Loading ...

Home International

ദുബൈ വിമാനാപകടം: കാറ്റിന്‍െറ പെട്ടെന്നുള്ള ഗതിമാറ്റം മൂലമെന്ന് റിപോര്‍ട്ട് by അന്‍വറുല്‍ ഹഖ്

ദുബൈ: ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തിലുണ്ടായ എമിറേറ്റ്സ് വിമാനാപകടത്തെക്കുറിച്ച് അന്വേഷിച്ച യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. വിമാനം റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ കാറ്റിന്‍െറ പെട്ടെന്നുള്ള ഗതിമാറ്റം ഉണ്ടായതായും അവസാന നിമിഷം പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അപകടത്തിന്‍െറ യഥാര്‍ഥ കാരണം എന്താണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ മാത്രമേ ഇത് വെളിപ്പെടുത്തൂ. അവസാന റിപ്പോര്‍ട്ട് പുറത്തുവരാന്‍ മൂന്നു മുതല്‍ അഞ്ചു മാസം വരെ സമയമെടുക്കുമെന്ന് അതോറിറ്റി നേരത്തേ അറിയിച്ചിരുന്നു. എമിറേറ്റ്സിന്‍െറ 31 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ അപകടമാണിത്. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് ഇ.കെ 521 വിമാനത്തിനാണ് ആഗസ്റ്റ് മൂന്നിന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്.

വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പെടെ 282 യാത്രക്കാരും 18 ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിമാനത്തിന്‍െറ തീയണക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ യു.എ.ഇ സ്വദേശിയായ അഗ്നിശമന സേനാ ഉദ്യോഗസ്ഥന്‍ ജാസിം ഈസ അല്‍ ബലൂഷി മരിച്ചിരുന്നു. അപകടദിവസം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് രാവിലെ 11.35ന് യു.എ.ഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊടിക്കാറ്റുമൂലം ദൂരക്കാഴ്ച നാലു കിലോമീറ്ററായി കുറഞ്ഞിരുന്നു.
12.31ന് ദുബൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കോഓഡിനേറ്ററെ വിളിച്ച എയര്‍ ട്രാഫിക് വാച്ച് മാനേജര്‍ അസാധാരണമായ കാറ്റിനെക്കുറിച്ച വിവരം കൈമാറുകയും ചെയ്തു.

രണ്ടു വിമാനങ്ങള്‍ ഇതേതുടര്‍ന്ന് ലാന്‍ഡിങ് ശ്രമം ഒഴിവാക്കി. 12.37നാണ് അപകടത്തില്‍പെട്ട ബോയിങ് 777-31എച്ച് വിമാനം ലാന്‍ഡിങ് ശ്രമം നടത്തിയത്. ആദ്യം വലതുവശത്തെ പ്രധാന ലാന്‍ഡിങ് ഗിയറും മൂന്നു സെക്കന്‍ഡിനുശേഷം ഇടതുവശത്തെ ലാന്‍ഡിങ് ഗിയറും നിലത്തുകുത്തി. മുന്‍വശത്തെ ലാന്‍ഡിങ് ഗിയര്‍ അപ്പോഴും ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. പൊടുന്നനെ കാറ്റിന്‍െറ ഗതി മാറി. അപകടം മണത്ത പൈലറ്റ് പിറകുവശത്തെ ലാന്‍ഡിങ് ഗിയറുകള്‍ മടക്കി ഉയര്‍ന്നുപൊങ്ങാന്‍ ശ്രമിച്ചു. 1219 മീറ്ററിലേക്ക് ഉയരാനായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് പൈലറ്റിന് ലഭിച്ച സന്ദേശം. എന്നാല്‍, 26 മീറ്റര്‍ ഉയര്‍ന്നപ്പോഴേക്കും വിമാനം താഴേക്ക് വരാന്‍ തുടങ്ങി. തുടര്‍ന്ന് റണ്‍വേയില്‍ ഇടിച്ചിറങ്ങിയ വിമാനം 800 മീറ്റര്‍ നിരങ്ങിനീങ്ങി. ഇതിനിടെ, രണ്ടാം നമ്പര്‍ എന്‍ജിന്‍ വലതുവശത്തെ ചിറകില്‍നിന്ന് വേര്‍പെട്ടുപോകുകയും ഈ ഭാഗത്ത് തീപിടിക്കുകയും ചെയ്തു. ഉടന്‍ തന്നെ ഒന്നാം നമ്പര്‍ എന്‍ജിന്‍െറ ഭാഗത്തും തീപിടിത്തമുണ്ടായി. ഒരു മിനിറ്റിനകം അഗ്നിശമന വാഹനം സ്ഥലത്തത്തെി തീയണക്കാന്‍ ശ്രമംതുടങ്ങി. യാത്രക്കാരെ എമര്‍ജന്‍സി എക്സിറ്റിലൂടെ രക്ഷപ്പെടുത്തി.

Related News