Loading ...

Home Business

ഇന്ധനവിലയില്‍ കുറവു വരുത്താതെ എണ്ണക്കമ്പനികള്‍, ആഗോള വിലക്കുറവിന്റെ നേട്ടമെടുക്കാനാകാതെ ഉപഭോക്താക്കള്‍

ലോക്ഡൗണില്‍ ഇന്ധനവിലയില്‍ കുറവു വരുത്താതെ എണ്ണക്കമ്ബനികള്‍. കഴിഞ്ഞ മാര്‍ച്ച്‌ 15 നു ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. അസംസ്കൃത എണ്ണവില ഇതിനിടെ ബാരലിന് 20 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും വിലക്കുറവിന്റെ നേട്ടമൊന്നും എണ്ണക്കമ്ബനികള്‍ ജനങ്ങള്‍ക്കു നല്‍കുന്നില്ല. കൊച്ചി നഗരത്തില്‍ പെട്രോളിന് 71.51 രൂപയാണു വില. ഡീസലിന് ലീറ്ററിന് 65.80 രൂപ. മാര്‍ച്ച്‌ 14 നു ശേഷം അസംസ്കൃത എണ്ണവിലയിലുണ്ടായ ഇടിവ് 40 മുതല്‍ 50% വരെയാണ്. ദിവസേന ഇന്ധനവില നിശ്ചയിക്കുന്ന രീതി പ്രാബല്യത്തിലായ ശേഷം ആദ്യമായാണ് ഇത്രയും ദിവസം വില മാറാതിരിക്കുന്നത്. ഇതിനു മുന്‍പ് തിരഞ്ഞെടുപ്പുകളോട് അനുബന്ധിച്ചാണ് ഇത്തരത്തില്‍ എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നിട്ടുള്ളത്.എണ്ണവില താഴ്ന്നതു പകുതിയോളംമാര്‍ച്ച്‌ 14ന് അസംസ്കൃത എണ്ണ വില ബാരലിന് 35 ഡോളര്‍. ഏപ്രില്‍ പകുതിക്കുശേഷം വില കുത്തനെ ഇടിഞ്ഞു. വ്യാപാരത്തിനിടെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 15.98 ഡോളര്‍ വരെ എത്തി. ഇപ്പോള്‍ വില 30 ഡോളര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 2014 ല്‍ അസംസ്കൃത എണ്ണവില 109 ഡോളറായിരുന്നപ്പോള്‍ കേരളത്തിലെ പെട്രോള്‍വില ലീറ്ററിന് 73 രൂപയായിരുന്നു. ജനുവരിയില്‍ വില 64 ഡോളറായപ്പോള്‍ പെട്രോളിന് 77 രൂപ. മാര്‍ച്ചില്‍ ഇന്ധനത്തിന്റെ അഡീഷനല്‍ എക്സൈസ് നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കിലും വില ഉയര്‍ന്നിരുന്നില്ല. അസംസ്കൃത എണ്ണവിലക്കുറവ് അധിക നികുതിയില്‍ ക്രമീകരിക്കുമെന്നാണ് അന്ന് കേന്ദ്രം വ്യക്തമാക്കിയത്. എന്നാല്‍ അതിനുശേഷമാണ് അസംസ്കൃത എണ്ണവില 50% ഇടിഞ്ഞത്.ഇതിനിടെ വിമാനഇന്ധന വില 11.76% കുറച്ചു. പെട്രോളിനെക്കാള്‍ കുറവായിരുന്ന വില ഇതോടെ സബ്സിഡിയില്ലാത്ത മണ്ണെണ്ണയുടെ വിലയിലും താഴെയെത്തി. ഒരു കിലോലീറ്റര്‍ വിമാന ഇന്ധനത്തിന് 6,687 രൂപയുടെ കുറവാണ് മാര്‍ച്ച്‌ അവസാനം വരുത്തിയത്.

Related News