Loading ...

Home peace

മനുഷ്യാവകാശങ്ങള്‍: ചില നിരീക്ഷണങ്ങള്‍

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഐക്യരാഷ്ട്ര സംഘടനയുടെ ചാര്‍ട്ടറില്‍ സംഘടനയുടെ ലക്ഷ്യങ്ങളെ നിര്‍വചിക്കുന്ന പ്രഥമ ഖണ്ഡികയില്‍ത്തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള വ്യക്തമായ പ്രഖ്യാപനം ഉണ്ട്. സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും, മനുഷ്യത്വപരവുമായ മണ്ഡലങ്ങളിലെ അന്താരാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സഹകരണം സാദ്ധ്യമാക്കുകയാണല്ലോ സംഘടനയുടെ പ്രധാന ലക്ഷ്യം. അതോടൊപ്പംതന്നെ ഓരോ രാഷ്ട്രത്തിലും മനുഷ്യാവകാശങ്ങളോടും വര്‍ഗ, ലിംഗ, ഭാഷാ, മത ഭേദമെന്യേ എല്ലാവര്‍ക്കുമുണ്ടാകേണ്ട മൗലിക സ്വാതന്ത്ര്യങ്ങളോടും ഉള്ള മതിപ്പിനെ വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതും ആരംഭത്തിലേ ഉള്ള ലക്ഷ്യമാണ്.

1948 ഡിസംബര്‍ 10-ാം തീയതി മനുഷ്യാവകാശ പ്രഖ്യാപനം ജനറല്‍ അസംബ്ലി സ്വീകരിച്ചു, പുതിയതായി സ്വാതന്ത്ര്യം പ്രാപിച്ച ഇന്ത്യയും അതിനനുകൂലമായി ഐക്യരാഷ്ട്രസഭയില്‍ വോട്ടു ചെയ്തു. ഈ പ്രഖ്യാപനത്തിന്‍റെ നക്കല്‍പ്രമാണം രൂപവല്‍ക്കരിക്കുന്നതില്‍ അഖില ലോക സഭാ കൗണ്‍സില്‍ പോലെയുള്ള അനൗദ്യോഗിക സംഘടനകളും മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശപ്രഖ്യാപനത്തിലെ തത്ത്വങ്ങള്‍ പലതും ഉദാത്തങ്ങളും ശ്രേഷ്ഠങ്ങളുമാണ്. ഉദാഹരണമായി 23-ാം ഖണ്ഡികയില്‍ പറയുന്നതിങ്ങനെയാണ്:

1. തൊഴില്‍ ചെയ്യാനും, സ്വതന്ത്രമായി തൊഴില്‍ തെരഞ്ഞെടുക്കാനും നീതിയുക്തവും അനുകൂലവുമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനും, തൊഴിലില്ലായ്മക്കെതിരായി സംരക്ഷണം സിദ്ധിക്കുന്നതിനും എല്ലാവര്‍ക്കും അവകാശമുണ്ട്.

2. തുല്യ തൊഴിലിന് തുല്യ വേതനം ലഭിക്കുന്നതിനുള്ള അവകാശം യാതൊരു വിവേചനവും കൂടാതെ എല്ലാ മനുഷ്യര്‍ക്കുമുണ്ട്.

