Loading ...

Home Gulf

മേല്‍വിലാസം രജിസ്‌റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ ഖത്തറില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മുടങ്ങും

ദോഹ* ഖത്തര്‍ ദേശീയ മേല്‍വിലാസ നിയമപ്രകാരം ആഭ്യന്ത്രരമന്ത്രാലയത്തില്‍ രജിസ്‌റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ കനത്ത പിഴയ്‌ക്കു പുറമേ താമസാനുമതി രേഖ(ഖത്തര്‍ ഐഡി) പുതുക്കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ നിഷേധിക്കപ്പെടുമെന്ന്‌ അധികൃതര്‍. സ്വദേശികളും മുഴുവന്‍ വിദേശികളും ജൂലൈ 26നകം ഖത്തറിലെ മേല്‍വിലാസം രജിസ്‌റ്റര്‍ ചെയ്‌തിരിക്കണമെന്നാണ്‌ ഈ വര്‍ഷം ജനുവരി 27ന്‌ പ്രാബല്യത്തിലായ ദേശീയ മേല്‍വിലാസ നിയമം നിഷ്‌കര്‍ഷിക്കുന്നത്‌. ഈ സമയപരിധിക്കുള്ളില്‍ മേല്‍വിലാസം രജിസ്‌റ്റര്‍ ചെയ്യാത്തവര്‍ 10,000 റിയാല്‍ പിഴ അടയ്‌ക്കേണ്ടിവരും. ജൂലൈ 26നകം മേല്‍വിലാസം രജിസ്‌റ്റര്‍ ചെയ്യാത്തവര്‍ക്ക്‌ ഐഡി പുതുക്കി നല്‍കുന്നതടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ്‌ ദേശീയ മേല്‍വിലാസവിഭാഗം മേധാവി ലെഫ്‌.കേണല്‍ ഡോ. അബ്‌ദുല്ല സയീദ്‌ അല്‍ സഹ്‌ലി മുന്നറിയിപ്പ്‌. ഇക്കാര്യത്തില്‍ വീഴ്‌ച അരുതെന്ന്‌ ആഭ്യന്തരമന്ത്രാലയവും സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ കോവിഡ്‌ മൂലം ഖത്തറിനു പുറത്തുതുടരുന്ന സ്വദേശികളും പ്രവാസികളും രാജ്യത്തേക്കു മടങ്ങിയെത്തിയശേഷം രജിസ്‌റ്റര്‍ ചെയ്‌താല്‍ മതിയാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. 20 ലക്ഷം പേരോളം ഇതിനകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. 28 ലക്ഷമാണ്‌ ഖത്തറിലെ ജനസംഖ്യ. ജിസിസിയില്‍ ദേശീയ മേല്‍വിലാസ നിയമം നടപ്പിലാക്കിയ ആദ്യരാജ്യമാണ്‌ ഖത്തര്‍. ആംബുലന്‍സ്‌ സേവനങ്ങള്‍ ഏറ്റവു വേഗത്തില്‍ ലഭ്യമാക്കുന്നതു മുതല്‍ കോടതി സമന്‍സുകള്‍ ബന്ധപ്പെട്ട വ്യക്‌തിക്ക്‌ കൃത്യമായി എത്തിക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ദേശീയമേല്‍വിലാസം ഏറെ സഹായകമാകും. ജൂലൈ 26നകം വിവരങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്‌താല്‍ 10,000 റിയാലാണ്‌ പിഴ. എന്നാല്‍ ഇതു സംബന്ധിച്ച കേസ്‌ കോടതിയില്‍ എത്തുംമുമ്ബ്‌ 5,000 റിയാല്‍ പിഴയടച്ച്‌ കേസ്‌ ഒത്തുതീര്‍ക്കാനും അവസരമുണ്ടാകും. ആഭ്യന്തരമന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പായ മെട്രാഷ്‌ 2, സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലായ ഹുക്കൂമി എന്നിവ മുഖാന്തിരം വിവരങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാം. ഖത്തറിലെ താമസസ്‌ഥലത്തിന്റെ വിലാസം, ലാന്‍ഡ്‌ ഫോണ്‍ നമ്ബര്‍, മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍, തൊഴില്‍, തൊഴില്‍ദാതാവിന്റെ വിവരങ്ങള്‍ എന്നിവയെല്ലാം നൽകണം

Related News