Loading ...

Home cinema

കൊച്ചുപ്രേമന്റെ രൂപാന്തരങ്ങള്‍ by ഗിരീഷ് ബാലകൃഷ്ണന്‍

മൂന്നര ദശാബ്ദമായി ചലച്ചിത്രരംഗത്തുള്ള കൊച്ചുപ്രേമന്‍ 
ഒടുവില്‍ നായകനായി. ഇന്ത്യന്‍ പനോരമയില്‍ ഇടംനേടിയ
'രൂപാന്തര'ത്തിലെ രാഘവനെക്കുറിച്ചും
സിനിമാജീവിതത്തെക്കുറിച്ചും
കൊച്ചുപ്രേമന്‍ സംസാരിക്കുന്നു


വീട് നിറയെ ക്രാഫ്റ്റ് വര്‍ക്കുകള്‍. ഇന്‍സുലിന്‍ കുപ്പികള്‍കൊണ്ടൊരു പൂക്കൂട വളര്‍ന്നുവരുന്നു. പിസ്തയുടെ തോട് പൂക്കളായി ജനിക്കുന്നു. തെര്‍മോക്കോളില്‍ മനുഷ്യരൂപങ്ങള്‍. ഈര്‍ക്കില്‍ വളച്ചുകെട്ടി ചായമടിച്ച കൂജ. ഉപയോഗിച്ചു പഴകിയ പ്ളാസ്റ്റിക് ചൂലില്‍നിന്ന് പുതിയതെന്തുണ്ടാക്കാമെന്ന ആലോചനയില്‍ അവയുടെ നടുക്ക് കൊച്ചുപ്രേമന്‍. ചലച്ചിത്ര– സീരിയല്‍ താരമായ ഭാര്യ ഗിരിജ രാവിലെ ഷൂട്ടിങ്ങിന് പോയി. ടെക്നോപാര്‍ക്കില്‍ ജോലികഴിഞ്ഞ് പാതിരാത്രിയിലെത്തിയ മകന്‍ ഉറക്കത്തില്‍. തിരുവനന്തപുരത്തെ വലിയവിളയിലെ വീട് കൊച്ചുപ്രേമന്റെ ക്രാഫ്റ്റ്വര്‍ക്കുകളുടെ പരീക്ഷണശാലകൂടിയാണ്. മൂന്നര ദശാബ്ദത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള, നൂറിലേറെ സിനികളിലഭിനയിച്ച താരം ഒഴിവുവേളകളെ സര്‍ഗാത്മകമാക്കുന്നു.

മോഹന്‍ലാല്‍ 'മഞ്ഞില്‍വിരിഞ്ഞ പൂക്കളി'ല്‍ അഭിനയിച്ച അതേവര്‍ഷമാണ് പരിചയക്കാരനും നാട്ടുകാരനുമായ കൊച്ചുപ്രേമനും ആദ്യസിനിമയില്‍ അഭിനയിച്ചത്. പക്ഷേ, അഭിനേതാക്കളുടെ തിരുവനന്തപുരം സംഘത്തിലൊന്നും കൊച്ചുപ്രേമനെ കണ്ടിട്ടില്ല. പ്രൊഫഷണല്‍ നാടകവഴികളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് സിനിമയിലെത്തിയത്. മികച്ച നടനുള്ള ദേശീയ– സംസ്ഥാന പുരസ്കാരങ്ങള്‍ക്ക് കൊച്ചുപ്രേമന്‍ പരിഗണിക്കപ്പെട്ട കാര്യം അറിയാവുന്നവര്‍ ചുരുക്കം. 'മൈ പാര്‍ട്ണര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട പത്മകുമാറിന്റെ രണ്ടാം സിനിമ 'രൂപാന്തരം' കൊച്ചുപ്രേമന്റെ അഭിനയജീവിതത്തിന്റെ രൂപാന്തരംകൂടിയാണ്. കൊച്ചുപ്രേമന്‍ നായകനായ സിനിമ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കൈലി മടക്കിക്കുത്തി വലിയവിളയിലെ കടത്തിണ്ണകളിലിരുന്ന് കൊച്ചുവര്‍ത്തമാനം പറയുന്ന ലാഘവത്തോടെ കൊച്ചുപ്രേമന്‍ സംസാരിച്ചു സ്വന്തം രൂപാന്തരങ്ങളെക്കുറിച്ച്.