ഈ രണ്ട് മനുഷ്യാവകാശങ്ങളും ഇന്നു ലോകത്തില്‍ നടപ്പിലുണ്ടോ? പാശ്ചാത്യ രാജ്യങ്ങളിലെ തൊഴിലില്ലാത്തവരുടെ സംഖ്യ മുന്നൂറു ലക്ഷത്തിലധികമായിരിക്കുന്നു. വികസ്വര രാജ്യങ്ങളില്‍ തൊഴിലില്ലാത്തവരുടെ സംഖ്യ കോടിക്കണക്കിനാണ്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ മാത്രമേ തൊഴിലില്ലായ്മ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിട്ടുള്ളു. ഈ മനുഷ്യാവകാശത്തെ ലോകരാഷ്ട്രങ്ങള്‍ സഗൗരവം വീക്ഷിച്ചിരുന്നുവെങ്കില്‍ പ്രതിനിമിഷം ഒരു കോടി രൂപാ യുദ്ധത്തിനു ചിലവാക്കുവാന്‍ തുനിയുമായിരുന്നോ? പ്രതിവര്‍ഷ യുദ്ധച്ചിലവ് 500,000 ദശലക്ഷം ഡോളറില്‍ കൂടുതലായിക്കഴിഞ്ഞിരിക്കുന്നു. അതിന്‍റെ പത്തിലൊന്ന് ഒരു ഇരുപതു വര്‍ഷത്തേക്കു മുടക്കാമെങ്കില്‍ ലോകത്തില്‍ എല്ലാവര്‍ക്കും തൊഴിലുണ്ടാക്കുവാന്‍ സാധിക്കുമെന്നാണ് വിദഗ്ദ്ധന്മാര്‍ പറയുന്നത്. പക്ഷേ മുതലാളിത്ത വ്യവസ്ഥിതി നടപ്പിലുള്ളിടത്തോളം കാലം എല്ലാവര്‍ക്കും തൊഴിലുണ്ടാക്കിക്കൊടുക്കുക എന്നത് സാദ്ധ്യമല്ല; കാരണം, തൊഴിലാളികളുടെ സംഖ്യ കുറച്ച് ആദായം വര്‍ദ്ധിപ്പിക്കുകയാണ് ഇന്ന് മുതലാളിത്ത വ്യവസ്ഥിതിയില്‍ പ്രത്യേകം കാണുന്ന വ്യഗ്രത. തൊഴിലുണ്ടാക്കി കൊടുക്കേണ്ടത് ഗവര്‍മെന്‍റല്ല, പ്രത്യുത ആദായം മാത്രം കാംക്ഷിക്കുന്ന കമ്പനികളാണ്. അത് അവരുടെ താല്‍പര്യത്തില്‍പ്പെട്ടതല്ല. ഇന്ന് കാണുന്ന രീതിയനുസരിച്ച് മുതലാളിത്ത വ്യവസ്ഥിതി ഉള്ള രാഷ്ട്രങ്ങളില്‍ (ഇന്ത്യയുള്‍പ്പെടെ) തൊഴിലില്ലായ്മ ഇനി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയേയുള്ളു.
‘തുല്യജോലിക്കു തുല്യ വേതനം’ നടപ്പിലാക്കുവാന്‍ അതിലും പ്രയാസമാണ്. നമ്മുടെ കേരളത്തിലെ ഇടത്തരക്കാരന്‍പോലും സാധാരണ കൂലിക്കാരന്‍റെ ദിവസക്കൂലി വര്‍ദ്ധിപ്പിക്കുന്നതില്‍ ഖേദിക്കുന്നവനാണ്. അമേരിക്കന്‍ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് എട്ടു മണിക്കൂര്‍ ജോലിക്ക് ഏറ്റവും കുറഞ്ഞത് 250 രൂപ ലഭിക്കുമ്പോള്‍ ഇവിടെ പതിനഞ്ചു രൂപ കൊടുക്കുവാന്‍ സാധിക്കുന്നില്ല. എന്നാല്‍ വികസ്വര രാഷ്ട്രങ്ങളിലെ കുറഞ്ഞ കൂലി ഉപയോഗിച്ച് ഉല്പന്നങ്ങളുണ്ടാക്കി കൂടുതല്‍ ആദായമുണ്ടാക്കുവാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് ഇവിടത്തെ വേതന നിലവാരം ഒരു പരിധിക്കപ്പുറം വര്‍ദ്ധിപ്പിക്കുന്നത് വഹിക്കാനാവില്ല. അതുകൊണ്ട് മുതലാളിത്ത വ്യവസ്ഥിതിക്ക് ‘തുല്യജോലിക്കു തുല്യ വേതനം’, ‘എല്ലാവര്‍ക്കും തൊഴില്‍’ എന്നീ രണ്ടു മനുഷ്യാവകാശങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ല.

