Loading ...

Home Gulf

സൗദി അന്താരാഷ്ട്ര കര അതിര്‍ത്തികള്‍ തുറന്നു

റിയാദ് : സൗദി അറേബ്യയിലേക്ക് അയല്‍ ജി സി സി രാജ്യങ്ങളില്‍ നിന്നുള്ള കര അതിര്‍ത്തികള്‍ വ്യാഴാഴ്ച മുതല്‍ തുറന്നു. ഇതുവഴി ജിസി സി രാജ്യങ്ങളിലും ജോര്‍ദാനിലെ കുടുങ്ങിപ്പോയ സൗദി പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗദിയിലേക്ക് തിരിച്ചു വരാന്‍ സാധിക്കും. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയും രാജ്യാന്തര അതിര്‍ത്തികള്‍ അടക്കുകയും ചെയ്തതോടെയാണ് സൗദി പൗരന്മാര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയത്. ഇവരെ തിരിച്ചെത്തിക്കാനായി പ്രത്യേക വിമാന സര്‍വ്വീസുകള്‍ സൗദി അറേബ്യ ആരംഭിക്കുകയും നിരവധി പേരെ രാജ്യത്ത് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുവൈറ്റ്, ബഹ്റൈന്‍, യുഎ ഇ എന്നിവിടങ്ങളില്‍ നിന്നുള്ള അല്‍ ഖഫ്ജി, അല്‍ റഖായി, കിംഗ് ഫഹദ് കോസ്വേ, അല്‍ ബത്ത എന്നീ കര അതിര്‍ത്തികള്‍ അടഞ്ഞു കിടക്കുകയായിരുന്നു. ഇനി മുതല്‍ ഇതുവഴി ജി സി സി രാജ്യങ്ങളിലും ജോര്‍ദാനിലും കുടുങ്ങിയ സൗദി പൗരന്മാര്‍ക്കും, അവരുടെ മാതാപിതാക്കള്‍, മക്കള്‍, വീട്ടു ജോലിക്കാര്‍ എന്നിവര്‍ക്കും തിരികെയെത്താവുന്നതാണ്. ഇതിനു മുന്‍കൂട്ടി അനുമതി ലഭ്യമാക്കേണ്ട ആവശ്യമില്ലെന്നു സൗദി പാസ്സ്പോര്‍ട്ട് വിഭാഗം അറിയിച്ചു.

സൗദിയിലേക്ക് വരുന്നതിനായി ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞവര്‍ക്കും കിംഗ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് കടക്കാവുന്നതാണ് എന്ന് ബഹ്റൈനിലെ സൗദി എംബസി അറിയിച്ചു.
അതേസമയം സൗദിയിലേക്ക് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് ഒരു നിശ്ചിത തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ജൂണില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര സര്‍വ്വീസുകള്‍ തുടങ്ങുന്നത് തീരുമാനമായിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഊഹാപോഹങ്ങള്‍ പരക്കുന്നതിനാലാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നതെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി പറഞ്ഞു.

Related News