Loading ...

Home International

സിറിയയിലേക്ക്‌ സഹായം; യുഎന്‍ പ്രമേയം പാസായി

വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറന്‍ സിറിയയിലേക്ക് തുര്‍ക്കി അതിര്‍ത്തിവഴി ഒരുവര്‍ഷംകൂടി സഹായം എത്തിക്കുന്നതിന് അനുവദിക്കുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഒരാഴ്ചയോളം നീണ്ട തര്‍ക്കത്തിനും രണ്ടുവട്ടം വീറ്റോയ്ക്കുംശേഷമാണ് ജര്‍മനിയും ബെല്‍ജിയവും ചേര്‍ന്ന് അവതരിപ്പിച്ച ഒത്തുതീര്‍പ്പ് പ്രമേയം പാസായത്. അതിര്‍ത്തിയില്‍ ഒരു വഴിയിലൂടെ സഹായം കടത്തിവിട്ടാല്‍ മതി എന്ന റഷ്യയുടെ ആവശ്യം അംഗീകരിച്ചുള്ളതാണ് ഒത്തുതീര്‍പ്പ്. രണ്ട് വഴിയിലൂടെ സഹായം വിടണം എന്നാവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞയാഴ്ച രണ്ടുതവണ ഭൂരിപക്ഷം അംഗങ്ങള്‍ അംഗീകരിച്ചെങ്കിലും റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ശനിയാഴ്ച പ്രമേയത്തെ 12 രാജ്യം അംഗീകരിച്ചപ്പോള്‍ റഷ്യ, ചൈന, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ വിട്ടുനിന്ന് സഹകരിച്ചു. റഷ്യയുടെ മറ്റ് രണ്ട് ആവശ്യം തള്ളിയതിനാലാണ് വിട്ടുനിന്നത് എന്നാണ് സൂചന. സിറിയക്കുമേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടിച്ചേല്‍പ്പിച്ച ഉപരോധംമൂലമുള്ള മാനുഷിക പ്രശ്നത്തിലേക്ക് ശ്രദ്ധ ക്ഷണിച്ച്‌ റഷ്യ അവതരിപ്പിച്ച രണ്ട് പ്രമേയം കഴിഞ്ഞയാഴ്ച പാശ്ചാത്യരാജ്യങ്ങളുടെ അംഗബലം ഉപയോഗിച്ച്‌ തള്ളിയിരുന്നു. സിറിയക്കുമേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള സമ്മര്‍ദ നടപടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങള്‍ 60 ദിവസം കൂടുമ്ബോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യുഎന്‍ സെക്രട്ടറി ജനറലിനോട് ആവശ്യപ്പെടുന്ന റഷ്യയുടെ ഭേദഗതിയാണ് ശനിയാഴ്ച തള്ളിയതില്‍ ഒന്ന്. 15 അംഗരാജ്യങ്ങളില്‍ ഭേദഗതി പാസാകാന്‍ ഒമ്ബത് എണ്ണത്തിന്റെ പിന്തുണ വേണ്ടിടത്ത് വിയത്നാം, ദക്ഷിണാഫ്രിക്ക, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രെനഡയിന്‍സ് എന്നിവയടക്കം അഞ്ച് രാജ്യം പിന്തുണച്ചപ്പോള്‍ അമേരിക്കന്‍ പക്ഷത്തെ ആറ് രാജ്യം എതിര്‍ത്തു. നാല് രാജ്യം വിട്ടുനിന്നു.

Related News