Loading ...

Home USA

വ്യത്യസ്ത രീതിയിലുള്ള പ്രചാരങ്ങളുമായി ട്രംപും ബൈഡനും; തെരഞ്ഞെടുപ്പിന് ഇനി നൂറില്‍ താഴെ ദിനങ്ങള്‍ മാത്രം

ഹൂസ്റ്റണ്‍: കൊറോണ വൈറസ് പ്രതിസന്ധി അതിരൂക്ഷമായിരിക്കുന്നതിനിടയിലും പ്രചാരണ പരിപാടികളുമായി ട്രംപും ബൈഡനും കളം നിറയുന്നു. പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിലും പ്രചാരണ ഉദ്യോഗസ്ഥരെ മാറ്റിയതിലും രൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ടുകൊണ്ടിരിക്കുന്നത്.

2016 ല്‍ ട്രംപിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ശക്തിപ്പെടുത്തികൊണ്ട് നിഷ്പക്ഷരായവരെ ഫ്രണ്ട് റണ്ണറിലേക്ക് നയിക്കുകയും ചെയ്ത വമ്ബിച്ച റാലികളും മറ്റും ഇപ്പോള്‍ വന്‍തോതില്‍ ഇല്ലാതായി.

മുന്‍ കാലങ്ങളെ അപേക്ഷിച്ചു രണ്ടു പേരും രണ്ടു തരത്തിലാണ് പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകുന്നത് എന്നത് വളരെ വ്യക്തമാണ്. പ്രധാന സംസ്ഥാനങ്ങളില്‍ മുന്‍‌നിര പ്രചാരണവുമായി മുന്നോട്ട് നീങ്ങുന്ന ട്രംപ് ടീമും, ചെറിയ പ്രസ് ഇവന്റുകള്‍ നടത്തിക്കൊണ്ടു ജോ ബൈഡനും. ചെറിയ പ്രസ്സ് ഇവന്റുകള്‍ നടത്തുന്ന ബൈഡന്റെ ഈ സമീപനവും വീക്ഷണവും വൈറസ് സുരക്ഷയെക്കുറിച്ചുള്ള ഫെഡറല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള പ്രതിജ്ഞാബദ്ധതയുമായി യോജിക്കുന്നുവെന്ന് ബിഡന്റെ ടീം കരുതുന്നു.

ട്രംപിന്റെ ഗ്രൗണ്ട് ഗെയിമിന്റെ ശക്തിയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ബിഡന്റെ നീക്കം അപകടകരമാണെന്ന് ചില ഡെമോക്രാറ്റിക് സ്ട്രാറ്റജിസ്റ്റുകള്‍ പറയുന്നു. എന്നാല്‍ ചിലര്‍ പറയുന്നത് അദ്ദേഹത്തിന് നിരവധി ഓപ്ഷനുകള്‍ ഉണ്ടെന്നാണ്,അതായതു ഫോണ്‍ കോളുകളും മറ്റും ചെയ്യാന്‍ വോട്ടര്‍മാരുടെ ശൃംഖലയും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു.

ട്രംപിന്റെ സമീപനം കൂടുതല്‍ വ്യത്യസ്തമാണ്. വെറ്ററന്‍ ഔട്ട് റീച്ച്‌ മുതല്‍ വോട്ടര്‍ രജിസ്ട്രേഷന്‍ ഡ്രൈവുകള്‍ വരെയുള്ള ഏകദേശം 70 പരിപാടികളെങ്കിലും ട്രംപ് ടീം അരിസോണയിലെ മൊഹാവെ കൗണ്ടി മുതല്‍ മെയ്ന്‍ വരെയുള്ള സ്ഥലങ്ങളില്‍ നടത്തി എന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഷെഡുയൂളില്‍ നിന്ന് മനസിലാക്കുന്നു. ഈ ഇവന്റുകളില്‍ ഒക്കെ വ്യത്യസ്ത അളവിലുള്ള സുരക്ഷാ മുന്‍കരുതലുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പലയിടത്തും സാമൂഹിക അകലം പാലിക്കപെടുന്നില്ല. രാജ്യവ്യാപകമായി ട്രംപ് പ്രചാരണ പരിപാടികളിലൊന്നും മാസ്കുകള്‍ ധരിക്കേണ്ട ആവശ്യമില്ലെന്ന് പല ഉറവിടങ്ങള്‍ പറയുന്നു.

