Loading ...

Home National

ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ഞായറാഴ്ച മുതല്‍ യു എ ഇയിലേക്ക് മടങ്ങാം

അബുദബി:രാജ്യത്ത് കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ യു എ ഇയിലേക്ക് പോകാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. ഞായറാഴ്ച മുതല്‍ 15 ദിവസത്തേക്കാണ് പോകാന്‍ സാധിക്കുക. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. യു എ ഇ വിമാനക്കമ്ബനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും പ്രവാസികള്‍ക്ക് പോകാം. ഐ സി എ അല്ലെങ്കില്‍ ജി ഡി ആര്‍ എഫ് എ അംഗീകാരമുള്ള താമസക്കാര്‍ക്ക് മാത്രമാണ് യു എ ഇയിലേക്ക് പോകാന്‍ സാധിക്കുക. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സര്‍വീസുകള്‍ നടത്തും. ജൂലൈ 26 വരെയാണ് പോകാന്‍ സാധിക്കുക. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോകുകയാണെങ്കിലും ഈ നിബന്ധനകള്‍ പാലിക്കണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യയും യു എ ഇയും ആകാശ പാതകള്‍ അടച്ചതിനാല്‍ നിരവധി പേര്‍ ഇരുരാജ്യങ്ങളിലും കുടുങ്ങുകയായിരുന്നു. മെയ് മാസം മുതല്‍ വന്ദേഭാരത് മിഷനിലൂടെ പ്രത്യേക വിമാനങ്ങളില്‍ യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്നെങ്കിലും ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് മടങ്ങാന്‍ സ്വകാര്യ ബിസിനസ്സ് ജെറ്റുകളെ ആശ്രയിക്കേണ്ടിയിരുന്നു. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തതാണ് ഇതിന്റെ ടിക്കറ്റ്. എന്നാല്‍, പുതിയ പ്രഖ്യാപനം യു എ ഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

Related News