Loading ...

Home USA

ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യക്കെതിരായ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ച്‌ അമേരിക്ക രംഗത്തെത്തി. യൂറോപ്പിലുള്ള അമേരിക്കന്‍ സൈനികരെ മാറ്റി വിന്യസിക്കുമെന്നും ചൈനീസ് ഭീഷണി മുന്നില്‍ കണ്ടായിരിക്കും സേനാ വിന്യാസമെന്നും പോംപിയോ അറിയിച്ചു. ബ്രസല്‍സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി. അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും വന്‍ തോതില്‍ സൈനികസാന്നിധ്യം കൂട്ടുന്നതിനിടെയാണ് അമേരിക്ക നയം വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ അമേരിക്കന്‍ സേനാ സാന്നിധ്യം കുറയ്ക്കുകയാണെന്നും ഈ സേനയെ ചൈനീസ് ഭീഷണി നേരിടുന്ന തരത്തില്‍ ഏഷ്യയില്‍ പുന!ര്‍വിന്യസിക്കുമെന്നുമാണ് പോംപിയോ പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പീപ്പിള്‍സ് ലിബറേഷന്‍ ആ!ര്‍മിയുടെയും നടപടികള്‍ ഇന്ത്യക്കും, വിയറ്റ്‌നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്നും ഇത് കണക്കാക്കി ഉചിതമായ സ്ഥാനങ്ങളിലേക്ക് സേനാ വിന്യാസം നടത്തുകയാണെന്നും പോംപിയോ പറഞ്ഞു. നേരത്തെ ഇരു രാജ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. ജര്‍മനിയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് അടുത്തിടെ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. അതേക്കുറിച്ച്‌ ചോദിച്ചപ്പോഴാണ് ജര്‍മനിയില്‍ നിന്ന് സൈനികരെ കുറയ്ക്കുന്നത് തന്ത്രപരമായ തീരുമാനമാണെന്നും സൈനികരെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്ന സൂചനയും പോംപിയോ നല്‍കിയത്. ദക്ഷിണ ചൈനാ കടലിലെ ചൈനീസ് ആധിപത്യവും വെല്ലുവിളിയാണെന്നും പോംപിയോ പറഞ്ഞു. ചൈനയുടെ വെല്ലുവിളികളെ നേരിടാന്‍ യു.എസ് സൈന്യം ഉചിതമായി നിലകൊള്ളുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കാന്‍ പോകുകയാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Related News