Loading ...

Home National

രാജ്യത്ത് നാലാംഘട്ട ലോക്ഡൗണ്‍ ഇന്നുമുതല്‍; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ തിങ്കളാഴ്ചയോടെ നാലാംഘട്ടത്തിലേക്ക് കടന്നു. ഏതാനും ഇളവുകളോടെയാണ് നാലാംഘട്ടം നടപ്പാക്കുന്നത്. സോണുകള്‍ സംബന്ധിച്ച തീരുമാനമെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

മാര്‍ച്ച്‌ 24നാണ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ഒന്നാംഘട്ടം. രോഗബാധക്ക് ശമനമില്ലാതായതോടെ മേയ് മൂന്ന് വരെ രണ്ടാംഘട്ടവും പിന്നീട് മേയ് 17 വരെ മൂന്നാംഘട്ടവുമായി ലോക്ഡൗണ്‍ നീട്ടി. ഇതാണ് നിലവില്‍ മേയ് 31 വരെ നീട്ടിയത്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

ആഭ്യന്തര മെഡിക്കല്‍ സര്‍വിസ്, ആഭ്യന്തര എയര്‍ ആംബുലന്‍സ് സര്‍വിസ്, സുരക്ഷാ ആവശ്യങ്ങള്‍ എന്നിവ ഒഴികെയുള്ള യാത്രക്കാര്‍ക്കായുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വിസുകളും നിരേധനത്തില്‍ തുടരും.
മെട്രോ റെയില്‍ സര്‍വിസും അനുവദിക്കില്ല.
സ്കൂള്‍, കോളജ്, ട്രെയിനിങ്, കോച്ചിങ് തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടല്‍ തുടരണം. ഓണ്‍ലൈന്‍ / വിദൂര വിദ്യാഭ്യാസം തുടരുകയും പ്രോത്സാഹിപ്പിക്കുകയും വേണം.
ഹോട്ടലുകള്‍ പ്രവര്‍ത്തിക്കരുത്.

റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളിലെ കാന്‍റീനുകളും പ്രവര്‍ത്തിക്കാന്‍ പാടില്ല. അതേസമയം, ഹോം ഡെലിവറിക്ക് വേണ്ടി ഹോട്ടല്‍ അടുക്കള പ്രവര്‍ത്തിക്കാം.
സിനിമാ തിയറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, പാര്‍ക്കുകള്‍, തിയേറ്ററുകള്‍, ബാര്‍, ഓഡിറ്റോറിയം,
സ്പോര്‍ട്സ് ഹാള്‍, സ്റ്റേഡിയം എന്നിവ പ്രവര്‍ത്തിക്കാം. പക്ഷേ കാണികളെ അനുവദിക്കില്ല.
എല്ലാ സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, സാംസ്കാരിക, മതപരമായ ചടങ്ങുകള്‍ക്കും നിരോധനം.
ആരാധനാലയങ്ങള്‍ അടച്ചിടണം. മതപരമായ ഒത്തുചേരല്‍ അനുവദിക്കില്ല.

രണ്ട് സംസ്ഥാനങ്ങളുടെയും സമ്മതത്തോടെ യാത്രാ വാഹനങ്ങളുടെയും ബസ്സുകളുടെയും അന്തര്‍ സംസ്ഥാന സഞ്ചാരം അനുവദിച്ചിട്ടുണ്ട്. കണ്‍ടൈന്‍മെന്‍റ് സോണുകളില്‍ ഒഴികെയാണിത്.
സംസ്ഥാനത്തിനകത്തെ യാത്രാ വാഹനങ്ങളുടെയും ബസ്സുകളുടെയും സഞ്ചാരം സംസ്ഥാനത്തിന് തീരുമാനിക്കാം.
റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ ഏതൊക്കെയാണെന്ന് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
റെഡ്, ഓറഞ്ച് സോണുകളിലെ കണ്‍ടൈന്‍മെന്റ്, ബഫര്‍ സോണുകള്‍ എന്നിവ തീരുമാനിക്കുക ജില്ലാ അധികാരികളാണ്.
കണ്‍ടൈന്‍മെന്‍റ് സോണുകളില്‍ അവശ്യ സര്‍വിസുകള്‍ക്ക് മാത്രം അനുമതി. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും അവശ്യ സേവനങ്ങള്‍ക്കും ഒഴികെ കണ്‍ടൈന്‍മെന്റ് സോണിന്‍റെ പരിധിവിട്ട് ആരെയും പുറത്തേക്കോ അകത്തേക്കാ പ്രവേശിപ്പിക്കരുത്.
കണ്‍ടൈന്‍മെന്‍റ് സോണുകളില്‍ കോണ്‍ടാക്റ്റ് ട്രേസിങ്, വീടുവീടാന്തരമുള്ള നിരീക്ഷണം എന്നിവ കാര്യക്ഷമമായി നടത്തണം.
സംസ്ഥാനങ്ങള്‍ക്ക് അതത് സോണുകളിലെ സ്ഥിതി വിലയിരുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
ആരോഗ്യ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്കും ആംബുലന്‍സിനും സംസ്ഥാനത്തിനകത്തും പുറത്തും നിയന്ത്രണങ്ങളില്ലാതെ സഞ്ചരിക്കാന്‍ അനുവാദം.
ചരക്ക് വണ്ടികള്‍ക്ക് പൂര്‍ണ്ണ സഞ്ചാര സ്വതന്ത്ര്യം അനുവദിക്കണം.
ആരോഗ്യ സേതു ആപ്പ് ഓഫിസുകളിലെ പരാമധി ജീവനക്കാരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം. പൊതുജനങ്ങളും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം.

Related News