Loading ...

Home Education

കൊച്ചേട്ടന്‍ തീര്‍ത്തത് വലിയ ലോകം

പള്ളിക്കൂടത്തിന്‍റെ പടി ചവിട്ടിയിട്ടില്ലെങ്കിലും അരക്കുതാഴെ തളര്‍ന്നു പോയ കൊച്ചേട്ടന് മൂന്നുഭാഷ എഴുതാനും വായിക്കാനും അറിയാം. ഒരു നാടിന്‍റെ അറിവിന്‍റെ ശ്രീകോവില്‍ എന്ന് കരുതപ്പെടുന്ന ഗ്രന്ഥാലയത്തിലെ പൂജാരി എന്ന് വിശേഷിപ്പിക്കാവുന്ന ഗ്രന്ഥം സൂക്ഷിപ്പുകാരനാണ് നാട്ടുകാരുടെ കൊച്ചേട്ടന്‍ എന്ന എ.കെ. നാരായണന്‍. 40 വര്‍ഷമായി നാരായണന്‍ വള്ളുവാടി വിനോദ് ഗ്രന്ഥാലയത്തിലെ 7000ത്തോളം പുസ്തകങ്ങളുടെ കൂടെയാണ് ജീവിക്കുന്നത്. 67 വയസുകാരനായ നാരായണന് മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം വശമാണ്.ലൈബ്രറിയുടെ യോഗം ചേരുന്നതിനുള്ള അറിയിപ്പും മറ്റും അംഗങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്താണ് നാരായണന്‍ അയക്കുന്നത്. മൂന്നാം വയസില്‍ കാലുകള്‍ക്ക് പിടിപെട്ട പോളിയോ നാരായണനെ നിവര്‍ന്നു നില്‍ക്കാന്‍ സമ്മതിച്ചില്ല.
മാതാപിതാക്കള്‍ മരുന്നുകള്‍ മാറിമാറി നല്‍കിയിട്ടും കാര്യമൊന്നുമുണ്ടായില്ല. ചെറുപ്പത്തില്‍ കുറച്ചു ദിവസം ആശാന്‍ കളരിയില്‍ പോയി ഒൗദ്യോഗിക വിദ്യാഭ്യാസം അവസാനിപ്പിച്ചു.
പിന്നെ ഗുരു അച്ഛനായിരുന്നു. അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയത് അച്ഛനാണ്. പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടിയില്‍ ആവത്തേും കുടി കുഞ്ഞന്‍പിള്ളയുടെയും പാറുവമ്മയുടെയും മകനായാണ് ജനനം. 1959ല്‍ കുഞ്ഞന്‍പിള്ള കുടുംബത്തെയും കൂട്ടി ചുരം കയറി, വള്ളുവാടിയില്‍ സ്ഥിര താമസമാക്കി. 1975ലാണ് വള്ളുവാടിയില്‍ ലൈബ്രറി തുടങ്ങുന്നത്. കുഞ്ഞന്‍പിള്ളയുടെ വീടിനോട് ചേര്‍ന്നുള്ള കടമുറിയിലായിരുന്ന ലൈബ്രറി. തുടക്കത്തില്‍ നാരായണന്‍റെ ജ്യേഷ്ഠന്‍ രാഘവന്‍ ആയിരുന്നു ലൈബ്രേറിയന്‍.നാരായണന്‍ എപ്പോഴും വീട്ടിലുള്ളതിനാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇദ്ദേഹത്തെ ലൈബ്രേറിയനാക്കി ഭരണസമിതി നിയമിച്ചു. നാട്ടുകാരില്‍ നിന്ന് പിരിവെടുത്തും കുറി നടത്തിയും ലഭിച്ച തുക കൊണ്ട് മൂന്ന് സെന്‍റ് സ്ഥലം വാങ്ങി 2005ല്‍ റാം മോഹന്‍ റായ് ഫൗണ്ടേഷന്‍റെ സഹായത്തോടെ ലൈബ്രറിക്ക് ഇരുനില കെട്ടിടം പണിതു. കെട്ടിടം മാറിയെങ്കിലും ലൈബ്രേറിയന്‍ മാറിയില്ല. മറ്റാരുടെയെങ്കിലും സഹായത്തോടെ മുച്ചക്ര സൈക്കിളില്‍ നാരായണന്‍ ലൈബ്രറിയില്‍ എത്താന്‍ തുടങ്ങി. പിന്നീട് നൂല്‍പ്പുഴ പഞ്ചാത്തില്‍ നിന്ന് മുച്ചക്ര മോട്ടോര്‍സൈക്കിള്‍ ലഭിച്ചു. ഇപ്പോള്‍ പരസഹായം കൂടാതെ തന്നെ ലൈബ്രറിയില്‍ വരുകയും തിരിച്ചു പോവുകയും ചെയ്യും.ലൈബ്രറിയിലെ കൊച്ചുമുറിയാണ് അവിവാഹിതനായ നാരായണന്‍റെ ലോകം. എന്നാല്‍, ഈ കൊച്ചുലോകത്തെ പുസ്തകങ്ങള്‍ നാരായണനെ കൈപിടിച്ച് കാണിച്ചത് വലിയ ലോകമാണ്. കാലുകള്‍ ചലനമറ്റതെങ്കിലും വായനയുടെ ലോകത്ത് ഇദ്ദേഹം ചിറക് വിടര്‍ത്തി പറക്കുകയാണ്.

Related News