Loading ...

Home Europe

സ്വിസിൽ തൊഴിൽ നിയമനങ്ങളിൽ തദ്ദേശീയർക്ക് മുൻഗണന

സൂറിച്ച്: തൊഴിൽ മേഖലയിൽ ഒഴിവു വരുമ്പോൾ തദ്ദേശീയരെ ആദ്യം പരിഗണിച്ചശേഷമേ മറ്റുള്ളവരെ പരിഗണിക്കാവൂ എന്ന നിയമം സ്വിസ് പാർലമെന്റ് പാസാക്കി. 98 പേർ അനുകൂലിച്ചും 67 പേർ എതിർത്തും വോട്ട് ചെയ്തു. 33 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.

ഇയു രാജ്യങ്ങളിൽ നിന്നും ജോലി തേടി സ്വിസിലേക്കുള്ള കൂട്ട കുടിയേറ്റം നിയന്ത്രിക്കാൻ 2014 ൽ ജനങ്ങൾ ഹിതപരിശോധനയിലൂടെ അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ നിയമം കൊണ്ടുവന്നതെങ്കിലും ഈ ആവശ്യത്തിനുവേണ്ടി പ്രവർത്തിച്ച വലതുപക്ഷ പാർട്ടികളായ എസ്വിപിയും സിവിപിയും പുതിയ നിയമത്തിൽ തൃപ്തരല്ലെന്നും വേണ്ടിവന്നാൽ വീണ്ടും ഹിതപരിശോധന കൊണ്ടുവരുമെന്നും മുന്നറിയിപ്പ് നൽകി. തദ്ദേശീയർക്ക് ഒഴിവുകളിൽ മുൻഗണന നൽകുന്ന നിയമം ദുർബലമാണെന്നാണ് ഇവരുടെ വാദം.

പുതിയ നിയമപ്രകാരം, തൊഴിലില്ലായ്മ നിരക്ക് ഉയർന്നു നിൽക്കുന്ന ബ്രാഞ്ചുകളിൽ ഒഴിവു വരുമ്പോൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളേയും ഉൾപ്പെടുത്തി മാത്രമേ തൊഴിലുടമക്ക് നിയമനം നടത്താൻ സാധിക്കൂ. ഒഴിവ്, എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യുക, ഒരു നിശ്ചിതകാലം അവിടെ റിപ്പോർട്ട് ചെയ്ത തൊഴിൽരഹിതരെ മാത്രം ജോലിക്കായി പരിഗണിക്കുക, അവരുമായി അഭിമുഖം നടത്തി അതിന്റെ ഫലം എക്സ്ചേഞ്ചിനെ അറിയിക്കുക, അനുയോജ്യരായ ഉദ്യോഗാർഥികളെ കിട്ടുന്നില്ലെങ്കിൽ മാത്രം, അത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ ബോധ്യപ്പെടുത്തി ഇയു രാജ്യങ്ങളിൽനിന്നുള്ളവരെ നിയമിക്കാൻ അനുവാദമുള്ളൂ.

അതേസമയം യൂറോപ്യൻ യൂണിയനിൽ നിന്നും തൊഴിൽ തേടി സ്വിസിലേക്കുള്ള ഒഴുക്ക് തടയാൻ പുതിയ നിയമം പര്യാപ്തമല്ലെന്നാണ് വലതുപക്ഷ കക്ഷികളുടെ നിലപാട്. തൊഴിലില്ലായ്മ നിരക്ക് കൂടിയ ബ്രാഞ്ചുകളിൽ മാത്രമല്ല, എല്ലാ തൊഴിൽ മേഖലക്കും ഇത് ബാധകം ആക്കുക, ഇയു ആയുള്ള ഉഭയ കക്ഷി കരാർ റദ്ദാക്കുക എന്നിവയാണ് ഇവരുടെ ആവശ്യങ്ങൾ.

ഫലത്തിൽ ഹിതപരിശോധനയുടെ സത്തയിൽ വെള്ളം ചേർത്താണ് പുതിയ നിയമം കൊണ്ട് വന്നിരിക്കുന്നത്. ഹിതപരിശോധനയുടെ വികാരം അതേപടി നിലനിർത്തിയ നിയമമായിരുന്നു പാർലമെന്റ് പാസാക്കിയിരുന്നെങ്കിൽ, അത് യൂറോപ്യൻ യൂണിയനുമായി ഏറ്റുമുട്ടലിന് കാരണമാകുമായിരുന്നു. 2020 ൽ ഇയു വുമായി യോജിച്ചു പ്രവർത്തിക്കാൻ കരാറായ ഗവേഷണ പ്രോജക്ടായ ഹൊറിസോണും അനിശ്ചിതത്തിൽ ആയേനെ. സ്വിസ് സർക്കാരും സോഷ്യലിസ്റ്റ് ഗ്രീൻ, ലിബറൽ പാർട്ടികളും തലവേദനകൾ തത്കാലം ഒഴിവായ ആശ്വാസത്തിലാണ്. പുതിയ നിയമം യൂറോപ്യൻ യൂണിയനും അംഗീരിക്കേണ്ടതുണ്ടെങ്കിലും പ്രശ്നം ഉണ്ടാകാനിടയില്ലെന്നാണ് ഇയു നൽകുന്ന സൂചന. 

റിപ്പോർട്ട്: ടിജി മറ്റം

Related News