ട്രംപിന്റെ പ്രധാന പ്രചാരകനായി മൈക്ക് പെന്‍സ്.
ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ട്രംപ് ടീം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ഒന്നിലധികം സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ ചുമതല ഏല്‍പ്പിച്ചു. ഈ തിരഞ്ഞെടുപ്പുയുദ്ധ ഭൂമിയില്‍ മൈക്ക് നല്‍കുന്ന സംഭാവനകള്‍ വളരെ പ്രയോജനപ്പെടും എന്ന് ട്രംപ് ടീം മാനേജര്‍ ബില്‍ സ്റ്റീഫന്‍ പറഞ്ഞു.

വൈറ്റ് ഹൌസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല വഹിച്ച പെന്‍സ് വ്യാഴാഴ്ച പെന്‍‌സില്‍‌വാനിയയിലെ വെസ്റ്റ്‌മോര്‍‌ലാന്‍‌ഡ് കൗണ്ടിയില്‍ "കോപ്സ് ഫോര്‍ ട്രംപ്" പരിപാടി സംഘടിപ്പിക്കുകയും മാസ്കുകള്‍ ധരിക്കാത്ത വലിയൊരു ജനക്കൂട്ടത്തോട് സംസാരിക്കുകയും ചെയ്തു. ഗ്രീന്‍സ്ബര്‍ഗ് പോലീസ് സ്റ്റേഷന് അടുത്തുള്ള ഒരു പാര്‍ക്കിംഗ് ലോട്ടിലാണ് പരിപാടി നടന്നത്. ഇരിക്കുന്നവര്‍ ഒരു കൈമുഴം നീളം അകലത്തില്‍ ആയിരുന്നുവെങ്കിലും നില്‍ക്കുന്നവര്‍ തോളോട് തോള്‍ ചേര്‍ന്ന് ആയിരുന്നു.

എന്നാല്‍ ബൈഡന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പ്രചാരണം നടത്തുന്നത് എന്ന് ബൈഡന്‍ കാമ്ബയിന്റെ ദേശീയ പ്രസ് സെക്രട്ടറി ടിജെ ഡക്ക്ലോ പറഞ്ഞു. "ഞങ്ങളുടെ ഫീല്‍ഡ് ടീമുകളും സന്നദ്ധപ്രവര്‍ത്തകരും ആയിരക്കണക്കിന് വോട്ടര്‍മാരുമായി സംസാരിക്കുന്നു, നൂറുകണക്കിന് വെര്‍ച്വല്‍ ഇവന്റുകള്‍ നടത്തുകയും ജോ ബിഡനെ വൈറ്റ് ഹൌസിലേക്ക് അയയ്ക്കാന്‍ പോകുന്ന വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുന്നു." ടിജെ ഡക്ക്ലോ കൂട്ടിച്ചേര്‍ത്തു.

ബൈഡന്‍ കാമ്ബെയ്ന്‍ ഏതാണ്ട് പൂര്‍ണ്ണമായും വെര്‍ച്വല്‍ ആയി തുടരുന്നു. ഇപ്പോള്‍ ട്രംപ് പ്രചരണവും ചിലയിടങ്ങളില്‍ വെര്‍ച്വല്‍ ഫ്ലാറ്റ്ഫോമിലേക്ക് മാറിവരുന്നു. കഴിഞ്ഞ 10 വെര്‍ച്വല്‍ കാമ്ബെയ്‌ന്‍ ഇവന്റുകളില്‍ ഫേസ്ബുക്കില്‍ മാത്രം ശരാശരി 1 ദശലക്ഷത്തിലധികം കാഴ്ചക്കാര്‍ ഉണ്ടായിരുന്നു.

ഈ മഹാമാരിയുടെ ഇടയില്‍ പ്രചാരണത്തിന്റെ സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന ചില ഡെമോക്രാറ്റുകള്‍ പറയുന്നത് ബൈഡന്‍ ഇപ്പോഴും പിന്നിലാണെന്നാണ്. ഇതേ രീതിയില്‍ ആണ് തുടര്‍ന്നുള്ള പ്രചാരണമെങ്കില്‍ നവംബറില്‍ കാലിടറി വീഴും, 2018 ലെ അയന്ന പ്രസ്ലിയുടെ മുഖ്യ പ്രചാരണ തന്ത്രജ്ഞയായിരുന്ന വില്‍നെലിയ റിവേര പറഞ്ഞു.

റിപ്പോര്‍ട്ട്: അജു വാരിക്കാട്

Related News