Loading ...

Home health

കോവിഡ് 19: കരള്‍ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോക്ക്ഡൗണില്‍ അറുപതിനു മുകളില്‍ പ്രായമുള്ളവരും ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കു ചികിത്സയിലുള്ളവരും അതീവശ്രദ്ധ പുലര്‍ത്തണം എന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍, കരള്‍ രോഗികളും ആശങ്കയിലാണ്. കോവിഡ് കാലത്ത് കരള്‍ രോഗികള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നറിയാം.

1. സാധാരണ ജനങ്ങള്‍ എടുക്കുന്ന മുന്‍കരുതലില്‍ കൂടുതല്‍ കരള്‍ രോഗികള്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?



സാധാരണ ജനങ്ങള്‍ എടുക്കുന്ന മുന്‍കരുതലുകള്‍ മാത്രം എടുത്താല്‍ മതി. ഉദാഹരണം- കഴിയുന്നതും വീട്ടില്‍ ഇരിക്കുക. അത്യാവശ്യത്തിനു മാത്രം പുറത്തുപോവുക. സാമൂഹിക അകലം പാലിക്കുക. ഹസ്തദാനം ഒഴിവാക്കുക. കൈ കൊണ്ട് മൂക്ക്, കണ്ണ്, വായ എന്നിവ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക. കൈകള്‍ ഇടയ്ക്കിടെ സോപ്പുകൊണ്ട് 20 സെക്കന്‍ഡ് എടുത്ത് കഴുകി വൃത്തിയാക്കുക.

2. കരള്‍ രോഗിക്ക് മറ്റുള്ളവരേക്കാള്‍ കോവിഡ് 19 വരാന്‍ സാധ്യതയുണ്ടോ?

മറ്റുള്ളവരെ അപേക്ഷിച്ച്‌ കരള്‍ രോഗികള്‍ക്ക് രോഗപ്രതിരോധ ശക്തി കുറവാണ്. അതുകൊണ്ടുതന്നെ കോവിഡ് 19 പോലുള്ള വൈറല്‍ പനികള്‍ പകര്‍ന്നുകിട്ടാന്‍ സാധ്യത കൂടുതലാണ്. അതുപോലെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പുതിയ കരളിനെ ശരീരം പുറംതള്ളാതിരിക്കാന്‍ ഈ രോഗികള്‍ ശരീരത്തിന്റെ പ്രതിരോധശക്തി കുറയ്ക്കുന്ന മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നതുകൊണ്ടാണിത്.

3. കരള്‍ രോഗികള്‍ക്ക് കോവിഡ് 19 പിടിപെട്ടാല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണോ?

അതേ. നേരത്തെ പറഞ്ഞപോലെ കരള്‍ രോഗികള്‍ സ്വതവേ പ്രതിരോധശക്തി കുറഞ്ഞവരാണ്. സ്വാഭാവികമായും വൈറസ് വ്യാപനവും ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന വേഗതയും കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ, സങ്കീര്‍ണതകളും മരണസാധ്യതയും ഇക്കൂട്ടരില്‍ കൂടുതലായിരിക്കും. അതുകൊണ്ട് വളരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

4. സിറോസിസ് പോലുള്ള കരള്‍ രോഗമുള്ളവര്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുന്നവരാണ്. ഈ കോവിഡ് 19 കാലഘട്ടത്തില്‍ ഈ വിസിറ്റുകള്‍ ആവശ്യമുണ്ടോ?

റഗുലര്‍ വിസിറ്റും ഫോളോ അപ്പും ആവശ്യമില്ല. മിക്ക മരുന്നുകളും ദീര്‍ഘനാള്‍ കഴിക്കാനുള്ളതാണ്. പ്രത്യേകിച്ച്‌ ആരോഗ്യ പ്രശ്നങ്ങളില്ലെങ്കില്‍ വീട്ടില്‍ തന്നെ കഴിയുക. ഓണ്‍ലൈന്‍ വഴി മരുന്നുകള്‍ ലഭ്യമാക്കുക. അതുപോലെ ഡോക്ടറുമായി ബന്ധപ്പെടാന്‍ ടെലി മെഡിസിന്‍, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നിവ പ്രയോജനപ്പെടുത്താം.

4. ഏതൊക്കെ അടിയന്തര ഘട്ടങ്ങളിലാണ് ആശുപത്രിയില്‍ വരേണ്ടത്?

രക്തം ഛര്‍ദ്ദിക്കുക, മലം കറുത്ത നിറത്തില്‍ പോവുക, വയറില്‍ നീരുകെട്ടല്‍ കൂടി ശ്വാസംമുട്ടല്‍ വരിക, പനിയും വിറയലും വരിക, ഓര്‍മ്മക്കുറവ്, മന്ദത, പെരുമാറ്റത്തില്‍ വ്യത്യാസം ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തേണ്ടതാണ്.

Related News