Loading ...

Home Business

തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍

രാജ്യത്തെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് അഞ്ച് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. വിള വിതയ്ക്കല്‍ സീസണ്‍ മിക്കവാറും അവസാനിച്ചതിനാലും കൊവിഡ് 19 വ്യാപനം തടയാന്‍ വേണ്ടി സംസ്ഥാനങ്ങള്‍ മൈക്രോ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലും ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് എട്ട് ആഴ്ചയിലെ ഉയര്‍ന്ന തലങ്ങളിലുമെത്തി. സെന്റര്‍ ഓഫ് മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയുടെ (സിഎംഐഇ) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 9 ന് അവസാനിച്ച ആഴ്ചയില്‍, രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 8.67 ശതമാനമായി ഉയര്‍ന്നു. ജൂലൈ 12 -ന് അവസാനിച്ച ആഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. ജൂലൈയില്‍ രേഖപ്പെടുത്തിയ മൊത്തത്തിലുള്ള പ്രതിമാസ തൊഴിലില്ലായ്മ നിരക്കായ 7.43 ശതമാനത്തേക്കാള്‍ കൂടുതലാണിത്. ഓഗസ്റ്റ് 9 -ന് അവസാനിച്ച ആഴ്ചയില്‍ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്, ഇതിന് മുമ്ബത്തെ ആഴ്ചയിലെ നിരക്കായ 6.47 ശതമാനത്തില്‍ നിന്ന് രണ്ട് ശതമാനം വര്‍ധിച്ച്‌ എട്ട് ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.37 ശതമാനത്തിലെത്തി. മണ്‍സൂണ്‍ രൂക്ഷമായതോടെ വിള വിതയ്ക്കല്‍ സീസണ്‍ അവസാനിച്ചതാണ് ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. സിഎംഐഇയുടെ കണക്കനുസരിച്ച്‌, ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ 14 മുതല്‍ 10.96 ശതമാനമായി ഉയര്‍ന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മ സാവധാനത്തില്‍ കുറഞ്ഞുവരികയാണ്. ഓഗസ്റ്റ് 9 വരെയുള്ള ആഴ്ചയില്‍ 9.31 ശതമാനം തൊഴിലില്ലായ്മ നിരക്കാണ് മേഖലയില്‍ രേഖപ്പെടുത്തിയത്, കഴിഞ്ഞയാഴ്ചയിത് 8.73 ശതമാനമായിരുന്നു. ജൂലൈയിലെ പ്രതിമാസ നഗര തൊഴിലില്ലായ്മ നിരക്ക് 9.15 ശതമാനമായിരുന്നെന്ന് സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് 19 രൂക്ഷമായതോട് നഗരങ്ങള്‍ വിട്ട് ഗ്രാമങ്ങളിലേക്ക് ചേക്കേറിയവര്‍ ഇപ്പോള്‍ തിരികെയെത്തുന്നതായാണ് പറയപ്പെടുന്നത്. നഗരങ്ങളിലും മറ്റും നിര്‍മ്മാണ, ടെക്‌സ്റ്റൈല്‍ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനാല്‍ ജീവനക്കാരുടെ ആവശ്യം ഉയര്‍ന്നത് ഇതിന് കാരണമാവുന്നു. കൂടാതെ, ഗ്രാമങ്ങളിലെ കാര്‍ഷിക മേഖലയുടെ ശേഷി കുറയുന്നതുമൂലം വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാതിരിക്കുന്നതും നഗര-ഗ്രാമ മേഖലകള്‍ തമ്മിലെ വേതന വ്യത്യാസവും തൊഴിലാളികള്‍ നഗരങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് കാരണമായെന്നാണ് മുതിര്‍ന്ന സാമ്ബത്തിക വിദഗ്ധരും മറ്റും അഭിപ്രായപ്പെടുന്നത്.

Related News