Loading ...

Home USA

അമേരിക്കയിൽ കുടിയേറ്റക്കാര്‍ക്ക് അനുകൂലമായി കോടതി വിധി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി വിധി. 2012ല്‍ ഒബാമ ഭരണകൂടം നടപ്പാക്കിയ കുടിയേറ്റ നയമായ ഡിഎസിഎ പദ്ധതി അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കമാണ് കോടതി തടഞ്ഞത്. വളരെ ചെറുപ്രായത്തില്‍ അമേരിക്കയിലെത്തിയ കുടിയേറ്റക്കാരെ നാടു കടത്തുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തെ കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നു. ഇത് ശരിവയ്ക്കുകയാണ് സുപ്രീംകോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അമേരിക്കയില്‍ നിന്ന് നാടുകടത്തില്‍ ഭീഷണി നേരിടുന്ന ആറര ലക്ഷം പേര്‍ക്ക് ആശ്വാസമാണ് കോടതി വിധി.

പ്രതീക്ഷകള്‍ സ്വപ്‌നം കണ്ട് അമേരിക്കയിലെത്തിയവര്‍ എന്നാണ് ഈ കുടിയേറ്റക്കാരെ ആക്ടിവിസ്റ്റുകള്‍ വിളിക്കാറ്. കുട്ടികളായിരിക്കെ രേഖകളില്ലാതെ അമേരിക്കയിലെത്തിയവരെ നാടുകടത്തേണ്ടതില്ല എന്ന നയം ഒബാമ ഭരണകൂടം നടപ്പാക്കിയിരുന്നു. 2012ലായിരുന്നു ഇത്. ട്രംപ് അധികാരത്തിലെത്തിയതോടെ ഈ നയം റദ്ദാക്കാന്‍ ശ്രമം തുടങ്ങി.

2017ല്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ഡിഎസിഎ നയം റദ്ദാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ കീഴ് കോടതി കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടെടുത്തിരുന്നു. കീഴ്‌ക്കോടതി ഉത്തരവ് സുപ്രീംകോടതി ഇപ്പോള്‍ ശരിവച്ചിരിക്കുകയാണ്. ഇതോടെ കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ സാധിക്കും.

ഒബാമയുടെ നയം റദ്ദാക്കാന്‍ ട്രംപ് നീക്കം തുടങ്ങിയ വേളയില്‍ തന്നെ അമേരിക്കയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന പുതിയ നിയമം പാസാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റക്കാരെ നാടുകടത്തില്ല, അമേരിക്കയില്‍ ജോലി ചെയ്യാം- ഈ രണ്ട് ഇളവുകളാണ് ഡിഎസിഎ വഴി ലഭിച്ചിരുന്നത്.


Related News