ദുഃഖമുണ്ട് അവാര്‍ഡ് കിട്ടാത്തതില്‍ 


ദേശീയ–സംസ്ഥാന പുരസ്കാരനിര്‍ണയ ജൂറികളുടെ പരിഗണനയില്‍ അവസാന നിമിഷംവരെ 'രൂപാന്തര'ത്തിലെ രാഘവന്‍ ഉണ്ടായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ദേശീയ പുരസ്കാരത്തിന് അവസാന മൂന്നുപേരിലെത്തി. സംസ്ഥാന പുരസ്കാരത്തിന് അവസാന പട്ടികയില്‍ നാലാമനായി. മിഴികള്‍ സാക്ഷി(2008)യിലെ കഥാപാത്രവും സംസ്ഥാന പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു. പുരസ്കാരങ്ങള്‍ വലിയ പ്രചോദനങ്ങളാണ്. തെന്നിമാറിയ പുരസ്കാരങ്ങളെക്കുറിച്ചോര്‍ത്ത് ദുഃഖമുണ്ടെന്നു പറയാന്‍ എനിക്ക് മടിയില്ല. മികച്ച നടനുള്ള പുരസ്കാരം കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതില്ലെന്ന് അറിയുമ്പോള്‍ വേദനിക്കുന്നു.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന നായകന്മാര്‍ക്കാണ് ഇത്തരമൊരു അവസരം ലഭിച്ചതെങ്കില്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ അവരുടെ നഷ്ടക്കഥകള്‍ പാടിപ്പുകഴ്ത്തിയേനെ. വെറും തമാശക്കാരനായി കാണുന്നതുകൊണ്ടാകാം എന്നോട്് അതേക്കുറിച്ച് ചോദിക്കാന്‍ ആരും വന്നിട്ടില്ല. 'രൂപാന്തരം' പനോരമയില്‍ ഇടംനേടിയത് അറിഞ്ഞ് മമ്മുക്ക, കമല്‍ സാര്‍ തുടങ്ങി മലയാളസിനിമയിലെ ഒട്ടുമിക്കവരും ഫോണിലൂടെയും വാട്സാപ്പിലൂടെയും സന്തോഷം പങ്കുവച്ചു.

കേള്‍വികളില്‍ ജീവിച്ച രാഘവന്‍


രാഘവന്‍ എന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ്. ലോട്ടറിവില്‍പ്പനയും ബീഡിതെറുപ്പുമായി കഴിയുന്ന അന്ധനായ രാഘവന്‍ ശബ്ദങ്ങളിലൂടെയാണ് ലോകത്തെ അറിഞ്ഞത്. കാഴ്ച അയാളില്‍ സൃഷ്ടിക്കുന്നത് ആശങ്കകളാണ്. വഴിയില്‍നിന്ന് കിട്ടിയ കുട്ടിയെ രാഘവന്‍ എടുത്തുവളര്‍ത്തുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ അവന് സ്വന്തം ജീവിതംതേടി പോകേണ്ടതുണ്ട്. കാഴ്ചയും കാഴ്ചയില്ലായ്മയും സമ്മാനിക്കുന്ന ജീവിതത്തിരിച്ചറിവുകളാണ് രാഘവനിലൂടെ സംവിധായകന്‍ പത്മകുമാര്‍ വെളിപ്പെടുത്തുന്നത്. മെലോഡ്രാമയിലേക്ക് വഴുതാതെ പക്വമായി സമീപിച്ചതുകൊണ്ടാകാം സിനിമ കണ്ടവര്‍ക്ക് രാഘവനെ ഇഷ്ടമായത്. 