ഇങ്ങനെ മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള ചിന്ത പെട്ടെന്ന് സാമ്പത്തിക വ്യവസ്ഥിതിയുടെ അടിസ്ഥാനത്തിലേക്കാണു നമ്മെ കൊണ്ടുപോകുന്നത്. മുതലാളിത്ത വ്യവസ്ഥിതിയും മനുഷ്യാവകാശങ്ങളും തമ്മിലുള്ള മൗലികമായ പൊരുത്തക്കേടു കാണുമ്പോഴാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ പരിമിതികളെപ്പറ്റി ബോദ്ധ്യം വരുന്നത്.

സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയത്തിലെത്തിയിട്ടുണ്ടെങ്കിലും തുല്യജോലിക്കു തുല്യ വേതനമെന്ന തത്ത്വം നടപ്പിലാക്കുവാന്‍ അവിടെയും പ്രയാസമായിട്ടാണു കാണുന്നത്. ഒരു നിശ്ചിത സോഷ്യലിസ്റ്റ് രാഷ്ട്രത്തിനകത്ത് ഈ തത്ത്വം നടപ്പിലാക്കാന്‍ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ഉദാഹരണമായി സോവിയറ്റു യൂണിയനിലെ ഏഷ്യന്‍ റിപ്പബ്ലിക്കുകളിലും യൂറോപ്യന്‍ റിപ്പബ്ലിക്കുകളിലും നല്‍കുന്ന വേതന നിരക്കുകളില്‍ വലിയ വ്യത്യാസമൊന്നുമില്ല. പക്ഷേ, ചെക്കോസ്ലോവാക്യയിലെയും വിയറ്റ്നാമിലെയും വേതന നിരക്കുകള്‍ തമ്മിലുള്ള അന്തരം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള അന്തരംപോലെ തന്നെ വലുതാണ്. തുല്യ ജോലിക്കു ചൈനയിലും റഷ്യയിലും ലഭിക്കുന്ന വേതനങ്ങള്‍ ഒന്നിന് പത്ത് എന്ന അനുപാതത്തിലാണ്. ഈ ഉച്ചനീചത്വം അന്താരാഷ്ട്രീയ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ നിലനില്‍ക്കുന്നത് സോഷ്യലിസത്തിന് ഒരു പോരായ്മയാണ്. യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ അധികവും ശ്രമിക്കുന്നത് മുതലാളിത്ത വ്യവസ്ഥിതിയിലുള്ള വികസ്വര രാഷ്ട്രങ്ങളിലെ ജീവിതനിലവാരത്തിനോടൊപ്പം എത്താനാണ്. ജീവിതനിലവാരം മാനദണ്ഡമായെടുത്തു കൊണ്ടാണല്ലോ ഇപ്പോഴും പലരും സോഷ്യലിസത്തെ വിലയിരുത്തുന്നത്. അതുകൊണ്ട് സോഷ്യലിസത്തിന്‍റെ വിജയത്തിനു കുറെ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെങ്കിലും ജീവിതനിലവാരം ഉയരാതെ നിവൃത്തി ഇല്ല എന്നും, ചില സോഷ്യലിസ്റ്റു രാഷ്ട്രങ്ങള്‍ വാദിക്കുന്നിടത്തോളം കാലം ഏഷ്യന്‍-ആഫ്രിക്കന്‍, ലാറ്റിന്‍-അമേരിക്കന്‍ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ ജീവിതനിലവാരം താഴ്ന്നു കിടക്കുകയേ ഉള്ളൂ.

