Loading ...

Home Kerala

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്നുമുതല്‍ ; ലഭിക്കുക സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകള്‍ വഴി

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഇന്നുമുതല്‍ വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബങ്ങള്‍ക്കാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കിറ്റുകള്‍ വിതരണം ചെയ്യുക. അടുത്ത ഘട്ടമായി സംസ്ഥാനത്തെ മറ്റ് എഎവൈ ( അന്ത്യോദയ അന്നയോജന) കാര്‍ഡുടമകള്‍ക്ക് റേഷന്‍കട വഴി കിറ്റ് വിതരണം ചെയ്യും. വിഷുവിന് മുമ്ബുതന്നെ 5.92 ലക്ഷം വരുന്ന മഞ്ഞകാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം. ഏപ്രില്‍ 15 മുതല്‍ സംസ്ഥാനത്തെ 31.51 ലക്ഷത്തോളം പിങ്ക് കാര്‍ഡുകാര്‍ക്ക് (ബിപിഎല്‍) കിറ്റുകള്‍ നല്‍കും. അതിനുശേഷം മാത്രമേ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റുകള്‍ റേഷന്‍ കടകളിലെത്തൂ.ഈ മാസം 30 ഓടെ നീല കാര്‍ഡുകാര്‍ക്ക് വരെ കിറ്റ് വിതരണം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വന്തം കാര്‍ഡുള്ള റേഷന്‍ കടകളില്‍ എത്തിയാല്‍ മാത്രമേ കിറ്റുകള്‍ കാര്‍ഡ് ഉടമകള്‍ക്ക് കൈപ്പറ്റാനാകൂ. റേഷന്‍ കടകളില്‍ കിറ്റുകള്‍ ക്രമീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പോര്‍ട്ടബിലിറ്റി സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിലെന്ന് അധികൃതര്‍ സൂചിപ്പിച്ചു. നേരത്തെ ആറരലക്ഷത്തോളം പേര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിലൂടെ സൗകര്യപ്രദമായ റേഷന്‍ കടകളില്‍ നിന്ന് റേഷന്‍ കൈപ്പറ്റിയിരുന്നു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പോര്‍ട്ടബിലിറ്റി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കണമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അടക്കം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related News