Loading ...

Home Europe

ടൈം സോണിൽനിന്നും സ്പെയിൻ പിന്മാറുന്നു

സൂറിച്ച്: ശൈത്യകാലത്ത് രാജ്യത്തെ സമയം ഒരു മണിക്കൂർ പിന്നോട്ടാക്കുന്ന കാര്യം പരിശോധിക്കുമെന്ന് സ്പെയിനിലെ തൊഴിൽ വകുപ്പ് മന്ത്രി ഫാത്തിമ ബനാസ്. ബ്രിട്ടീഷ് പത്രമായ ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. ഇപ്പോഴത്തെ സെൻട്രൽ യൂറോപ്യൻ ടൈമിൽ നിന്നും ഒരു മണിക്കൂർ പുറകോട്ട് തിരിച്ച്, ഗ്രീൻവിച് മീൻ ടൈമിന് ഒപ്പമാക്കാനാണ് സ്പെയിൻ ശ്രമിക്കുന്നത്.

ജർമനി, ഫ്രാൻസ് തുടങ്ങിയ മധ്യ യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം, നോർവേ, സ്വീഡൻ എന്നീ സ്കാൻഡിനേവിയൻ രാജ്യങ്ങളും അൾജീരിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടുന്ന സെൻട്രൽ യൂറോപ്യൻ ടൈം സോണിനു കീഴിലാണ് സ്പെയിൽ നിലവിൽ വരുന്നത്. ബ്രിട്ടനും അയർലൻഡും പോർച്ചുഗലും ഉൾപ്പെടുന്ന ഗ്രീൻവിച് മീൻ ടൈം സോണിലേക്കു മാറാനാണ് സ്പെയിനിന്റെ ഇപ്പോഴത്തെ നീക്കം. 

സെൻട്രൽ യൂറോപ്യൻ ടൈം, വേനൽകാലത്ത് ഇന്ത്യയുമായി മൂന്നര മണിക്കൂറും ശൈത്യകാലത്ത് നാലര മണിക്കൂറും പുറകോട്ടാണ്. ഗ്രീൻവിച് ടൈംസോണിൽ ഇത് യഥാക്രമം നാലരയും, അഞ്ചരയും മണിക്കൂറായി മാറും. മധ്യ യൂറോപ്പിലെ സൂര്യോദയ സമയവുമായി 90 മിനിറ്റോളം പുറകിലാണ് പടിഞ്ഞാറൻ യൂറോപ്പിൽ വരുന്ന സ്പെയിനിലെ ഭൂരിഭാഗം പ്രദേശങ്ങളും. 

1942 ൽ സ്പെയിൻ ഭരിച്ചിരുന്ന ജനറൽ ഫ്രാങ്കോ ആണ് രണ്ടാം ലോക മഹായുദ്ധത്തിൽ സ്പെയിനിന്റെ സഖ്യ കക്ഷിയായിരുന്ന ജർമനി ഉൾപ്പെടുന്ന ടൈം സോണിലേക്കു സ്പെയിനിനെ നിർബന്ധപൂർവം മാറ്റിയത്. നിലവിൽ രാവിലെ ഒൻപതു മുതൽ രാത്രി എട്ടു വരെയാണ് പ്രവർത്തി സമയം. ലഞ്ച് ബ്രേക്ക് രണ്ടു മുതൽ അഞ്ചു വരെയാണ്.

ടൈം സോണിലെ മാറ്റത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പാർലമെന്റ് കമ്മിറ്റിയും സ്പെയിൻ പഴയ ടൈം സോണിലേക്കു തിരിച്ചു പോകണമെന്നാണ് ശിപാർശ ചെയ്തത്. ഇതിന് ആക്കം കൂട്ടി, സ്പെയിനിലെ കാറ്റലാൻ മേഖലയിൽ, 2018 സെപ്റ്റംബർ മുതൽ തൊഴിൽ സമയം ഒമ്പതു മുതൽ അഞ്ചു വരെ എന്ന് പുനഃക്രമീകരിക്കുകയുമാണ്.

സൂര്യോദയ, അസ്തമ സമയങ്ങളിൽ ഇതര യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യത്യാസം കൊണ്ട്, നിലവിൽ നേരത്തെ എണീറ്റ്, താമസിച്ചു കിടക്കുന്നതാണ് സ്പെയിനിന്റെ ശീലം. കുറഞ്ഞ ഉറക്ക ശീലം, തൊഴിലാളികളുടെ ഉല്പാദന ശേഷിയെ ബാധിക്കുന്നതും പൊതുസമൂഹത്തെ കുറേക്കൂടെ കാര്യക്ഷമമാക്കുക എന്നതുമാണ് പുതിയ ചുവടുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി.

റിപ്പോർട്ട്: ടിജോ മറ്റം

Related News