Loading ...

Home Kerala

10 ദിവസം കൊണ്ട് പെയ്തത് 190 ശതമാനം അധിക മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും പ്രളയക്കെടുതിക്കും പ്രകൃതിക്ഷോഭത്തിനും ഇടയാക്കിയത് അതിവൃഷ്ടിയെന്ന് വിദഗ്ധര്‍. ഓഗസ്റ്റ് 1 മുതല്‍ ഇന്നലെ വരെ (ഓഗസ്റ്റ് 10) ശരാശരിയെക്കാള്‍ 190 % അധികം മഴയാണു ലഭിച്ചത്. ശരാശരി ലഭിക്കേണ്ടത് 164.4 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ പെയ്തത് 476 മി.മി. ആണെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും പെയ്തത് 6 മുതല്‍ 9 വരെയുള്ള 4 ദിവസങ്ങളിലാണ്. കഴിഞ്ഞ 2 വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ 10 വരെ പെയ്തതിനെക്കാള്‍ കൂടുതല്‍ മഴയാണ് ഇത്തവണ പെയ്തത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. ഇടുക്കിയില്‍ സാധാരണ ഗതിയില്‍ ലഭിക്കേണ്ടത് 232 മി.മി മാത്രം മഴയാണ്. എന്നാല്‍ കഴിഞ്ഞ 10 ദിവസത്തിനിടെ പെയ്തത് 786 മില്ലിമീറ്റര്‍ മഴയാണ്. പശ്ചിമഘട്ട മേഖലയില്‍ പെയ്ത അതിതീവ്ര മഴയാണ് ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്ന് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. സംസ്ഥാനത്ത് 10 ദിവസത്തിനുള്ളില്‍ 476 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തില്‍, ഓഗസ്റ്റ് മാസത്തില്‍ സാധാരണ ലഭിക്കുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്.

Related News