Loading ...

Home USA

അമേരിക്കയിലെ മലയാളികളെ നാട്ടിലെത്തിക്കാന്‍ അടിയന്തര വിമാന സര്‍വീസ് ആരംഭിക്കണം; കേരള ലോകസഭയുടെ പ്രഥമ യോഗം

ന്യൂജേഴ്‌സി: കോവിഡ് മൂലം അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരും വ്യോമയാനമന്ത്രാലയും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് നോര്‍ത്ത് അമേരിക്കയിലെ കേരള ലോക സഭാ അംഗങ്ങളുടെ പ്രഥമ യോഗം ആവശ്യപ്പെട്ടു.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലും കാനഡയിലുമുള്ള ലോക സഭാംഗംങ്ങളെ സൂം(Zoom) മീറ്റിംഗ് വഴി ബന്ധിപ്പിച്ച പ്രഥമയോഗത്തില്‍ നോര്‍ക്ക റൂട്ട്സ് ഡയറക്ടറും കേരള ലോക സഭാ സ്റ്റിയറിംഗ് കമ്മിറ്റി മെമ്ബറുമായ ഡോ. എം.അനിരുദ്ധന്‍ അധ്യക്ഷത വഹിച്ചു.

അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിരവധി മലയാളികളാണ് കോവിഡ് മൂലമുണ്ടായ യാത്രാവിലക്കുമൂലം നാട്ടിലേക്കു മടങ്ങിപ്പോകാന്‍ കഴിയാത്തതിനെ തുടര്‍ന്നു ബുദ്ധിമുട്ടിലായിരിക്കുന്നത്. à´…തുപോലെ തന്നെ കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് നാട്ടില്‍ പോയിട്ടുള്ള നിരവധി അമേരിക്കന്‍ മലയാളികള്‍ തിരികെ വരാന്‍ കഴിയാതെ കുടുങ്ങിപ്പോയിട്ടുണ്ട്. H1- B വീസ, B1, B2 വിസ കാറ്റഗറിയിലും സ്റ്റുഡന്‍റ് വീസയിലുമുള്ള നിരവധി പേര്‍ വീസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഗര്‍ഭിണികളും പ്രായമേറിയവരുമായ നിരവധിപേര്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അതുപോലെ തന്നെ മലയാളികളായ മുതിര്‍ന്ന അമേരിക്കന്‍ പൗരന്മാരും നാട്ടില്‍ കുടുങ്ങികിടക്കുന്നുണ്ട്.

എയര്‍ ഇന്ത്യയുടെ സര്‍വീസുകളുള്ള അമേരിക്കയിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ നിന്ന് നേരിട്ടോ മുംബൈ ഡല്‍ഹി വഴിയോ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രവ്യോമയാന മന്ത്രാലയം തയാറാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ. എം. അനിരുദ്ധന്‍ ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിലേക്കും എയര്‍ ഇന്ത്യ അടിയന്തര വിമാന സര്‍വീസ് തുടങ്ങിയെങ്കിലും കേരളത്തെ തഴഞ്ഞതുമൂലം നാട്ടിലേക്കുള്ള യാത്രക്കായി കാത്തിരുന്ന ആയിരങ്ങളെയാണ് നിരാശയിലാക്കിയത്.

കേരളത്തിലോ മറ്റേതെങ്കിലും അയല്‍ സംസ്ഥാനങ്ങളിലോ ഉള്ള വിമാനത്താവളങ്ങളില്‍ എത്തുന്ന അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന എല്ലാ പ്രവാസി മലയാളികളുടെയും ആഭ്യന്തര യാത്രാ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ നിര്‍വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

H1- B വീസയില്‍ അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് അമേരിക്കന്‍ പൗരന്മാരായ കുട്ടികളുള്ളവര്‍ക്ക് താല്‍ക്കാലികമായുള്ള യാത്രാവിലക്ക് പിന്‍വലിക്കണമെന്നും വീസ കാലാവധി തീരുന്ന അവരുടെ വീസകള്‍ പുതുക്കാന്‍ അവരുടെ യാത്ര വിലക്ക് തടസമാകുമെന്നും യോഗം വിലയിരുത്തി. കുഞ്ഞുങ്ങള്‍ അമേരിക്കന്‍ പൗരന്‍മാര്‍ ആയതുകൊണ്ട് അവര്‍ക്ക് തല്‍ക്കാലം യാത്ര അനുമതി നല്‍കാനാവില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാരെ ഇന്ത്യയില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടത് അമേരിക്കയിലെ ഫെഡറല്‍ ഗവര്‍മെന്‍റാ‌ണെന്നു പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തികച്ചും പക്ഷപാതപരവും നീതിക്കു നിരക്കാത്തതുമാണെന്നും യോഗം വിലയിരുത്തി.

പ്രവാസികള്‍ കലാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഇന്ത്യയിലെ പ്രവാസികളുടെ വസ്തുവകകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവാസി പ്രൊട്ടക്ഷന്‍ ആക്‌ട് അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ പാസാക്കണമെന്നും അതുവരെ പ്രോപ്പര്‍ട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ അതാതു സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസികളുടെ യാത്രാ പ്രശനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അടുത്ത ശനിയാഴ്ചത്തെ അമേരിക്കന്‍ മലയാളികളുമായുള്ള സൂം (Zoom) യോഗത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. എല്ലാ കേരള ലോക സഭാ അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും നോര്‍ത്ത് അമേരിക്കന്‍ മലയാളികളോടുള്ള മുഖ്യമന്ത്രിയുടെ ആദ്യത്തെ സൂം യോഗത്തില്‍ പങ്കെടുക്കാനും ഡോ എം. അനിരുദ്ധന്‍ ആഹ്വാനം ചെയ്തു.

അമേരിക്കയിലും കാനഡയില്‍നിന്നുമായി 18 അംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ഫൊക്കാന മുന്‍ പ്രസിഡന്‍റ് പോള്‍ കറുകപ്പള്ളില്‍ നന്ദി പറഞ്ഞു. കേരള ലോകസഭാ അംഗങ്ങളായ മാധവന്‍ ബി.നായര്‍ (ഫൊക്കാന പ്രസിഡന്‍റ്), ബേബി ഊരാളില്‍(ഫോമാ മുന്‍ പ്രസിഡന്‍റ്), ബെന്നി വാച്ചാച്ചിറ (ഫോമാ മുന്‍ പ്രസിഡന്‍റ്) ,ജോസ് കാടാപുറം (ന്യൂസ് ഡയറക്ടര്‍ കൈരളി ന്യൂസ്, യുഎസ്), കുര്യന്‍ പ്രക്കാനം(കാനഡ), ജോസ് മണക്കാട്,ഷിബു പിള്ള, വര്‍ക്കി ഏബ്രഹാം, ഡോ.ജേക്കബ് തോമസ്(ഫോമാ), അനുപമ വെങ്കിടേശ്വരന്‍ ,റോയ് മുളങ്കുന്നം, അനിയന്‍ ജോര്‍ജ് (ഫോമാ മുന്‍ സെക്രട്ടറി), ടി.പി. ലിഷാര്‍, ഇ.എം.സ്റ്റീഫന്‍, അരുണ്‍ നെല്ലാമറ്റം, സുനില്‍ തൈമറ്റം (ഐപിസിഎന്‍എ മുന്‍ സെക്രട്ടറി) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related News