Loading ...

Home International

ഹോങ്കോങ് സുരക്ഷാ നിയമം ചൈന പാസാക്കി

ബീജിംഗ്: ഹോങ്കോംഗ് സുരക്ഷാ നിയമം ചൈന പാസാക്കി. കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ചൈനയുടെ നീക്കം. വിഘടനവാദത്തെയും, ഭീകരവാദത്തെയും തടയാനാണ് നിയമനിര്‍മാണമെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഹോങ്കോങിന്റെ പരമാധികാരം ഇല്ലാതാക്കാനാണ് നീക്കമെന്ന് ജനാധിപത്യ പ്രക്ഷോഭകര്‍ ആരോപിക്കുന്നു. ചൈന ദേശീയ അസംബ്ലി സ്ഥിരം സമിതി ഏകകണ്ഠേനയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. ദേശസുരക്ഷാ നിയമം പാസാക്കിയത് വഴി ഹോങ്കോംഗില്‍ പിടിമുറുക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. രാജ്യദ്രോഹം, അട്ടിമറി പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയമം മൂലം നിയന്ത്രിക്കാനുള്ള വ്യവസ്ഥകളാണ് ദേശസുരക്ഷാ നിയമത്തില്‍ പ്രധാനമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നാണ് സൂചന. അതേസമയം നിയമത്തിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഒന്നര നൂറ്റാണ്ട് കാലം ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗ് 1997ലാണ് ചൈനയ്‌ക്ക് തിരിച്ചുകിട്ടിയത്. വീണ്ടും ചൈനയുടെ ഭാഗമായെങ്കിലും കഴിഞ്ഞ രണ്ടു ദശകങ്ങളായി അവിടെയുള്ളത് ചൈനയുടേതില്‍ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ സമ്ബ്രദായമാണ്. ഇതിനെ ചൈനീസ് നേതാക്കള്‍ 'ഒരു ചൈന, രണ്ടു വ്യവസ്ഥ' എന്നാണ് വിളിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര നീതിന്യായ സംവിധാനത്തിലും അധിഷ്ഠിതമായ ആ രീതിയെ അട്ടിമറിക്കാനാണ് ചൈനീസ് ഭരണകൂടവും, അവര്‍ക്ക് ഒത്താശ ചെയ്യുന്ന പ്രാദേശിക ഭരണകൂടവും ചെയ്യുന്നതെന്നാണ് സമരക്കാരുടെ ആരോപണം. ഹോങ്കോംഗില്‍ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിന് ജനങ്ങള്‍, പ്രത്യേകിച്ച്‌ യുവാക്കള്‍ നടത്തി വരുന്ന സമരത്തിന് തീവ്രത കുറയാത്ത സാഹചര്യത്തിലാണ് പുതിയ ദേശസുരക്ഷ നിയമത്തിന് രൂപം കൊടുക്കാന്‍ ചൈന തീരുമാനമെടുത്തത്. ഹോങ്കോങ്ങിലെ സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ മറ്റ് ചില ഭാഗങ്ങളിലും സമാനമായ കുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കുമെന്നാണ് ചൈനയുടെ ഭയപ്പാട്.

Related News