Loading ...

Home celebrity

വയലാറിന്‍െറ പ്രസംഗങ്ങള്‍ by സുബ്രഹ്മണ്യന്‍ അമ്പാടി

ഒക്ടോബര്‍ 27ന് വയലാറിന്‍െറ സ്മരണക്ക് 41 വയസ്സ്. കവിയും ഗാരചയിതാവുമായിരുന്ന വയലാറിന്‍െറ രണ്ട് പ്രസംഗങ്ങളെ ഓര്‍ക്കുകയാണിവിടെ...മനുഷ്യാവകാശങ്ങളുടെ പോരാട്ടചരിത്രത്തിലെ ദീപവഴിയായ വൈക്കം സത്യഗ്രഹത്തിന്‍െറ കനകജൂബിലി ആഘോഷം വൈക്കത്ത് നടക്കുകയാണ്. ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് 1975 ഏപ്രില്‍ 27ന് വൈക്കം സത്യഗ്രഹ സേനാനികള്‍ക്ക് സ്വീകരണവും ബഹുമതികളും നല്‍കിയ സമ്മേളനത്തില്‍ മലയാളത്തിന്‍െറ ഗന്ധര്‍വകവി സാക്ഷാല്‍ വയലാര്‍ രാമവര്‍മയും പങ്കെടുക്കുന്നുണ്ട്. ഒപ്പം പുത്രന്‍ ശരത്ചന്ദ്രനുമുണ്ട്. പ്രശസ്ത എഴുത്തുകാരനും വയലാറിന്‍െറ പ്രിയ സുഹൃത്തുമായ വൈക്കം ചന്ദ്രശേഖരന്‍ നായരുമുണ്ട് കൂടെ. സത്യഗ്രഹ നായകരുടെ സമ്മേളനവേദിയില്‍ വയലാര്‍ ഒരു മണിക്കൂറിലേറെ ഉജ്ജ്വലമായി പ്രസംഗിച്ച് നിറഞ്ഞുനിന്നു. വയലാറിന്‍െറ കൈപിടിച്ചുവന്ന ആ കൊച്ചുപയ്യന്‍, ഇന്നത്തെ പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ അതേപറ്റി പറയുന്നതിങ്ങനെ, ‘അന്നെനിക്ക് പത്തുവയസ്സ്. ഞാന്‍ കേട്ട അച്ഛന്‍െറ അവസാന പ്രസംഗം അതായിരുന്നു.’നാടിളക്കിയ നവോത്ഥാന സമരത്തിന് നേതൃത്വം കൊടുത്ത മഹാന്മാരുടെ നായകത്വത്തെ ഏറെ പുകഴ്ത്തിയായിരുന്നു വയലാറിന്‍െറ വാക്കുകള്‍. വൈക്കം ക്ഷേത്രാരാധനക്കെത്തിയ ഈഴവരുടെ തലകള്‍ വെട്ടിമൂടിയ ദളവാക്കുളവും വേലുത്തമ്പിദളവയുടെ പൈശാചികതയും അവരണ്ണനെ അകറ്റിയ തീണ്ടല്‍പലകയും 99ലെ കൊടും വെള്ളപ്പൊക്കത്തിലും സമരത്തിന്‍െറ മുന്നില്‍ പതറാതെനിന്ന സത്യഗ്രഹനേതാക്കളുടെ ജീവിതവും ശ്രീനാരായണ ഗുരുദേവന്‍ വൈക്കത്തത്തെി സത്യഗ്രഹത്തെ അനുഗ്രഹിച്ചതും സഹായിച്ചതും വൈക്കം സത്യഗ്രഹാശ്രമത്തിലെത്തിയ മഹാത്മാഗാന്ധിയെ കാണുന്നതിന് നാലപ്പാട്ടു നാരായണമേനോനൊപ്പം മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍ എത്തി ‘എന്‍െറ ഗുരുനാഥന്‍’ എന്ന കവിതയുള്ള തന്‍െറ കൃതി സാഹിത്യ മഞ്ജരി ഉപഹാരമായി സമര്‍പ്പിച്ച് നമസ്കരിച്ചതുമൊക്കെ ആ വാക്കുകളില്‍ നിറഞ്ഞുനിന്നു. പാണാവള്ളി കൃഷ്ണന്‍ വൈദ്യന്‍ രചിച്ച പ്രശസ്ത സത്യഗ്രഹഗാനവും അയവിറക്കി. ശ്രോതാക്കളെ വൈക്കം സത്യഗ്രഹത്തിന്‍െറ ചോരയും കണ്ണീരും വീണ വീഥികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മനുഷ്യമനസ്സുകളില്‍നിന്നാണ് മതവും ജാതിയും അയിത്തവും നീക്കംചെയ്യേണ്ടതെന്ന സന്ദേശവും നല്‍കി പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സദസ്സില്‍നിന്ന് കരഘോഷം മുഴങ്ങി. ഒരു മണിക്കൂറില്‍ കവിഞ്ഞ പ്രസംഗം സദസ്സിന് പുതിയൊരു അനുഭവമായിരുന്നു. കനകജൂബിലിയോടനുബന്ധിച്ച് ഒട്ടനവധി സമ്മേളനങ്ങള്‍ നടന്നുവെങ്കിലും, അതില്‍ പങ്കെടുത്ത തലമുതിര്‍ന്ന പലരുടെയും ഓര്‍മയില്‍ ജ്വലിച്ചുനില്‍ക്കുന്നത് വയലാര്‍ രാമവര്‍മയുടെ പ്രസംഗമാണ്.അതേ വര്‍ഷംതന്നെ വയലാറിന്‍െറ മറ്റൊരു ഗംഭീരപ്രസംഗവും അരങ്ങേറി, 1975 ഒക്ടോബര്‍ 21ാം തീയതി ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജിന്‍െറ ആര്‍ട്സ് ക്ളബ് ഉദ്ഘാടന പ്രസംഗം. വയലാര്‍ ഉദ്ഘാടനചടങ്ങിന് എത്താന്‍ താമസിച്ചതിനാല്‍ പ്രശസ്ത സിനിമാനടന്‍ എം.ജി. സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പ്രഫ. അമ്പലപ്പുഴ രാമവര്‍മ, പ്രിന്‍സിപ്പല്‍ പ്രഫ. ആര്‍.എസ്. പണിക്കര്‍, പ്രശസ്ത സംഗീതജ്ഞന്‍ എല്‍.പി.ആര്‍. വര്‍മ എന്നിവര്‍ വേദിയില്‍. അധ്യക്ഷന്‍െറയും ഉദ്ഘാടകന്‍െറയും പ്രസംഗം കഴിഞ്ഞപ്പോള്‍ വയലാറത്തെി. സദസ്സിനോട് ക്ഷമാപണത്തോടെ തുടങ്ങിയ പ്രസംഗം മനുഷ്യന്‍െറ ശക്തിയിലും സ്നേഹത്തിലും ഊന്നിക്കൊണ്ടായിരുന്നു. വിശ്വാസങ്ങളെയും ചൂഷണങ്ങളെയും എതിര്‍ത്തുകൊണ്ടും സമൂഹത്തിന്‍െറ അടിത്തട്ടില്‍ ജീവിക്കുന്നവരുടെ പോരാട്ടങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും അദ്ദേഹം കേള്‍വിക്കാരോട് സംവദിച്ചു.

