Loading ...

Home International

സിഎഎക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടന്‍ വിട്ടയക്കണം;യുഎന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഇന്ത്യ ഉടൻ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമീഷണർ. യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരിൽ കൂടുതലും വിദ്യാർഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ വിശദീകരിച്ചു.സർക്കാർ നയങ്ങളെ വിമർശിക്കുന്നത് സഹിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നൽകുന്നതിനായാണ് ഈ അറസ്റ്റുകളെന്ന് യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വിമര്‍ശിച്ചു. 11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.മീരാൻ ഹൈദർ, ഗൾഫിഷ ഫാത്തിമ, സഫൂറ സർഗാർ, ആസിഫ് ഇക്ബാൽ തൻഹ, ദേവാംഗന കലിത, നതാഷ നർവാൾ, ഖാലിദ് സൈഫി, ഷിഫ ഉർ റഹ്മാൻ, ഡോ. കഫീൽ ഖാൻ, ഷാർജീൽ ഇമാം, അഖിൽ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. ഇവര്‍ക്ക് രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ജാമ്യം നിഷേധിച്ചതും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനത്തെയും യുഎന്‍ വിദഗ്ധര്‍ വിമര്‍ശിക്കുന്നു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ അവര്‍ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Related News