മനുഷ്യാവകാശങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ പലപ്പോഴും നാം മനസ്സിലാക്കുന്നത്, അഭിപ്രായപ്രകടനത്തിനും, പ്രതിഷേധത്തിനുമുള്ള സ്വാതന്ത്ര്യങ്ങളെക്കുറിച്ചാണ്. എന്നാല്‍ ഇവയെക്കാള്‍ വളരെ പ്രാധാന്യം ഉള്ളത് സാര്‍വദേശീയ മനുഷ്യാവകാശ പ്രഖ്യാപനം ഒന്‍പതാം ഖണ്ഡികയില്‍ പറയുന്ന ‘കാരണം കൂടാതെയുള്ള അറസ്റ്റില്‍ നിന്നും തടങ്കലില്‍ നിന്നുമുള്ള സ്വാതന്ത്ര്യവും’ പത്തും പതിനൊന്നും ഖണ്ഡികകളില്‍ പറയുന്ന ‘സ്വാതന്ത്ര്യവും, നിഷ്പക്ഷവുമായുള്ള കോടതിയില്‍ ന്യായയുക്തവും പരസ്യവുമായ വിചാരണയ്ക്കുള്ള സ്വാതന്ത്ര്യവു’മാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് കോടതി നിഷ്പക്ഷമായാല്‍ മാത്രം പോരാ, കോടതിയില്‍ പോയി വലിയ വക്കീലന്മാരെ വലിയ വേതനം കൊടുത്ത് വാദിപ്പിച്ച് നീതി നടത്തി എടുക്കുവാനുള്ള സ്വാതന്ത്ര്യം എന്നു പറയുന്നത് പാവപ്പെട്ടവനെ സംബന്ധിച്ചിടത്തോളം ഏട്ടിലെ പശുവാണ്. അത് പുല്ലു തിന്നുകയില്ല.

മൗലികാവകാശങ്ങള്‍ എത്ര തന്നെ ഉറപ്പിച്ച് പ്രഖ്യാപിച്ചാലും യഥാര്‍ത്ഥത്തില്‍ സാമ്പത്തിക-സാമൂഹിക വ്യവസ്ഥിതികളില്‍ സമൂലമായ പരിവര്‍ത്തനം വരുന്നതുവരെ ദരിദ്രന്‍റെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയേ ഉള്ളൂ എന്നതാണ് പരമാര്‍ത്ഥം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും സാമ്പത്തിക സാമൂഹിക വ്യവസ്ഥിതിയുടെ പരിവര്‍ത്തനവും തുല്യ പ്രാധാന്യമുള്ളതാണ്. നമ്മുടെ പത്രങ്ങളും, മാസികകളും സംഘടനകളുമൊക്കെ ഇടത്തരക്കാരന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലാണ് കൂടുതല്‍ വ്യഗ്രത കാണിക്കുന്നത്. പക്ഷെ, ദരിദ്രനെ സംബന്ധിച്ചിടത്തോളം അവന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും, അവന്‍റെ ശ്രേയസ്സിനുവേണ്ടി അദ്ധ്വാനിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി ഉണ്ടാകുന്നതുവരെ മനുഷ്യാവകാശപ്രഖ്യാപനങ്ങള്‍ എത്ര ഉദാത്തമായി ഉണ്ടായാലും അത് കടലാസ്സില്‍ കിടക്കുകയേ ഉള്ളൂ.

