Loading ...

Home Education

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല, നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവ നീട്ടിവെയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച്‌ കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. സെപ്റ്റംബറില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത് നീട്ടണമെന്ന് ആവശ്യപ്പെട്ട് 11 വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ കൊണ്ടാണ് സുപ്രീംകോടതി വിദ്യാര്‍ഥികളുടെ ഹര്‍ജി തളളിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ അവസാനം തീരുമാനിച്ചത്. എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുമെന്നും കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27ന് നടത്താനാണ് തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി മാറ്റിവെച്ച ശേഷമാണ് നീറ്റ്, ജെഇഇ പരീക്ഷകളുടെ തീയതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു. കോവിഡിന്റെ കാലത്ത് എല്ലാം അടച്ചിടാന്‍ സാധിക്കില്ല. ജീവിതം മുന്നോട്ടുപോകേണ്ടതുണ്ട്. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച്‌ കൊണ്ട് മുന്നോട്ടുപോകേണ്ടത് അനിവാര്യമാണ്. ഒരു വര്‍ഷം മുഴുവന്‍ കളയാന്‍ തയ്യാറാണോ എന്ന് വിദ്യാര്‍ഥികളോട് അരുണ്‍മിശ്ര ചോദിച്ചു.

Related News