Loading ...

Home sports

വീണ്ടും ഗോളടിമേളം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് പുതിയ റെക്കോര്‍ഡ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിജയക്കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന എവേ മല്‍സരത്തില്‍ ആസ്റ്റന്‍വില്ലയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു യുനൈറ്റഡ് തകര്‍ത്തെറിഞ്ഞു. മറ്റൊരു കളിയില്‍ ടോട്ടനം ഹോട്‌സ്പറിനെ ബോണ്‍മൗത്ത് 1-1നു കുരുക്കിയപ്പോള്‍ എവേര്‍ട്ടനെ സതാംപ്റ്റണ്‍ 1-1നു തളച്ചു. അതേസമയം, സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യ 2-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും മയോര്‍ക്ക 2-0ന് ലെവന്റെയെയും പരാജയപ്പെടുത്തി. ഐബര്‍- ലെഗന്‍സ് മല്‍സരം ഗോള്‍രഹിതമായി പിരിയുകയായിരുന്നു. ഇറ്റാലിയന്‍ സെരി എയില്‍ രണ്ടു മല്‍സരങ്ങളാണ് നടന്നത്. ഇന്റര്‍മിലാനെ വെറോണ 2-2നു പിടിച്ചുനിര്‍ത്തി. മറ്റൊരു കളിയില്‍ ഉഡിനെസ് 3-0ന് സ്പാളിനെ തകര്‍ത്തുവിട്ടു. യുനൈറ്റഡിന് റെക്കോര്‍ഡ് വില്ലയ്‌ക്കെതിരേ നേടിയ മികച്ച ജയത്തോടെ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡാണ് യുനൈറ്റഡ് കുറിച്ചത്. തുടര്‍ച്ചയായി നാലാമത്തെ മല്‍സരത്തിലാണ് അവര്‍ മൂന്നോ അതിലധികമോ ഗോശള്‍ മാര്‍ജിനില്‍ ജയിക്കുന്നത്. ഇതാദ്യമാണ് ലീഗില്‍ ഒരു ടീം തുടര്‍ച്ചയായി നാലു മല്‍സരങ്ങിള്‍ ഈ നേട്ടം കൈവരിക്കുന്നത്.

ബ്രൂണോ ഫെര്‍ണാണ്ടസ് (27ാം മിനിറ്റ്), മാസണ്‍ ഗ്രീന്‍വുഡ് (45), പോള്‍ പോഗ്ബ (58) എന്നിവരാണ് യുനൈറ്റഡിന്റെ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ ടോപ്പ് ത്രീ സാധ്യതകള്‍ യുനൈറ്റഡ് നിലനിര്‍ത്തുകയും ചെയ്തു. മൂന്നാമതുള്ള ചെല്‍സിയുമായി രണ്ടും നാലാമതുള്ള ലെസ്റ്റര്‍ സിറ്റിയുമായി ഒരു പോയിന്റിന്റെയും വ്യത്യാസം മാത്രമേ യുനൈറ്റഡിനുള്ളൂ. അടുത്ത റൗണ്ടില്‍ ചെല്‍സിയും ലെസ്റ്ററും തോല്‍ക്കുകയും യുനൈറ്റഡ് ജയിക്കുകയും ചെയ്താല്‍ അവര്‍ ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറും.വിവിധ ടൂര്‍ണമെന്റുകളിലായി യുനൈറ്റ് തോല്‍വിയറിയാതെയുളള മുന്നേറ്റം തുടരുകയാണ്. ജനുവരി 17നു ശേഷം കളിച്ച ഒരു മല്‍സരത്തിലും യുനൈറ്റഡിന് പരാജയം നേരിട്ടിട്ടില്ല. അതേസമയം ലാ ലിഗയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് സെവിയ്യ 2-1നു ബില്‍ബാവോയെ തോല്‍പ്പിച്ചത്. ആന്‍ഡര്‍ കെപ്പയുടെ ഗോളില്‍ 29ാം മിനിറ്റില്‍ ബില്‍ബാവോ ലീഡ് നേടിയിരുന്നു. എവര്‍ ബനേഗ (69), മുനീര്‍ എല്‍ ഹദാദി (74) എന്നിവരുടെ ഗോളുകളില്‍ സെവിയ്യ ജയിച്ചു കയറുകയായിരുന്നു.

Related News