Loading ...

Home National

കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ പരിഹാരമായെന്ന് കേന്ദ്രസര്‍ക്കാര്‍ ; രോഗികളെ പ്രവേശിപ്പിക്കാന്‍ മാര്‍ഗരേഖ ; ഹര്‍ജി സുപ്രീംകോടതി തീര്‍പ്പാക്കി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കേരള - കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നിലപാടിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയില്‍ കേന്ദ്രം നിലപാട് അറിയിച്ചത്. പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയ്യാറാക്കിയെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഗണിച്ചത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരളത്തിലെയും കര്‍ണാടകയിലെയും ചീഫ് സെക്രട്ടറിമാരും വിഷയത്തില്‍ ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയെന്നാണ് തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചത്.അടിയന്തര ചികിത്സ വേണ്ടവര്‍ക്ക് കേരളത്തില്‍നിന്നു കര്‍ണാടകയിലെ ആശുപത്രികളിലേക്കു പോകുന്നതിനും അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്നതിനും തടസ്സമില്ലെന്നും പ്രോട്ടോക്കോള്‍ തയാറാക്കിയിട്ടുണ്ടെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍മേത്ത സുപ്രീം കോടതിയില്‍ ഹാജരായത്. കൊറോണ ബാധിതരല്ലാത്ത രോഗികള്‍ അവര്‍ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കില്‍ അതിര്‍ത്തി കടത്തിവിടാം എന്നാണ് ധാരണയെന്ന് തുഷാര്‍ മേത്ത അറിയിച്ചത്. കേരള, കര്‍ണാടക സര്‍ക്കാരുകളുടെ അഭിഭാഷകര്‍ ഈ വാദത്തെ എതിര്‍ത്തില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനാണ് അതിര്‍ത്തി അടച്ച വിഷയത്തില്‍ കര്‍ണാടകയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഇടപെടാന്‍ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നായിരുന്നു ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയത്. കോവിഡ് ബാധയില്ലാത്ത മറ്റ് അസുഖബാധിതരെ അതിര്‍ത്തി കടത്തിവിടാമെന്നു കര്‍ണാടക അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Related News