Loading ...

Home National

ബിഹാറിലും യു.പിയിലുമായി ഇടിമിന്നലേറ്റു മരിച്ചവരുടെ എണ്ണം 116 ആയി; അസമില്‍ പ്രളയത്തില്‍ 36 മരണം

ലഖ്‌നൗ/പട്‌ന: ബിഹാറിലും യുപിയിലുമായി ഇടിമിന്നലില്‍ മരിച്ചവരുടെ എണ്ണം 116 ആയി. ബിഹാറില്‍ 92 ഉം യുപിയില്‍ 24 ഉം പേരാണ് മരിച്ചത്. മണ്‍സൂണ്‍ എത്തിയതിന് പിന്നാലെയാണ് ബീഹാറിലും യുപിയിലും സമീപ സംസ്ഥാനങ്ങളിലും ശക്തമായ ഇടിമിന്നല്‍ ഉണ്ടായത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്നവരാകാം മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 4 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധിയും നിര്‍ദ്ദേശിച്ചു. അതിനിടെ കനത്തമഴയും മണ്ണിടിച്ചിലും മൂലം അസമില്‍ 36 പേരും അരുണാചലില്‍ രണ്ടുപേരും മരണപ്പെട്ടു. മൂന്ന് ദിവസമായി തുടര്‍ന്ന കനത്ത മഴയില്‍ അസമിലെ ഒമ്ബതു ജില്ലകള്‍ വെള്ളത്തിനടിയിലായി. 1.89 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് പറഞ്ഞു. ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഗോലഘട്ട്, ജോര്‍ഹട്ട്, മജുലി, സിബ്‌സാഗര്‍, ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. 492 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നുണ്ട്. 49 ദുരിതാശ്വാസ ക്യാമ്ബുകളിലായി 11,500 ഓളം പേരെ താമസിപ്പിച്ചിട്ടുണ്ട്.



Related News