Loading ...

Home sports

ബാഴ്സലോണയുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് മെസ്സി

ബാഴ്‌സിലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുമായി സൂപ്പര്‍താരം ലയണേല്‍ മെസ്സി വേര്‍പിരിയുമെന്ന സൂചനയ്ക്ക് കരുത്തു കൂട്ടി ക്‌ളബ്ബുമായുള്ള കരാര്‍ നീട്ടാന്‍ താരം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. 2021 ല്‍ നിലവിലെ കരാര്‍ അവസാനിക്കുന്നതോടെ ക്ലബ് വിടാന്‍ താരം തയ്യാറായേക്കുമെന്ന് സ്പാനിഷ് റേഡിയോയായ കാഡേനാ സെര്‍ ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 2017 ലായിരുന്നു മെസ്സി ക്‌ളബ്ബുമായി കരാറില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബാഴ്സയില്‍ താരം അസന്തുഷ്ടനും അതൃപ്തനും ആണെന്നും സ്പാനിഷ് ക്‌ളബ്ബില്‍ തുടര്‍ന്നേക്കില്ലെന്നുമാണ് കേള്‍ക്കുന്നത്. ജനുവരിയില്‍ മുന്‍ പരിശീലകന്‍ ഏണെസ്‌റ്റോ വാല്‍വെര്‍ദേയെ പുറത്താക്കിയത്, ടീമിന്റെ ഗുണനിലവാരത്തില്‍ അസന്തുഷ്ടനാണെന്നതും ഉള്‍പ്പെടെ ക്‌ളബ്ബില്‍ നടക്കുന്ന നിലവിലെ സംഭവങ്ങള്‍ തനിക്ക് മേല്‍ ചുമത്തി വരുന്ന വാര്‍ത്തകള്‍ താരത്തെ അലോസരപ്പെടുത്തുന്നുണ്ടെന്നും അണിയറ സംസാരമുണ്ട്. നിലവിലെ ടീമിന്റെ ഗുണനിലവാരത്തില്‍ അതൃപ്തിയുള്ള മെസ്സി ടീം വിടാനുള്ള തീരുമാനം സഹതാരങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം 33 ാം പിറന്നാള്‍ ആഘോഷിച്ച മെസ്സി ചൊവ്വാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ ഗോളടിച്ച്‌ 700 ഗോളുകള്‍ തികച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ 2 - 2 സമനില വഴങ്ങിയത് താരത്തിന് നിരാശ സമ്മാനിച്ചിരുന്നു. ഇതോടെ സ്പാനിഷ് ലീഗ് കിരീടത്തില്‍ ബാഴ്‌സിലോണ റയല്‍മാഡ്രിഡിന് പിന്നില്‍ രണ്ടാമതായി പോകുകയും ചെയ്തു. ഇനി അഞ്ചു മത്സരങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റയല്‍ നാലു പോയിന്റിന് മുന്നിലാണ്. കളത്തിന് പുറത്ത് നാണംകുണുങ്ങി ആയിരുന്ന മെസ്സി കഴിഞ്ഞവര്‍ഷം മുതല്‍ ക്‌ളബ്ബിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തുന്നുണ്ട്. ജനുവരിയില്‍ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ എറിക് അബിദാലിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പരിശീലകന്‍ വാല്‍വെര്‍ദേയെ പുറത്താക്കാനുള്ള കാരണം അബിദാലാണെന്നായിരുന്നു വിമര്‍ശനം. ഫെബ്രുവരിയില്‍ മുണ്ടോ ഡിപ്പോര്‍ട്ടീവോ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് നേടാന്‍ കെല്‍പ്പുള്ള ടീമല്ല ഇപ്പോഴുള്ളതെന്നും വിമര്‍ശിച്ചിരുന്നു. പിന്നീട് ഏപ്രിലില്‍ കോറോണാ കാലത്ത് കളിക്കാരുടെ വരുമാനം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരേയും മെസ്സി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.


Related News