Loading ...

Home Education

തുല്യതാ പഠനം; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമായി

പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ പഠനത്തിനായുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കമായി. ഏഴ്,പത്ത്, പ്ലസ് വണ്‍, പ്ലസ് ടു തുല്യത പഠന ക്ലാസുകളാണ് ഓണ്‍ലൈനായി ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പഠനത്തിനായി ഓരോ പഠന കേന്ദ്രത്തിലും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ച്‌ വാട്സ്‌ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസമാണ് ക്ലാസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. സംസ്ഥാന സാക്ഷരതാ മിഷന്‍ ഓണ്‍ലൈനായി നല്‍കിയ പാഠപുസ്തകങ്ങള്‍ പഠിതാക്കള്‍ക്കും ലഭ്യമാക്കി. ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത പഠിതാക്കള്‍ക്ക് പ്രാദേശികമായി ക്ലാസ് ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍ അറിയിച്ചു. പത്താംതരം തുല്യത പഠനത്തിന് ജില്ലയില്‍ 33 കേന്ദ്രങ്ങളിലായി 2302 പഠിതാക്കളാണുള്ളത്. ഇതില്‍ 823 പേര്‍ എസ്.സി വിഭാഗത്തിലുള്ളവരും, 73 എസ്. ടി പഠിതാക്കളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ (ടി.ജി) പഠിതാവുമാണ്. പ്ലസ് വണ്‍ തുല്യതയ്ക്ക് 26 കേന്ദ്രങ്ങളിലായി 2195 പഠിതാക്കളുണ്ട്. ഇതില്‍ 665 എസ്.സി, 77 എസ്. ടി, ഒരു ടി.ജി പഠിതാക്കള്‍ ഉള്‍പ്പെടുന്നു. 1075 എസ്.സി, 114 എസ്.ടി, രണ്ട് ടി.ജി പഠിതാക്കളുള്‍പ്പെടെ 34 കേന്ദ്രങ്ങളിലായി പ്ലസ് ടു തുല്യതയ്ക്ക് 3197 പേരാണുള്ളത്. ഏഴാം തരം തുല്യതയ്ക്ക് 1007 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ അക്ഷരം യൂട്യൂബ് ചാനല്‍ മുഖേനയും ക്ലാസുകള്‍ ലഭ്യമാണ്. ജില്ലാ സാക്ഷരതാ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി, കോഴ്സ് കണ്‍വീനര്‍ ഡോ. പി.സി.ഏലിയാമ്മ എന്നിവര്‍ പങ്കെടുത്തു.

Related News