Loading ...

Home Business

ഐഫോണ്‍ 11 നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ച്‌ ആപ്പിള്‍

ഇന്ത്യ ഗവണ്‍മെന്റിന്റെ ആത്മനിര്‍ഭര്‍ ഇന്ത്യ സംരഭത്തിന് ലഭിച്ച സുപ്രധാന വിജയത്തില്‍, ആപ്പിള്‍ തങ്ങളുടെ മുന്‍നിര ഉപകരണങ്ങളിലൊന്നായ ഐഫോണ്‍ 11 ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. ഇതാദ്യമായാണ് ആപ്പിള്‍ തങ്ങളുടെ ഒരു മുന്‍നിര മോഡല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 'ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കുള്ള ഒരു സുപ്രധാന ഉത്തേജനമാണ്! ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 11 നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നു, ആപ്പിള്‍ ശ്രേണിയിലെ തന്നെ മികച്ച മോഡല്‍,' കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ വെള്ളിയാഴ്ച ട്വിറ്ററില്‍ കുറിച്ചു. ഇതിനുമുമ്ബ്, കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള സാങ്കേതിക ഭീമന്‍ 2019 -ല്‍ ഇന്ത്യയില്‍ ഐഫോണ്‍ എക്‌സ്‌ആര്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങിയിരുന്നു. 2017 -ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്‌ഇ 2016 മോഡലിന്റെ ആഭ്യന്തര ഉല്‍പാദനം ബാംഗ്ലൂര്‍ നിര്‍മ്മാണശാലയില്‍ ആരംഭിച്ചു. ഐഫോണ്‍ എസ്‌ഇ 2020 ഇന്ത്യയില്‍ ബാഗ്ലൂരിനടുത്തുള്ള വിസ്‌ട്രോണ്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും ആപ്പിളിനുണ്ട്.

ഈ മാസം ആദ്യം, ആപ്പിളിന്റെ പ്രമുഖ വിതരണക്കാരായ ഫോക്‌സ്‌കോണ്‍, ഐഫോണ്‍ മോഡലുകള്‍ അസംബ്ള്‍ അഥവാ കൂട്ടിച്ചേര്‍ക്കുന്ന ഇന്ത്യയിലെ ഫാക്ടറി വിപുലീകരിക്കുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഫോക്‌സ്‌കോണിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഐഫോണ്‍ അസംബ്ലറായ പെഗാട്രോണ്‍ രാജ്യത്ത് കുറച്ച്‌ നിക്ഷേപം നടത്തുമെന്നും ഭാവിയില്‍ ഒരു പ്രാദേശിക ഉപസ്ഥാപനം സ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ മിക്ക സ്മാര്‍ട്‌ഫോണ്‍ വില്‍പ്പനക്കാര്‍ക്കും ഇന്ത്യ ഒരു സുപ്രധാന വിപണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് ഇതിനകം തന്നെ 50 കോടിയിലധികം സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സാംസങ്, ഷവോമി ഉള്‍പ്പടെയുള്ള കമ്ബനികള്‍ രാജ്യത്ത് ധാരാളം നിക്ഷേപം നടത്തിയിട്ടുണ്ട്. ഉപഭോക്തൃ ആവശ്യത്തിന്റെ വ്യാപനം അടുത്തിടെ ആപ്പിളിനെയും അതിന്റെ പ്രധാന വിതരണക്കാരെയും ആകര്‍ഷിച്ചു.

ഇതോടെ, കുപെര്‍ട്ടിനോ ആസ്ഥാനമായുള്ള ആപ്പിളും സാംസങ്, ഷവോമി എന്നിവരുടെ പാത പിന്തുടര്‍ന്നിരിക്കുന്നു. തയ്‌വാന്‍ ആസ്ഥാനമായ ഫോക്‌സ്‌കോണ്‍ ആന്ധ്രാപ്രദേശിലെ നിര്‍മ്മാണ കേന്ദ്രത്തില്‍ ഷവോമിയ്ക്കായി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഐഫോണ്‍ എസ്‌ഇ 2020 ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ആരംഭിക്കുന്നതിലൂടെ കമ്ബനി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ മോഡലുകളുടെ ശ്രേണി വിപുലീകരിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Related News