Loading ...

Home health

വഴിതെറ്റുന്ന ചികിത്സകള്‍ by ഡോ. കെ.എസ് പ്രഭാവതി

ഒരുക്ഷേത്രത്തിന് മുന്നില്‍വെച്ചാണ് പരിചയക്കാരിയുടെ മകളെ കണ്ടത്. എട്ടുവയസ്സുകാരിയായ കൊച്ചുസുന്ദരി. ഒരുകുശലം എന്ന നിലക്ക് വെറുതെചോദിച്ചു... അമ്പലത്തില്‍ വന്നിട്ട് എന്താണ് പ്രാര്‍ഥിച്ചതെന്ന്. അവളുടെ ഉത്തരംകേട്ടപ്പോള്‍ തെല്ല് വിഷമംതോന്നി. ‘അച്ഛനും അമ്മയും വഴക്കുകൂടരുതേ’ എന്നാണ് പ്രാര്‍ഥിച്ചതെന്നായിരുന്നു ആ നിഷ്കളങ്കയുടെ മറുപടി. പിന്നീടവളെ കണ്ടത് കുറേനാളുകള്‍ക്കുശേഷം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു. ശിശുരോഗവിഭാഗത്തില്‍ ചികിത്സതേടിയത്തെിയതായിരുന്നു അവര്‍. കാലിന്‍െറ ബലക്കുറവ് കാരണം നടക്കാന്‍ വയ്യാത്ത അവസ്ഥയില്‍ വീല്‍ചെയറിലിരിക്കുകയായിരുന്നു അവള്‍. അവരുടെ പക്കലുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍നിന്ന് കുഞ്ഞിനെ നിരവധി ഡോക്ടര്‍മാര്‍ പരിശോധിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. രക്തപരിശോധനയിലും സ്കാനിങ്, എക്സറെ റിപ്പോര്‍ട്ടുകളുമൊക്കെ ഒന്നോടിച്ചുനോക്കിയപ്പോള്‍ കാര്യമായ കുഴപ്പങ്ങളുള്ളതായി തോന്നിയതുമില്ല.

പ്രതീക്ഷിച്ചതുപോലത്തെന്നെ പീഡിയാട്രിക്സ് വിഭാഗം രോഗം ശാരീരികമല്ളെന്ന് വിലയിരുത്തി സൈക്യട്രി വിഭാഗത്തിലേക്ക് വിട്ടു. വിശദമായ പരിശോധനയില്‍ സൈക്കോസൊമാറ്റിക് രോഗങ്ങളെന്ന് പൊതുവെ വിളിക്കുന്ന ഡിസോസിയേറ്റീവ്, കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍  (Dissociative-Conversion disorder) എന്ന വിഭാഗത്തില്‍പെട്ട ഒരുമാനസിക പ്രശ്നമായിരുന്നു കുഞ്ഞിന്‍െറ കാലുകള്‍ക്ക് ബലക്കുറവ് സൃഷ്ടിക്കുന്നതെന്ന് കണ്ടത്തൊന്‍ കഴിഞ്ഞു. ഒരു കുഞ്ഞുമനസ്സിന് താങ്ങാനാവുന്നതിലേറെയുണ്ടായ സംഘര്‍ഷങ്ങളായിരുന്നു രോഗകാരണം.സുഹൃത്തുമായും അവരുടെ ഭര്‍ത്താവുമായും ഒറ്റക്കും ഒരുമിച്ചിരുത്തിയും നടത്തിയ സംഭാഷണങ്ങളില്‍നിന്ന് പരസ്പരം വഴക്കും സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യമായിരുന്നു അവരുടേതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കുറ്റപ്പെടുത്തലുകള്‍കൊണ്ടും ദീര്‍ഘനാള്‍ നീളുന്ന പിണക്കങ്ങള്‍കൊണ്ടും സംഘര്‍ഷഭരിതമായിരുന്നു അവരുടെ ജീവിതം. കുഞ്ഞിനോടുള്ള സ്നേഹംകൊണ്ട് മാത്രമായിരുന്നു അവര്‍ ഒരുമിച്ച് ജീവിച്ചിരുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ആകുഞ്ഞ് മനസ്സില്‍ സൃഷ്ടിച്ച തുടര്‍ച്ചയായ ആഘാതങ്ങളായിരുന്നു ക്രമേണ രോഗത്തിലേക്ക് വഴിമാറിയത്.


