

ഗോകുല്‍ രാജ് ഭാസ്കര്‍ ആണ് ആശയവും സംവിധാനവും. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച്‌ മാറുന്ന സിനിമ എന്ന ആശയം മുന്‍നിര്‍ത്തിക്കൊണ്ടാണ് പൃഥ്വിരാജ് ഈ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയും അതേത്തുടര്‍ന്നുള്ള സിനിമാ മേഖലയിലെ അനിശ്ചിതാവസ്ഥയും മറികടന്നു കൊണ്ടുള്ള സിനിമാ നിര്‍മ്മാണം നേരിടുന്ന വെല്ലുവിളികള്‍ക്കിടയില്‍ ഈ നവീന ആശയവുമായി മുന്നോട്ടു വരികയാണ് പൃഥ്വിരാജ്. 3D സിനിമകള്‍ മലയാളികള്‍ക്ക് പരിചയമുണ്ടെങ്കിലും പൂര്‍ണ്ണമായും വിര്‍ച്വല്‍ രീതിയിലെ സിനിമ ഒരു നവീന ദൃശ്യാനുഭവമായിരിക്കും.മുന്‍പിറങ്ങിയ തന്റെ ചിത്രങ്ങളിലും പൃഥ്വിരാജ് സാങ്കേതിക തികവ് പലതരത്തില്‍ പരീക്ഷിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് 2019 ല്‍ റിലീസ് ചെയ്ത 'നയന്‍'. സയന്‍സ് ഫിക്ഷനും ഹൊറര്‍ ത്രില്ലറും ഇഴ ചേര്‍ന്ന പ്രമേയമാണ് ഈ സിനിമ അവതരിപ്പിച്ചത്. ചിത്രത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ പലതരത്തില്‍ സംയോജിപ്പിച്ചിട്ടുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച 'കാളിയന്‍' എന്ന ചിത്രവും ഒട്ടേറെ സാങ്കേതിക തികവ് ആവശ്യപ്പെടുന്ന ചിത്രമാണ്.

നിലവില്‍ 'ആടുജീവിതം' സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ശേഷം മലബാര്‍ കലാപത്തില്‍ പ്രധാനിയായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ആഷിഖ് അബുവാണ് ഈ സിനിമയുടെ സംവിധാനം.

Related News