വൈക്കം സത്യാഗ്രഹികള്‍ക്ക് സ്വീകരണവും ബഹുമതിയും നല്‍കിയ സമ്മേളനത്തില്‍ വയലാര്‍ രാമവര്‍മ പ്രസംഗിക്കുന്നു
 

പൗരാണികമിത്തുകളും പഴഞ്ചൊല്ലുകളും കൂട്ടിക്കലര്‍ത്തിയ ആ പ്രസംഗം അവസാനിച്ചത്,
‘മനുഷ്യന്‍- സൗന്ദര്യത്തെ സത്യത്തെ,
സംസ്കാരത്തെയുണര്‍ത്തിജ്ജീവിപ്പിക്കും
സാമൂഹ്യമനുഷ്യന്‍ ഞാന്‍’
എന്ന വരികളോടെയായിരുന്നു. പ്രസംഗത്തിനുശേഷം വേദിയിലുണ്ടായിരുന്ന ആത്മസുഹൃത്തായ പ്രശസ്ത സംഗീതജ്ഞന്‍ എല്‍.പി.ആര്‍. വര്‍മയെ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചു. വയലാറിന്‍െറ നിര്‍ബന്ധംമൂലം ‘സന്ധ്യാവന്ദനം’ സിനിമക്കുവേണ്ടി വയലാറെഴുതി എല്‍.പി.ആര്‍. വര്‍മ സംഗീതം നല്‍കി യേശുദാസ് പാടിയ പാട്ട് എല്‍.പി.ആര്‍. വര്‍മയെക്കൊണ്ട് പാടിപ്പിച്ചു.
‘സന്ധ്യാവന്ദനം-വന്ദനം
ദു$ഖസംഗീത പ്രിയകളാം സ്വപ്നങ്ങളെ
സന്ധ്യാവന്ദനം .............
ഉദകം... ഉദകം...ഉദകം
നിങ്ങള്‍ക്കന്ത്യോദകം.’
അറിഞ്ഞോ അറിയാതെയോ പാടിപ്പിച്ച പാട്ട് വയലാറിന് അറംപറ്റിയപോലെ അന്ത്യോദകമായെന്നതാണ് വേദനജനകം. അതെ, അതദ്ദേഹത്തിന്‍െറ അവസാനപ്രസംഗമായിരുന്നു. ആ പ്രസംഗം കഴിഞ്ഞ് ആറാം ദിവസം, ഒക്ടോബര്‍ 27ന് അദ്ദേഹം വിട പറഞ്ഞു. അന്ന് വേദി വിട്ടിറങ്ങിയപ്പോള്‍, അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും നടന്നിരുന്ന ഒരു ആരാധകന്‍ കൊടുത്ത നോട്ട്ബുക്കില്‍ അദ്ദേഹം എഴുതി,
‘പണ്ടേ തുരുമ്പിച്ച പൊന്നുടവാളുമായ് തെണ്ടാതിരിക്കട്ടെ,
നാളെയീക്ഷത്രീയന്‍.’
ആ വരികള്‍ കുറിച്ചുവാങ്ങി അനുഗ്രഹം കിട്ടിയ വിദ്യാര്‍ഥി മലയാള കാവ്യലോകത്തിന്‍െറ പടവുകള്‍ ചവിട്ടിക്കയറിയത് മറ്റൊരു ചരിത്രം. ഈ വരികളില്‍നിന്നു കിട്ടിയ ഊര്‍ജവും അനുഗ്രഹവുമായിരുന്നു തന്‍െറ കാവ്യജീവിതത്തിന്‍െറ ഇന്ധനമെന്ന് കവി പ്രഭാവര്‍മ ഓര്‍ക്കുന്നു.
വയലാര്‍ രാമവര്‍മയുടെ ദര്‍ശനങ്ങള്‍ ഇന്നും സാധാരണക്കാരന്‍െറ ഹൃദയത്തില്‍ മനോജ്ഞകല്‍പനകള്‍ നിറച്ച് ‘എനിക്കു മരണമില്ല’ എന്നു പ്രഖ്യാപിച്ചു കൊണ്ട് ജീവിക്കുന്നു. മലയാളത്തിന്‍െറ പ്രിയകവി ഒ.എന്‍.വി, വയലാറിന്‍െറ സമ്പൂര്‍ണ കൃതികളുടെ അവതാരികയില്‍ ‘കാലം തെളിയിച്ചിരിക്കുന്നു, കവി കാലത്തെ അതിജീവിച്ചേ മതിയാകൂ. വയലാര്‍ കാലാതിവര്‍ത്തിയായ കവിയാണ്’ എന്നെഴുതുന്നു. കേരളചരിത്രത്തില്‍ ക്രാന്തദര്‍ശിയായ നവോത്ഥാന നായകനായിരുന്നു വയലാറെന്ന് അദ്ദേഹത്തിന്‍െറ കവിതകള്‍ക്കും പാട്ടുകള്‍ക്കുമൊപ്പം പ്രസംഗങ്ങള്‍കൂടി വിളിച്ചുപറയുന്നു.

Related News