Loading ...

Home sports

ലിവര്‍പൂള്‍ നായകന്‍ ജോര്‍ഡന്‍ ഹെന്‍ഡേഴ്സണ് പ്ലേയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം

ലിവര്‍പൂളിന്റെ മധ്യനിരതാരവും ക്ലബ്ബ് നായകനുമായ ജോഡന്‍ ഹെന്‍ഡേഴ്‌സണ് ഫുട്‍ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ പ്ലേയര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം. ഇംഗ്ലീഷ് മാധ്യമങ്ങളിലെയും വാര്‍ത്ത ഏജന്സികളിലെയും ഫുട്‍ബോള്‍ എഴുത്തുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സംഘടനയാണ് ഫുട്‍ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍. വോട്ടിങ്ങിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. ലിവര്‍പൂളിലെ സഹതാരങ്ങളായ വെര്‍ജില്‍ വാന്‍ ഡൈക്, സാദിയോ മാനേ, മോ സലാ, മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ബ്രൂയ്ന്‍, യുണൈറ്റഡ് താരം മാര്‍ക്കസ് രാഷ്‌ഫോഡ് എന്നിവരെ പിന്തള്ളിയാണ് ഹെന്‍ഡേഴ്‌സണ്‍ വിജയിയാവുന്നത്. പ്രീമിയര്‍ ലീഗിലെ മികച്ച സീസണും തുടരെ തുടരെയുള്ള കിരീടനേട്ടങ്ങളുമാണ് ഹെന്‍ഡേഴ്‌സനെ തുണച്ചത്. യുവേഫ ചാമ്ബ്യന്‍സ് ലീഗ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവ നേടിയ ലിവര്‍പൂള്‍ ടീമിനെ നയിച്ചത് ഹെന്‍ഡേഴ്‌സണാണ്. "എനിക്ക് വോട്ട് ചെയ്തവര്‍ക്കും ഫുട്‍ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന് പൊതുവിലും എന്റെ നന്ദി അറിയിക്കുന്നു. മുന്‍പ് നേടിയിട്ടുള്ളത് ആരൊക്കെയാണ് എന്ന് നോക്കിയാല്‍ തന്നെ എത്ര വലയ പുരസ്കാരമാണ് ഇതെന്ന് നിങ്ങള്‍ക്ക് അറിയാം. അതില്‍ സ്റ്റീവന്‍ ജെറാഡ്, ലൂയിസ് സുവാരസ്, മോ സലാ എന്നിവരോടൊപ്പം കളിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്," പുരസ്‌കാരത്തിന് നന്ദി അറിയിച്ചുകൊണ്ട് ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. ക്ലബ്ബ് നായകത്വത്തിന് പുറമെ നിര്‍ണായകമായ സമയങ്ങളില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിക്കാനുള്ള കഴിവും ഹെന്‍ഡേഴ്‌സണ് തുണയായി. നാല് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് പ്രീമിയര്‍ ലീഗ് സീസണില്‍ ലിയവര്‍പൂള്‍ നായകന്‍റെ സമ്ബാദ്യം. ഇംഗ്ലീഷ് ഫുട്‍ബോളില്‍ ലിവര്‍പൂളിനുള്ള അപ്രമാദിത്വം വ്യക്തമാകുന്നതാണ് ഈ വര്‍ഷത്തെ വോട്ടിങ്. ലിവര്‍പൂളിന്റെ റൈറ്റ് ബാക്ക് ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍ണോള്‍ഡ്, ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കര്‍ എന്നിവരും വോട്ട് നേടി.

Related News