Loading ...

Home National

കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

ന്യൂഡല്‍ഹി: ഓക്സ്ഫഡ് യൂനിവേഴ്സിറ്റിക്ക് വേണ്ടി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കി. വിദഗ്ധ സമിതിയുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് ഞായറാഴ്ച രാത്രിയോടെ ഡി.സി.ജി.ഐ ഡോ. വി.ജി. സോമാനി അനുമതി നല്‍കിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡാറ്റാ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് പരിശോധിച്ച സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൂന്നാംഘട്ട പരീക്ഷണത്തിന് മുന്നോടിയായി കമ്ബനി സമര്‍പ്പിക്കേണ്ടതുണ്ട്.

പരീക്ഷണത്തിന് വിധേയരാകുന്നവര്‍ക്ക് ഓരോ ഡോസ് വാക്സിന്‍ വീതം നാല് ആഴ്ചത്തെ ഇടവേളയില്‍ നല്‍കും. തുടര്‍ന്ന് സുരക്ഷ സംബന്ധിച്ചും രോഗപ്രതിരോധ ശേഷി സംബന്ധിച്ചുമുള്ള വിലയിരുത്തല്‍ നടത്തും.

ഡല്‍ഹി എയിംസ് ഉള്‍പ്പെടെ 17 കേന്ദ്രങ്ങളിലായി തെരഞ്ഞെടുക്കപ്പെട്ട 1600 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തുക. 18 വയസിന് മുകളിലുള്ളവരാണ് ഇവര്‍.

ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയാണ് ഓക്സ്ഫഡും പങ്കാളികളായ ബ്രിട്ടീഷ്-സ്വീഡിഷ് കമ്ബനി ആസ്ട്രാ സെനേകയും കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മാണത്തിനായി ചുമതലപ്പെടുത്തിയത്. ഓക്സ്ഫഡ് വാക്സിന്‍റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം ബ്രിട്ടനില്‍ നടക്കുന്നുണ്ട്. ബ്രസീലില്‍ മൂന്നാംഘട്ടത്തിലാണ്. ഒന്ന്, രണ്ട് ഘട്ടം ദക്ഷിണാഫ്രിക്കയിലും നടക്കുകയാണ്.

Related News