കാരണം പറയാതെ അറസ്റ്റു ചെയ്യുകയും തടങ്കലില്‍ വയ്ക്കുകയും ചെയ്യുന്നതിന് പഴുതുകളുള്ള പല നിയമങ്ങളും ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. കാരണം പറയാതെ അറസ്റ്റു ചെയ്യപ്പെടുകയും ദീര്‍ഘകാലം തടങ്കലില്‍ കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇവിടെ നടപ്പിലുള്ളത്. അറസ്റ്റു ചെയ്യപ്പെടുന്നവരെ കഠിനമായി പീഡിപ്പിക്കുന്നതും സാധാരണമാണിന്ന്. ഭരിക്കുന്ന കക്ഷിയുടെ എതിരാളികളെന്നു കരുതുന്ന വ്യക്തികളെ നിയമനടപടികള്‍ ഉപയോഗിച്ചും അതു കൂടാതെയും സംഹരിക്കുന്ന ഇടപാട് എല്ലാ രാജ്യങ്ങളിലുമുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍റെയും, കെന്നഡി സഹോദരങ്ങളുടെയും മരണം ഇക്കൂട്ടത്തില്‍ പെട്ടതാകാനാണ് വഴി. നമ്മുടെ ഹോമിബാബായും, മോഹന്‍ കുമാര മംഗലവും, ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഷോല്‍ഡും മരണപ്പെട്ട സാഹചര്യങ്ങള്‍ സംശയാസ്പദങ്ങളാണ്. ചില പ്രമുഖ രാജ്യങ്ങള്‍ തങ്ങളുടെ സ്വന്ത താല്‍പര്യങ്ങള്‍ക്കെതിരായി നില്‍ക്കുന്ന വിദേശവ്യക്തികളെ കൊല്ലുന്ന പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്.

മനുഷ്യാവകാശലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്ഥാപിത താല്‍പര്യക്കാരുടെ കൈയില്‍ കൂടുതല്‍ അധികാരശക്തിയും ധനശക്തിയും വരുമ്പോഴാണ്. അതുകൊണ്ട് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനശബ്ദം ഉയരുന്നതോടൊപ്പംതന്നെ അധികാര ധനശക്തികളുടെ വിതരണത്തിലും നീതി പുലര്‍ന്നെങ്കിലെ സാധാരണ മനുഷ്യന്‍റെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഉറപ്പാകുകയുള്ളു.

1975 മുതല്‍ മനുഷ്യാവകാശവാദത്തെ ഒരു ശീതയുദ്ധ സാമഗ്രിയായി ഉപയോഗിപ്പാനുള്ള വ്യഗ്രത ചില പാശ്ചാത്യ രാജ്യങ്ങളില്‍ വളരെയധികം കാണുന്നുമുണ്ട്. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണെന്നും മുതലാളിത്ത രാഷ്ട്രങ്ങളില്‍ അഭിപ്രായ പ്രകടനത്തിനും പ്രതിഷേധത്തിനും കുപ്രചരണത്തിനും സ്വാതന്ത്ര്യമുള്ളതുകൊണ്ട് മനുഷ്യസ്വാതന്ത്ര്യം മുതലാളിത്ത രാഷ്ട്രങ്ങളിലാണുള്ളത് എന്നുമുള്ള പ്രചാരണമാണ് നിലവിലുള്ളത്.

സാമ്പത്തികശക്തി ഇല്ലാത്തവന് മനുഷ്യാവകാശം എങ്ങനെ ഉണ്ടാകും എന്ന ചോദ്യം വളരെ ഗാഢമാണ്. ഇതിന്‍റെ സമാധാനം രണ്ടു വാചകത്തില്‍ കുറിക്കാം. ഒന്നാമത്, എല്ലാവന്‍റെയും സാമ്പത്തിക സാമൂഹിക അവകാശങ്ങള്‍ സംരക്ഷിക്കുന്ന നീതിയുള്ള വ്യവസ്ഥിതി ലോകമെങ്ങുമുണ്ടാകണം. രണ്ടാമത്, ക്രിസ്തുഭഗവാനെയും മഹാത്മാഗാന്ധിയെയുംപോലെ ഒരു ഗവണ്മെന്‍റിനും, അധികാരശക്തിക്കും തകര്‍ക്കാന്‍ സാധിക്കാത്ത ആദ്ധ്യാത്മികശക്തി ഓരോ മനുഷ്യനുമുണ്ടാകണം.

(മനുഷ്യാവകാശങ്ങള്‍, (എഡിറ്റര്‍) മാത്യൂസ് ജോര്‍ജ് ചുനക്കര, സി.എല്‍.എസ്., തിരുവല്ല, 1983, പേജ് 41-47)

Related News