ലാബ് പരിശോധനകളിലും സ്കാനിങ്, എക്സ്റെ പോലുള്ള ടെസ്റ്റുകളിലും പ്രത്യേകിച്ച് കുഴപ്പങ്ങള്‍ ഒന്നും കാണാന്‍ കഴിയാതിരിക്കുകയും ശാരീരികരോഗങ്ങളുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നതാണ് ഇത്തരം രോഗങ്ങള്‍. വിവിധ അവയവങ്ങളെ ബാധിക്കുന്ന അസുഖങ്ങളുടെ ലക്ഷണങ്ങളാണ് ഇത്തരം കേസുകളില്‍ കാണാനാവുക.
കണ്ണ് കാണാതാവുക, സംസാരശേഷിനഷ്ടമാവുക, അപസ്മാരം പോലെ വിറയല്‍ ഉണ്ടാവുക എന്നീ ലക്ഷണങ്ങളും ഇത്തരത്തില്‍ പ്രകടമാകാറുണ്ട്. ഇഷ്ടമില്ലാത്ത അനുഭവങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍  മനസ്സ് അവയില്‍നിന്ന് രക്ഷനേടാന്‍ അബോധതലത്തില്‍ കണ്ടത്തെുന്ന ഒരു മാര്‍ഗമാണ് à´ˆ രോഗങ്ങള്‍. പൊതുവെ ഇത്തരം രോഗങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് കുട്ടികളിലും കൗമാരക്കാരും യുവതികളുമായ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്.  സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലും ഇത്തരം പ്രശ്നങ്ങള്‍ കൂടുതലാണ്.നമ്മുടെ സമൂഹം വേണ്ടത്ര ചര്‍ച്ചചെയ്യുകയോ മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ഒരു മേഖലയാണിത്. മനുഷ്യശരീരത്തിലുണ്ടാകുന്ന മിക്കരോഗങ്ങള്‍ക്കും ശാരീരികവും മാനസികവുമായ മാനങ്ങളുണ്ട്. ഇതില്‍ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ശാരീരികരോഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സയാണ് അധികവും നടക്കുന്നത്. ശരീരത്തിന് സംഭവിക്കുന്ന അസ്വസ്ഥതകളില്‍ മനസ്സിനുള്ള പങ്കിനെ ക്കുറിച്ച് വിദ്യാസമ്പന്നര്‍ക്കുപോലും അറിവില്ല. ഇതേകുറിച്ച് അറിയേണ്ടവരാകട്ടെ അറിഞ്ഞോ അറിയാതെയോ ഇത്തരം സാധ്യതകളെ അവഗണിക്കുന്നു. ഫലമോ..?  ശാരീരിക പരിശോധനയിലും ലബോറട്ടറി പരിശോധനയിലും  അസുഖമൊന്നുമില്ളെന്ന് ബോധ്യമായാലും രോഗി ഉടന്‍തന്നെ  രോഗശമനത്തിനായി മറ്റൊരു ഡോക്ടറെ തേടിപ്പോകുന്നു. മുന്തിയ ആശുപത്രികളില്‍ ചികിത്സതേടിയിട്ടും മരുന്നുകള്‍ കഴിച്ച് മടുത്തിട്ടും രോഗം മാറാത്തതെന്തെന്ന് രോഗിയും വീട്ടുകാരും ആശങ്കയിലാവുന്നു.