മഞ്ഞിലാസിന്റെ ഏഴു നിറങ്ങള്‍

അമ്പലപ്പറമ്പുകളിലെ പ്രൊഫഷണല്‍ നാടകങ്ങളെ അനുകരിച്ച് വര്‍ഷത്തില്‍ ഒരു നാടകംവീതം എഴുതി അവതരിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. അതില്‍നിന്നാണ് സിനിമയിലേക്കുള്ള വഴിതുറക്കുന്നത്. ആരുടെയും ശുപാര്‍ശയില്ലാതെ. നാടകത്തിലെ എന്റെ അഭിനയം ഇഷ്ടപ്പെട്ട സംവിധായകന്‍ ജേസിയാണ് മഞ്ഞിലാസിന്റെ ഏഴു നിറങ്ങളില്‍ (1979) അവസരം നല്‍കിയത്. അക്കാലത്തെ സൂപ്പര്‍താരങ്ങളായ ജോസും വിധുബാലയുമായിരുന്നു താരങ്ങള്‍. ബഹദൂറിക്കയുമായി ചേര്‍ന്നുള്ള കോമഡി. ഒമ്പത് സീനുകള്‍ എനിക്ക് ലഭിച്ചു. പക്ഷേ, ആദ്യ സിനിമ കഴിഞ്ഞ്  ഇടവേളയുണ്ടായി. അന്ന് സിനിമ മദ്രാസിലാണ്. മദ്രാസ് എന്നത് എന്റെ വീട്ടുകാര്‍ക്ക് വിദേശരാഷ്ട്രംപോലെയായിരുന്നു. 

വര്‍ഷങ്ങള്‍ക്കുശേഷം ദില്ലിവാല രാജകുമാരന്‍ (1996) എന്ന രാജസേനന്‍ ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. എന്റെ സംഭാഷണരീതി ശ്രദ്ധിക്കപ്പെട്ടു. അന്നുതൊട്ട് ഇന്നോളം സിനിമകള്‍ക്ക് മുട്ടുണ്ടായിട്ടില്ല. സത്യന്‍ അന്തിക്കാടിന്റെ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997) ചലച്ചിത്രതാരം എന്ന പരിവേഷം സമ്മാനിച്ചു. ജയരാജിന്റെ തിളക്ക (2003)ത്തിലെ വെളിച്ചപ്പാട് വഴിത്തിരിവുണ്ടാക്കി.

വഴികാട്ടിയ 'ഗുരു' 


തമാശ കഥാപാത്രങ്ങളില്‍നിന്ന് മോചിപ്പിക്കപ്പെട്ടത് രാജീവ് അഞ്ചലിന്റെ ഗുരു (1997)വിലൂടെയാണ്. വില്ലന്‍സ്വഭാവമുള്ള വേഷമാണ് രാജീവ് അഞ്ചല്‍ എനിക്ക് തന്നത്. അത്തരം ഭാവങ്ങളും എനിക്ക് ചേരുമെന്ന് അദ്ദേഹമാണ് കണ്ടെത്തിയത്. പിന്നെ എനിക്കൊരു സ്വഭാവവേഷം നല്‍കിയത് അശോക് ആര്‍ നാഥാണ്. മിഴികള്‍ സാക്ഷിയില്‍ തുടക്കംമുതല്‍ ഒടുക്കംവരെയുള്ള വല്യത്താന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് അത്തരത്തില്‍ നിരവധി കഥാപാത്രങ്ങള്‍ ലഭിച്ചു. സംസ്കൃത സിനിമ 'പ്രിയമാനസ'ത്തില്‍ കുഞ്ചന്‍ നമ്പ്യാരായി അഭിനയിച്ചു.

