Loading ...

Home sports

ഐപിഎല്‍ ഈ സീസണ്‍ സെപ്തംബര്‍ 19 ന് തുടങ്ങും; ഫൈനല്‍ നവംബര്‍ 8 ന് നടക്കും, മത്സരങ്ങള്‍ യുഎഇയില്‍

ഇന്ത്യന്‍ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി 20 ട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്തംബര്‍ 19 മുതല്‍ യുഎഇ യില്‍ നടക്കും. നവംബര്‍ 8 നാണ് ഫൈനല്‍. ബിസിസിഐയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അടുത്തയാഴ്ച ഐപിഎല്‍ വിദഗ്ദ്ധ സമിതി യോഗം ചേര്‍ന്ന ശേഷം അന്തിമ തീരുമാനം പുറത്തുവിടും. ഫ്രാഞ്ചൈസികള്‍ക്കും ഓഹരി ഉടമകള്‍ക്കും സംപ്രേക്ഷകര്‍ക്കുമെല്ലാം തയ്യാറെടുക്കാന്‍ 51 ദിവസത്തെ സമയം കിട്ടുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി. ടീമുകള്‍ ഓഗസ്റ്റ് 20 ഓടെ യുഎഇ യിലേക്ക് ​പോകും. ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ട്വന്റി 20 ലോകകപ്പ് മാറ്റി വെച്ചതോടെയാണ് ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ യ്ക്ക് തുണയായത്. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായിരുന്നു ലോകകപ്പ് പദ്ധതിയിട്ടിരുന്നതെങ്കിലും കോവിഡിന്റെ ആക്രമണം എല്ലാം താളം തെറ്റിച്ചു. ഇന്ത്യയ്ക്ക് പുറത്താണ് ഇത്തവണ ഐപിഎല്‍ നടക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മത്സരം നടക്കാന്‍ സാഹചര്യമില്ലാതായതോടെയാണ് വേറെ വേദി പരിഗണിച്ചത്. ഇക്കാര്യത്തില്‍ ആതിഥേയത്വം വഹിക്കാന്‍ യുഎഇ തയ്യാറാകുകയായിരുന്നു. അതിനിടയില്‍ സെപ്തംബര്‍ 26 നേ മത്സരം ആരംഭിക്കൂ എന്നൊരു വിവരം കൂടിയുണ്ട്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ ടൂര്‍ മുന്‍ നിര്‍ത്തിയായിരിക്കും പക്ഷേ അന്തിമ തീരുമാനം വരിക. ഓസ്‌ട്രേലിയയുമായി നാലു ടെസ്റ്റുകളില്‍ കളിക്കുന്ന ഇന്ത്യ ആദ്യ ടെസ്റ്റിനായി ഡിസംബര്‍ 3 ന് ബ്രിസ് ബെയ്‌നില്‍ ആണ് ഇറങ്ങുക. പരമ്ബരയ്ക്ക് പോകുന്ന ഇന്ത്യന്‍ ടീം 14 ദിവസം ഓസ്‌ട്രേലിയയില്‍ ക്വാറന്റൈനില്‍ പോകേണ്ടി വരും. ഇവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള സമയം കൂടി മുന്നില്‍ കണ്ടാണ് ഐപിഎല്ലിന്റെ തീയതികളും തീരുമാനിക്കുക. സാധാരണഗതിയില്‍ ഐപിഎല്‍ ടീമുകള്‍ക്ക് ഒരു മാസമെങ്കിലും പരിശീലനത്തിന് വേണ്ടി വരും. ഓഗസ്റ്റ് പകുതിയോടെ മത്സരത്തിനായി പോകുന്ന ഫ്രാഞ്ചൈസികള്‍ക്ക് ഒരു മാസം തയ്യാറെടുപ്പിന് സമയം കിട്ടും. സാധാരണഗതിയില്‍ മാര്‍ച്ച്‌ അവസാനം നടക്കാറുള്ള ഐപിഎല്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് മുടങ്ങിയത്. രോഗ വ്യാപനവും യാത്രാ വിലക്കും മറ്റും ടീമുകള്‍ക്ക് തിരിച്ചടിയായി. ടൂര്‍ണമെന്റിന്റെ ഈ സീസണ ഉപേക്ഷിക്കാന്‍ വരെ ആലോചന ഉയര്‍ന്നെങ്കിലും ഈ വര്‍ഷം തന്നെ മത്സരം നടത്തുമെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി തന്നെ പറയുകയായിരുന്നു. നിലവിലെ ചാംപ്യന്മാര്‍ മുംബൈ ഇന്ത്യന്‍സാണ്.

Related News