Loading ...

Home International

ലഡാക്കില്‍ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങള്‍ പിന്‍മാറി

ഇന്ത്യ ചൈന അതിർത്തി സംഘർഷം അയഞ്ഞു തുടങ്ങി. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറി. ചൈനീസ് സേന അതിർത്തിയിൽ നിന്ന് രണ്ടര കിലോമീറ്ററോളം പിൻവാങ്ങി. ഇതോടെയാണ് ഇന്ത്യന്‍ സൈന്യവും സേനയെ പിൻവലിച്ചത്.കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്‍റ് 14, ഹോട്ട്‌സ്‌പ്രിംഗ് പ്രദേശത്തെ പട്രോളിംഗ് പോയിന്റ് 15 എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് സേന പിൻവാങ്ങിയത്. ഇവിടെ ചൈന നിർമ്മിച്ച ടെന്‍റുകളും നീക്കി. ഗാൽവൻ താഴ്‌വരയിലെ പട്രോളിംഗ് പോയിന്‍റ് 17, പാഗോംഗ് ടിസോ തടാകത്തിന് വടക്കുള്ള ഫിംഗർ 4 എന്നിവിടങ്ങളിലെ സേനകളും ഉടൻ പിൻമാറുമെന്നാണ് സൂചന. തടാകത്തിൽ വിന്യസിച്ചിരുന്ന ചൈനീസ് ബോട്ടുകൾ മാറ്റിത്തുടങ്ങി.സൈനിക മേധാവികള്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് നടപടി. അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് മുതിര്‍ന്ന സൈനിക മേധാവികള്‍ സംഭാഷണത്തിന് ഒരുങ്ങുന്നത്.

ചൈനയുമായുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതായി തിങ്കളാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. കിഴക്കന്‍ ലഡാക്കില്‍ മുഖാമുഖം ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക ചര്‍ച്ച കഴിഞ്ഞയാഴ്ച നടത്തിയത് പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു

അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.ലഡാക്കിന് സമീപത്തെ വ്യോമതാവളം ചൈന വികസിപ്പിക്കുന്നുവെന്ന ആശങ്ക ഇന്ത്യക്കുമുണ്ട്. ഇതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ടിബറ്റില്‍ എന്‍ഗാരി ഗുന്‍സ വിമാനത്താവളത്തിന്‍റേതാണ് ചിത്രങ്ങള്‍. ഇവിടെ ഹെലികോപ്റ്ററുകളും പോര്‍വിമാനങ്ങളും ഇറക്കാന്‍ രണ്ടാം ടാക്‌സി ട്രാക്കിന്‍റ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.

Related News