Loading ...

Home International

കൊവിഡ് വാക്സിൻ പരീക്ഷണ വിവരങ്ങൾ റഷ്യ മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി രാജ്യങ്ങൾ

ലണ്ടന്‍: കോവിഡ് മഹാമാരിക്കെതിരായ വാക്സിന്‍ ഉടന്‍ തന്നെ എത്തുമെന്ന പ്രതീക്ഷയിലാണ് ലോകം. കോവിഡ് വാക്സിന്റെ പരീക്ഷണത്തില്‍ റഷ്യ വിജയത്തിലേക്ക് അടുക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. അതിനിടെ റഷ്യക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി അമേരിക്ക, ബ്രിട്ടന്‍, കാനഡ രാജ്യങ്ങള്‍ രം​ഗത്തെത്തി. കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിലേര്‍പ്പെട്ട ഗവേഷകരില്‍ നിന്ന് റഷ്യ വിവരങ്ങള്‍ മോഷ്ടിക്കുന്നുണ്ടെന്ന ആരോപണമാണ് ഈ മൂന്ന് രാജ്യങ്ങളും ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. കോസി ബിയര്‍ എന്നറിയപ്പെടുന്ന എപിടി29 എന്ന ഹാക്കിങ് ഗ്രൂപ്പാണ് വിവരങ്ങള്‍ കവരുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും ഇവര്‍ ആരോപിച്ചു. കൊറോണ വാക്‌സിന്‍ വികസനത്തിലേര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കു നേരെയാണ് എപിടി29 ന്റെ സൈബര്‍ ആക്രമണമുണ്ടായിരിക്കുന്നത്. ഭൗതിക സ്വത്തവകാശം (intellectual property) മോഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കാനഡ- യുഎസ് അധികൃതരെ ഏകോപിപ്പിച്ച്‌ ബ്രിട്ടീഷ് സൈബര്‍ സുരക്ഷാ കേന്ദ്രമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. ഏതെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തയില്ലെങ്കിലും വ്യക്തികളുടെ വിവരങ്ങള്‍ അപഹരിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് സൈബര്‍ സെക്യൂരിറ്റി സെന്റര്‍ അറിയിച്ചു. കോസി ബിയര്‍ എന്നത് 2016-ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇ-മെയിലുകള്‍ മോഷ്ടിച്ച ഹാക്കിങ് ഗ്രൂപ്പാണെന്ന് യുഎസ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Related News