സംഭാഷണചാതുരി

സംഭാഷണം അവതരിപ്പിക്കുന്നതിലെ പുതുമയാണ് എന്നെ ആദ്യകാലത്ത് വ്യത്യസ്തനാക്കിയത്. അത് തിരക്കഥ കൈയില്‍ കിട്ടുമ്പോള്‍ സ്വയം നടത്തുന്ന പരീക്ഷണത്തില്‍നിന്ന് ജനിക്കുന്നതാണ്. ഞാന്‍ തുടക്കത്തില്‍ ഉപയോഗിച്ച സംഭാഷണരീതിയല്ല ഇപ്പോഴുള്ളത്. സംഭാഷണങ്ങള്‍ നാടകീയമായിരിക്കെത്തന്നെ സ്വാഭാവികമാക്കുന്നതിലാണ് നടന്റെ പ്രതിഭ. മിമിക്രിക്കാരാണ് എന്നെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിച്ചത്. 

മറന്നവരോട് പരിഭവമില്ല


സിനിമയുടെ ആദ്യഘട്ടത്തില്‍ സൌഹൃദങ്ങളുടെ ഉള്ളിലായിരുന്നു ഞാന്‍. എന്നേക്കാള്‍ മൂന്നോ നാലോ വയസ്സ് ഇളപ്പമുണ്ടെങ്കിലും പഠിക്കുന്ന കാലംമുതല്‍ മോഹന്‍ലാലിനെ എനിക്കറിയാം. പ്രിയദര്‍ശന്‍, സുരേഷ്കുമാര്‍ തുടങ്ങിയവരൊക്കെ സമകാലികരായിരുന്നു. പഠിക്കുന്ന കാലംമുതല്‍ അവരുടെ ഇടയില്‍ ഒരു ജോക്കറായി നടന്ന ആളായിരുന്നു ഞാന്‍. അവരൊക്കെ സിനിമയില്‍ വന്നകാലംമുതലേ മനസ്സുകൊണ്ട് ആഗ്രഹിച്ചു, സൌഹൃദങ്ങള്‍ എനിക്ക് മെച്ചപ്പെട്ട വഴിതുറക്കുമെന്ന്. അതുണ്ടായില്ല. അവരില്‍ പലരും എന്നെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. ആരെയും കുറ്റംപറഞ്ഞിട്ട് കാര്യമില്ല. എങ്കിലും ആരുമായും എനിക്ക് പിണക്കമില്ല. വളരെക്കാലത്തിനുശേഷം 'ഗുരു'വിന്റെ സെറ്റില്‍വച്ചാണ് മോഹന്‍ലാലിനെ കാണുന്നത്. പക്ഷേ, ലാല്‍ എന്നെ തിരിച്ചറിഞ്ഞു. പഴയ പ്രേംകുമാറല്ലേ അത് എന്ന് മെയ്ക്കപ്മാനോടും മറ്റും അദ്ദേഹം ചോദിച്ചു മനസ്സിലാക്കി. ഞങ്ങള്‍ക്ക് പഴയ സൌഹൃദം പുതുക്കാനായി. കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന മഹാനായ നടനാണ് ലാല്‍.

പുതിയ കാലം

പുതിയകാലഘട്ടത്തിലെ ചെറുപ്പക്കാരായ ചലച്ചിത്രകാരന്മാരെക്കുറിച്ച് എനിക്ക് വലിയ മതിപ്പുണ്ട്. പഴയകാലത്തെ നടീനടന്മാരില്‍നിന്നും സാങ്കേതികപ്രവര്‍ത്തകരില്‍നിന്നും ലഭിക്കുന്നതിനേക്കാള്‍ ഹൃദയവായ്പോടെയുള്ള പെരുമാറ്റം ലഭിക്കുന്നത് അവരില്‍നിന്നാണ്. വളരെ സ്വാഭാവികമായാണ് പുതിയ നടന്മാരുടെ അഭിനയം. പഴയ അഭിനേതാക്കളില്‍ നാടകത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴുമുണ്ട്. 

രാമചന്ദ്രബാബുസാര്‍ സംവിധാനംചെയ്യുന്ന ദിലീപ് ചിത്രം പ്രൊഫ. ഡിങ്കന്‍ ആണ് ഉടന്‍ ആരംഭിക്കാന്‍ പോകുന്ന സിനിമ.

unnigiri@gmail.com

 രൂപാന്തരത്തില്‍ കൊച്ചുപ്രേമന്‍

Related News