Loading ...

Home meditation

പ്രാർഥനാനിറവിൽ ഡോ. കളത്തിപ്പറമ്പിൽ സ്‌ഥാനമേറ്റു

കൊച്ചി: പ്രാർഥനകളും ആശംസകളും ആഹ്ലാദാവേശവും നിറഞ്ഞ സായാഹ്നത്തിൽ വല്ലാർപാടത്തമ്മയുടെ തിരുമുറ്റത്തു വരാപ്പുഴയുടെ പുതിയ ഇടയനു സ്‌ഥാനാരോഹണം. മെത്രാന്മാരെയും വൈദികരെയും വിശ്വാസിസാഗരത്തെയും സാക്ഷിയാക്കി വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിയോഗമേറ്റു. വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്കയുടെ അങ്കണത്തിൽ പ്രത്യേക വേദിയിലായിരുന്നു സ്‌ഥാനാരോഹണ ശുശ്രൂഷകൾ. സ്‌ഥാനമൊഴിഞ്ഞ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു. 

ബസിലിക്കയിൽനിന്നു പ്രദക്ഷിണമായാണു മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും വേദിയിലേക്കെത്തിയത്. ആർച്ച്ബിഷപ് ഡോ. കല്ലറയ്ക്കൽ ആമുഖസന്ദേശത്തിനു ശേഷം, പുതിയ മെത്രാപ്പോലീത്തയുടെ നിയമന ഉത്തരവ് (ബ്യൂള) വായിക്കാൻ ഭാരതത്തിന്റെ അപ്പസ്തോലിക നുൺഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ് കൗൺസിലർ മോൺ. ഹെൻഡ്രിക് ജഗോസിൻസ്കിയോട് അഭ്യർഥിച്ചു. അതിരൂപത ചാൻസലർ à´«à´¾. വർഗീസ് വലിയപറമ്പിൽ ഇതിന്റെ മലയാള പരിഭാഷ വായിച്ചു. 

തുടർന്നു നിയുക്‌ത മെത്രാപ്പോലീത്തയെ മുഖ്യകാർമികൻ കൈപിടിച്ചു പ്രധാന ഇരിപ്പിടത്തിലേക്ക് ആനയിച്ചു. അജപാലനാധികാരത്തിന്റെ അടയാളമായ അംശവടി അദ്ദേഹത്തിനു കൈമാറി. വൈദികരും സന്യസ്ത, അല്മായ പ്രതിനിധികളും വേദിയിലെത്തി പുതിയ ആർച്ച്ബിഷപ്പിനോട് ആദരവും വിധേയത്വവും പ്രഖ്യാപിച്ചു.

ഡോ. കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചനസന്ദേശം നൽകി. സിബിസിഐ പ്രസിഡന്റും സീറോ മലങ്കര മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. à´Žà´‚. സൂസപാക്യം എന്നിവർ ആശംസാസന്ദേശം നൽകി. രാഷ്ട്രപതി ഡോ. പ്രണാബ് മുഖർജിയുടെ സന്ദേശം അതിരൂപത വികാരി ജനറൽ മോൺ.ജോസഫ് പടിയാരംപറമ്പിൽ വായിച്ചു. 

സിജോ പൈനാടത്ത് 

Related News