Loading ...

Home cinema

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു

ലോസ് ആഞ്ജലസ്: അടുത്ത വര്‍ഷം ആദ്യം നടത്താനിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങുകള്‍ മാറ്റിവച്ചു. 2021 ജനുവരി മാസത്തില്‍ നടക്കേണ്ട പുരസ്‌കാരം ഫെബ്രുവരി 28-നായിരിക്കും നടക്കുക. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തില്‍ ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ചില ഭേതഗതികള്‍ വരുത്തിയിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ആഞ്ജലസിലുള്ള ഏതെങ്കിലും ഒരു സിനിമ തിയ്യറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിയമം. എന്നാല്‍ അത് വേണ്ടെന്നാണ് പുതിയ തീരുമാനം. കൊവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നത് കുറച്ച്‌ കാലത്തേക്ക് പ്രായോഗികമല്ല. അതിനാലാണ് ഈ മാറ്റം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയേറ്റുകളില്‍ പ്രദര്‍ശിപ്പക്കണം എന്ന നിയമത്തിലും മാറ്റം വരുത്തി. രണ്ടാഴ്ച്ച മുമ്ബാണ് ഹോളിവുഡില്‍ സിനിമ, ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചിത്രീകരണം നടത്താനാണ് അനുമതി. സെറ്റുകളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനകളടക്കം നടത്താനാണ് തീരുമാനം.യുഎസ്സിലെ പ്രധാന തിയേറ്ററുകള്‍ ജുലൈ പത്തോടെ തുറക്കുമെന്നാണ് പുതിയ റിപോര്‍ട്ടുകള്‍. സാമൂഹിക അകലം പാലിച്ചായിരിക്കും തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുകയെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു.

Related News