മനോജന്യശാരീരിക രോഗങ്ങള്‍ എന്ന വിഭാഗത്തില്‍പെടുന്ന പ്രശ്നങ്ങള്‍ സമീപകാലത്തായി വര്‍ധിച്ചു വരുന്നതായാണ് കണ്ടുവരുന്നത്. പ്രത്യേകിച്ച് ചെറുപ്രായക്കാരില്‍. അണുകുടുംബങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ദാമ്പത്യകലഹങ്ങളും വിവാഹ മോചനങ്ങളും കോടതികയറുന്ന തര്‍ക്കങ്ങളും ഏറ്റവുംകൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയാണ്. കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തില്‍ വീട്ടിലെ സ്നേഹാന്തരീക്ഷം നഷ്ടമാവുകയും കലഹങ്ങള്‍ക്കും വേര്‍പിരിയലുകള്‍ക്കും സാക്ഷിയാവുകയും ചെയ്യുന്ന കുട്ടികളുടെ മനസ്സ് സംഘര്‍ഷഭരിതമാകുന്നു. പകരം സ്നേഹം പകര്‍ന്നുനല്‍കാനോ അവരെ സമാധാനിപ്പിക്കാനോ മുത്തശ്ശിയോ മുത്തച്ഛനോ ഇല്ലാതാവുന്നതും പ്രശ്നം കൂടുതല്‍ വഷളാക്കുന്നു.
തങ്ങളുടെ മനസ്സിലെ വേദനകളും ആശങ്കകളും പങ്കുവെക്കാന്‍ കഴിയാതെയാവുന്നതോടെ കുട്ടികളുടെ ബാല്യം ദുരിതമയമാകുന്നു. à´ˆ കുറിപ്പിന്‍െറ തുടക്കത്തില്‍ സൂചിപ്പിച്ച സംഭവത്തിലെ കുഞ്ഞിനുള്ള യഥാര്‍ഥ ചികിത്സ മരുന്നുകളല്ല.  കൗണ്‍സലിങ്ങും. മറിച്ച് വീട്ടിലെ സ്നേഹാന്തരീക്ഷം വീണ്ടെടുക്കുക എന്നതാണ്. à´ˆ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ പക്ഷെ, നമ്മുടെ സമൂഹം ഒരിക്കലും തയാറാവുന്നില്ല.മരുന്നിനും ചികിത്സക്കും എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്ത മാതാപിതാക്കള്‍ പക്ഷെ, രോഗകാരണമായ തങ്ങളുടെ തെറ്റുകള്‍ തിരിച്ചറിയാനോ തിരുത്തുവാനോ തയാറാവുന്നില്ല. കുട്ടികളുടെ വ്യക്തിത്വവികാസം നടക്കേണ്ട പ്രായത്തില്‍ ഇത്തരം സ്നേഹശൂന്യവും സങ്കടം സൃഷ്ടിക്കുന്നതുമായ അനുഭവങ്ങള്‍ അവരെ നേരത്തെ സൂചിപ്പിച്ച മനോജന്യ ശാരീരിക രോഗങ്ങളിലേക്കും വിഷാദ രോഗം പോലുള്ള ഗൗരവമുള്ള മാനസികപ്രശ്നങ്ങളിലേക്കും നയിക്കുമെന്നതിന് സംശയമില്ല.

പലരിലും കാണുന്ന മാനസിക പ്രശ്നങ്ങള്‍ക്ക്  അവര്‍ ചെറുപ്പത്തില്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ള ലൈംഗിക പീഡനങ്ങള്‍ക്കും അതുപോലുള്ള മറ്റ് ദുരന്താനുഭവങ്ങള്‍ക്കും പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.സാധാരണയായി ഇത്തരം അസുഖങ്ങള്‍ക്ക് പരിഹാരമായി നിര്‍ദേശിക്കുന്നത്  മന$ശാസ്ത്ര-ഒൗഷധ-പെരുമാറ്റചികിത്സയാണ്. രോഗാരംഭത്തില്‍തന്നെ ചികിത്സ തുടങ്ങാനായാല്‍ പെട്ടെന്നുതന്നെ ശരീരത്തിന്‍െറയും മനസ്സിന്‍െറയും ആരോഗ്യം വീണ്ടെടുക്കാനാവും.കുട്ടികള്‍ക്ക് രോഗംവരുമ്പോള്‍ ആദ്യം സമീപിക്കേണ്ടത് ശിശുരോഗ വിദഗ്ദരത്തെന്നെയാണ്. ചികിത്സയുടെ ഭാഗമായി നടത്തുന്ന ശാരീരിക വിശകലനങ്ങളില്‍  രോഗകാരണങ്ങള്‍ കണ്ടത്തൊന്‍ കഴിയാതിരിക്കുകയും  മരുന്നുപയോഗിച്ചുള്ള ചികിത്സകൊണ്ട് രോഗശമനം കിട്ടാതാവുകയും ചെയ്യുമ്പോള്‍ നിര്‍ബന്ധമായും രോഗത്തിന് പിന്നില്‍ മാനസിക കാരണങ്ങളുണ്ടോ എന്ന് അന്വേഷിക്കാനായി ഒരു വിദഗ്ദനായ മനോരോഗ ചികിത്സകന്‍െറ അടുത്തേക്ക് റഫര്‍ ചെയ്യുകയാണ് വേണ്ടത്.(ലേഖിക കോഴിക്കോട് മെഡിക്കൽ കോളജ് മനോരോഗ വിഭാഗം മേധാവിയാണ്. )

Related News