Loading ...

Home sports

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മനിതോംബി സിങ് നിര്യാതനായി

ന്യൂഡല്‍ഹി: ഇന്ത്യയുടെയും മോഹന്‍ ബഗാന്റെയും മുന്‍ ഫുട്‌ബോള്‍ താരം ലെയ്ഷറാം മനിതോംബി സിങ് (39) നിര്യാതനായി. ദീര്‍ഘനാളായി അസുഖബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മനിതോംബി സിങ് മണിപ്പൂരിലെ ഇംഫാലിനടുത്താണ് താമസിച്ചിരുന്നത്. ഭാര്യയും എട്ട് വയസുകാരനായ മകനുമാണ് അദ്ദേഹത്തിനുള്ളത്. മനിതോംബി സിങ്ങിന്റെ നിര്യാണത്തില്‍ മോഹന്‍ ബഗാന്‍ ക്ലബ്ബും ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രമുഖരും അനുശോചനം അറിയിച്ചിട്ടുണ്ട്. മനിതോംബി സിങ്ങിന്റെ നിര്യാണത്തില്‍ എഐഎഫ്‌എഫും അനുശോചനം രേഖപ്പെടുത്തി. മുന്‍ നായകന്റെ നിര്യാണത്തില്‍ മോഹന്‍ ബഗാന്‍ കുടുംബത്തിന്റെ ദുഖം അറിയിക്കുന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഈ പ്രതിസന്ധി സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കുമെന്നുമാണ് മോഹന്‍ ബഗാന്‍ ട്വീറ്റ് ചെയ്തത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ പരിശീലകനായിരിക്കെ ഇന്ത്യ അണ്ടര്‍ 23 ടീമിലെ പ്രധാനിയായിരുന്നു മനിതോംബി സിങ്. 2003ല്‍ ഇന്ത്യന്‍ ടീം എല്‍ജി കപ്പ് ഫൈനലില്‍ വിയറ്റ്‌നാമിലെ 3-2ന് തോല്‍പ്പിച്ച്‌ കിരീടം നേടുമ്ബോള്‍ മനിതോംബി സിങ് ടീമിലുണ്ടായിരുന്നു. 1971ന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര കിരീടനേട്ടംകൂടിയായിരുന്നു ഇത്. 2002ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും താരം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ഇത് കൂടാതെ ജമൈക്കയ്ക്കക്കെതിരേ രണ്ട് സൗഹൃദ മത്സരത്തിനുള്ള ടീമിലും അദ്ദേഹം ഇടം പിടിച്ചിരുന്നു. മുന്‍ റൈക്ക് ബാക്കായിരുന്ന മനിതോംബി സിങ് മോഹന്‍ ബഗാനൊപ്പമുള്ള അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗോള്‍ നേടിയിരുന്നു. 2003ലെ കല്‍ക്കട്ട പ്രീമിയര്‍ ലീഗിലാണ് താരത്തിന്റെ നേട്ടം. 2004ല്‍ മോഹന്‍ ബഗാനെ ഓള്‍ എയര്‍ലൈന്‍സ് ഗോള്‍ഡ് കപ്പ് കിരീടത്തിലേക്ക് നയിച്ചത് മനിതോംബി സിങായിരുന്നു. 2012 മുതല്‍ മണിപ്പൂര്‍ സ്റ്റേറ്റ് ലീഗില്‍ കളിച്ചിരുന്ന മനിതോംബി സിങ് നെറോക്ക എഫ്‌സിയുടെ താരമായിരുന്നു. 2014ല്‍ നെറോക്ക എഫ്‌സി ലീഗ് കിരീടം ഉയര്‍ത്തിയപ്പോള്‍ മനിതോംബി സിങ് മികച്ച പ്രകടനവുമായി തിളങ്ങി. 2015-16 സീസണില്‍ അനൗബ ഇമാഗി മംഗളില്‍ കളിച്ച താരം വിരമിച്ച ശേഷം ക്ലബ്ബിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു. ആര്‍മി ബോയ്‌സിലൂടെ കളി തുടങ്ങിയ തുടങ്ങിയ മനിതോംബി സിങ് സര്‍വീസസിനുവേണ്ടിയും എയര്‍ ഇന്ത്യക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ലഭ്യമല്ല. കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് നിലവില്‍ ശവ സംസ്‌കാരങ്ങള്‍ നടത്തുന്നത്.

Related News