Loading ...

Home National

കോവിഡ് ബാധിത രാജ്യങ്ങളില്‍ ഇന്ത്യ 12ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: കോവിഡ് മാരകമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 12ാം സ്ഥാനത്തെത്തി. കോവിഡ് ബാധിതരുടെ എണ്ണം 70,000 കടന്നതോടെയാണ് ഇന്ത്യ കാനഡയേയും പിന്നിലാക്കി 12ാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 74,281ഉം കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 2415മാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഇപ്പോള്‍ കാനഡയില്‍ 69,156 രോഗികളാണുള്ളത്. രോഗബാധിതരുടെ നിരക്കില്‍ ഇന്ത്യ ഇപ്പോള്‍ ചൈനക്ക് തൊട്ടുപിന്നാലാണ്. 1.2 ദശലക്ഷം രോഗബാധിതരും 78,000 മരണവുമായി അമേരിക്ക തന്നെയാണ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. സ്പെയിന്‍, റഷ്യ, യു.കെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി, ഇറാന്‍, ചൈന എന്നിവയാണ് ഈ പട്ടികയില്‍ ഇന്ത്യക്ക് മുകളിലുള്ള രാജ്യങ്ങള്‍.24 മണിക്കൂറിനുള്ളില്‍ 3,604 കേസുകളും 87 മരണങ്ങളും എന്ന നിലയിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. ചൊവ്വാഴ്ച മാത്രം 13 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ട് 24 മണിക്കൂറിനിടെ രാജ്യത്തെ ഏറ്റവും അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായി ഡല്‍ഹി മാറി.എന്നാല്‍ നേരത്തേ 10 ദിവസത്തിലൊരിക്കല്‍ കോവിഡ്ബാധ ഇരട്ടിച്ചിരുന്നത് ഇപ്പോള്‍ 12 ദിവസം എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്. മരണനിരക്ക് 3.2 ശതമാനമാണ്. രോഗമുക്തരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. 347 സര്‍ക്കാര്‍ ലാബുകളിലും 137 സ്വകാര്യ ലാബുകളിലുമായി ദിനം തോറും ഒരു ലക്ഷം പേര്‍ക്ക് കോവിഡ് പരിശോധിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News