Loading ...

Home National

പ്രതിരോധ രംഗത്തും ആത്മനിര്‍ഭര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്‌മ നിര്‍ഭര്‍ പദ്ധതിയില്‍ പ്രതിരോധ മേഖലയിലും സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വന്‍ ആയുധങ്ങള്‍ ഉള്‍പ്പടെ 101 പ്രതിരോധ സാമഗ്രികളുടെ ഇറക്കുമതി നിരോധിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ആഭ്യന്തരമായി നിര്‍മ്മിക്കുന്ന മിസൈലുകളും തോക്കുകളും കവചിത വാഹനങ്ങളും പീരങ്കികളും ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും റഡാറുകളും അടക്കം 101 ഇനങ്ങളുടെ പട്ടിക പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇക്കൊല്ലം ഡിസംബര്‍ മുതല്‍ 2025 ഡിസംബര്‍ വരെ ഘട്ടങ്ങളായി ഇവയുടെ ഇറക്കുമതി അവസാനിപ്പിക്കും.

അതിര്‍ത്തിയിലെ ചൈനീസ് അതിക്രമത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പ്രതിരോധ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള പദ്ധതി ശക്തമാക്കുന്നത്.

മൂന്ന് സേനകള്‍ക്കുമായി 101 ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള നാലു ലക്ഷം കോടി രൂപയുടെ കരാര്‍ 6-7 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ കമ്ബനികള്‍ക്ക് നല്‍കും. ഇതില്‍ കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും 1,30,000 കോടി രൂപയുടെ വീതവും നാവിക സേനയ്‌ക്ക് 1,40,000 കോടി രൂപയുടെയും ഉത്പന്നങ്ങള്‍ ഉള്‍പ്പെടും. കരസേന 5000 കോടിയുടെ 200 കവചിത വാഹനങ്ങളും നാവിക സേന 42,000 കോടിയുടെ മുങ്ങിക്കപ്പലുകളും വ്യോമസേന 85,000 കോടിയുടെ 123 ലഘു വിമാനങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കും.

ബഡ്‌ജറ്റില്‍ ഇതിനായി പ്രാഥമികമായി 52,​000 കോടി രൂപയും വകയിരുത്തി.

സായുധ സേനകള്‍, ഡി.ആര്‍.ഡി.ഒ, പൊതുമേഖലാ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, ഓര്‍ഡിനന്‍സ് ഫാക്‌ടറി എന്നിവയാണ് 101 ഇനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഡി.ആര്‍.ഡി.ഒയുടെ സാങ്കേതിക വിദ്യ പ്രകാരമാണ് തദ്ദേശീയ കമ്ബനികള്‍ ഇവ നിര്‍മ്മിക്കേണ്ടത്.

ഇറക്കുമതി വിലക്ക് ഇങ്ങനെ

 2020 ഡിസംബര്‍: 69 ഉത്പന്നങ്ങള്‍

 2021 ഡിസംബര്‍: 11

 2022 ഡിസംബര്‍: 4

 2023 ഡിസംബര്‍: 8

 2024 ഡിസംബര്‍: 8

 2025 ഡിംസബര്‍: ഒന്ന് (ദീര്‍ഘദൂര ക്രൂസ് മിസൈല്‍)

ഉത്പന്നങ്ങളില്‍ പ്രധാനപ്പെട്ടവ

പീരങ്കികള്‍, അസാള്‍ട്ട് റൈഫികളുകള്‍, സ്‌നിപ്പര്‍ റൈഫിളുകള്‍, ചെറിയ കപ്പലുകള്‍, മുങ്ങിക്കപ്പലുകള്‍, സമുദ്ര നിരീക്ഷണ ഉപകരണങ്ങള്‍, ഹെലികോപ്ടറുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍,

ഹ്രസ്വ ദൂര മിസൈലുകള്‍, കപ്പലുകളില്‍ ഘടിപ്പിക്കുന്ന ക്രൂസ് മിസൈലുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ബാലിസ്‌റ്റിക് ഹെല്‍മറ്റ്, മിസൈല്‍ വെസല്‍, മുങ്ങിക്കപ്പലുകളെ ആക്രമിക്കാനുള്ള റോക്കറ്റ് ലോഞ്ചര്‍, റോക്കറ്റ്, ടോര്‍പിഡോകള്‍, ചെറിയ യാത്രാ വിമാനങ്ങള്‍,

കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് ജി സാറ്റ് 7സി, ജി സാറ്റ് 7 ആര്‍,

ഉപഗ്രഹ ടെര്‍മിനലുകള്‍,

ലൈറ്റ് മെഷീന്‍ ഗണ്‍, ടാങ്ക് വേധ മൈനുകള്‍, മുങ്ങിക്കപ്പലുകള്‍, റോക്കറ്റ് ലോഞ്ചര്‍, ദീര്‍ഘദൂര ക്രൂസ് മിസൈല്‍

Related News