Loading ...

Home National

നിര്‍മാണഘടകങ്ങളുടെ ഇറക്കുമതിക്ക് ചൈനയൊഴികെയുള്ള രാജ്യങ്ങളുടെ സാധ്യത തേടി കേന്ദ്രസര്‍ക്കാര്‍

ടെക്സ്റ്റൈല്‍, ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ ഘടകങ്ങളുടെ ഇറക്കുമതിക്ക് മറ്റുരാജ്യങ്ങളുടെ സാധ്യതകള്‍തേടി ഇന്ത്യ. ചൈനയ്ക്കുപകരം ജപ്പാന്‍, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇവ എത്തിക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നതിനും നടപടികളുണ്ടാകും.
കേന്ദ്ര വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹനവകുപ്പ് (ഡി.പി.ഐ.ഐ.ടി.) അടിയന്തരമായി ആവശ്യമുള്ള ഘടകങ്ങളുടെയും ഇവ ലഭ്യമായ രാജ്യങ്ങളുടെയും പട്ടിക തയ്യാറാക്കിവരികയാണ്. വിവിധ വ്യവസായസ്ഥാപനങ്ങളുമായും സംഘടനകളുമായും ഡി.പി.ഐ.ഐ.ടി. ചര്‍ച്ചനടത്തിയിട്ടുണ്ട്. പട്ടിക തയ്യാറായിക്കഴിഞ്ഞാല്‍ ഈ രാജ്യങ്ങളുമായി സംസാരിച്ച്‌ ഇറക്കുമതിയിളവുകള്‍ ഉള്‍പ്പെടെ നല്‍കി ഇന്ത്യന്‍വിപണിയില്‍ എത്തിക്കുന്നതാണ് പരിഗണനയിലുള്ളത്. സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചൈനയില്‍നിന്നുള്ള ടെലികോം ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നുമുതല്‍ എല്ലാ ടെലികോം ഉത്പന്നങ്ങളും വിശദമായി പരിശോധിക്കണമെന്ന് ടെലികോംവകുപ്പ് നിര്‍ദേശിച്ചു കഴിഞ്ഞു. ചൈനയില്‍നിന്നുള്ള ഗുണമേന്മയില്ലാത്തതും വിലകുറഞ്ഞതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയാനും നടപടികളെടുത്തുവരികയാണ്. ജപ്പാന്‍, ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് ചൈനയെ അപേക്ഷിച്ച്‌ വില കൂടുതലാണെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത് ഉത്പന്നങ്ങളുടെ വിലയിലും പ്രതിഫലിക്കും. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഉത്പാദനം കുറഞ്ഞത് ആഭ്യന്തരവിപണിയില്‍ മൊബൈല്‍ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുടെ വില ഉയരാന്‍ കാരണമായിട്ടുണ്ട്. ലഭ്യത കുറവായതിനാല്‍ ഇ-കൊമേഴ്സ് കമ്പനികള്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്ഫോണിനും മറ്റും നല്‍കിയിരുന്ന ഓഫറുകള്‍ ഒഴിവാക്കിത്തുടങ്ങി.

Related News