Loading ...

Home National

കോവാക്‌സിന്‍ മനുഷ്യരിലെ പരീക്ഷണം വെള്ളിയാഴ്ച തുടങ്ങും

പാട്ന: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ 'കോവാക്‌സി'ന്റെ ക്ലിനിക്കല്‍ ട്രയല്‍ വെള്ളിയാഴ്ച (ജൂലൈ 10) തുടങ്ങും. പട്നയിലെ എയിംസില്‍ അഞ്ച് വിദ​ഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും മനുഷ്യരിലെ വാക്സിന്‍ പരീക്ഷണം നടത്തുക. ഐസിഎംആറിന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് മനുഷ്യരില്‍ പരീക്ഷണം നടത്താനുള്ള ഒരുക്കങ്ങള്‍ വേ​ഗത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി പരിചയമുള്ള വിദ​ഗ്ധരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ആദ്യഘട്ട ട്രയലിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങിയെന്നും എയിംസ് തലവന്‍ ‌ഡോ സി എം സിങ് പറഞ്ഞു. 100 പേരില്‍ പരീക്ഷണം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. മനുഷ്യരിലെ പരീക്ഷണം പൂര്‍ത്തിയാകാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സമയമെടുക്കുമെന്നും ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ 28 ദിവസം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ലിനിക്കല്‍ ട്രയലിന് കൂടുതല്‍ ആളുക്കള്‍ സന്നദ്ധത അറിയിക്കുന്നതനുസരിച്ച്‌ പരീക്ഷണം നടത്തുന്നതിന്റെ എണ്ണം ഉയര്‍ത്തുമെന്ന് സിങ് പറഞ്ഞു. പരീക്ഷണത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ട് ഐസിഎംആറിന് കൈമാറും. എല്ലാം നന്നായി വന്നാല്‍ വാക്സിന്‍ ഉടന്‍തന്നെ വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. മൂന്ന് ഘട്ടമായാണ് പരീക്ഷണം നടത്തുക. ആദ്യ ഘട്ടത്തിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും മറ്റ് ഘട്ടങ്ങളിലേക്ക് കടക്കുക. മുമ്ബ് എലികളിലും മുയലിലും നടത്തിയ പരീക്ഷണം വിജയിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഐസിഎംആറിന്റെ അനുമതി ലഭിച്ചത്.

Related News