Loading ...

Home International

മലേറിയ, എച്ച്‌ഐവി മരുന്നുകള്‍ കോവിഡ് രോഗികള്‍ക്കു നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിർദ്ദേശം

ജനീവ: മലേറിയ ചികിത്സയ്ക്കും പ്രതിരോധത്തിനും ഉപയോഗിച്ചു വരുന്ന ഹൈഡ്രോക്സി ക്ളോറോക്വിനും എച്ച്‌ഐവി ബാധിതരെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ലോപിനാവിര്‍, റിട്ടൊനാവിര്‍ സംയുക്തവും ഇനിമുതല്‍ കോവിഡ് രോഗികള്‍ക്ക് നല്‍കരുതെന്ന് ലോകാരോഗ്യസംഘടന.

ആശുപത്രിയില്‍ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് ഈ മരുന്നുകള്‍ നല്‍കിയിട്ടും മരണസംഖ്യ കുറയാത്തതാണ് പരീക്ഷണവിഭാഗം അന്തര്‍ദേശീയ സ്റ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനുപിന്നിലെന്ന് സംഘടന വിശദീകരിക്കുന്നു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലില്ലാത്തവരുടെ കാര്യത്തിലും പ്രതിരോധമരുന്നായും ഇവ ഉപയോഗിക്കുന്നതുസംബന്ധിച്ച്‌ വിവിധ രാജ്യങ്ങളിലായി നടന്നുവരുന്ന പഠനങ്ങളെ തീരുമാനം ബാധിക്കില്ലെന്നും സംഘടന അറിയിച്ചു. കൃത്യമായ പരിചരണം; റെംഡെസിവിര്‍; ഹൈഡ്രോക്സിക്ളോറോക്വിന്‍, ലോപിനാവിര്‍, റിട്ടൊനാവിര്‍, ലോപിനാവിര്‍-റിട്ടൊനാവിര്‍ സംയുക്തം എന്നിങ്ങനെ അഞ്ചുവിഭാഗങ്ങളിലായാണ് കോവിഡ് സാധ്യതാചികിത്സയ്ക്കുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്.

39 രാജ്യങ്ങളില്‍നിന്നായി 5500 രോഗികളെ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടക്കുന്നതെന്നും ഇതിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് അടുത്തുതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലോകാരോഗ്യസംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസൂസ് പറഞ്ഞു.

Related News